Connect with us

വിദേശ നിക്ഷേപം / ആരോഗ്യ രംഗം

കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററിലാകും

2023 ഒക്ടോബറിന് ശേഷം കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പത്തോളം വിദേശ കമ്പനികള്‍ നിക്ഷേപം നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ഏകദേശം 6,000 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തിയെന്നാണ് കണക്കുകള്‍. വന്‍കിട കോര്‍പറേറ്റുകളുടെ രംഗപ്രവേശം ആരോഗ്യ ചികിത്സാ മേഖലയെ ആരോഗ്യ ടൂറിസം മേഖലയായി മാറ്റുമെന്ന് നിരവധി പേര്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Published

|

Last Updated

സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയില്‍ ആഗോള കോര്‍പറേറ്റുകള്‍ പിടിമുറുക്കിയിരിക്കുകയാണ്. 2023 ഒക്ടോബറിന് ശേഷം കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പത്തോളം വിദേശ കമ്പനികള്‍ നിക്ഷേപം നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ഏകദേശം 6,000 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തിയെന്നാണ് കണക്കുകള്‍. വന്‍കിട കോര്‍പറേറ്റുകളുടെ രംഗപ്രവേശം ആരോഗ്യ ചികിത്സാ മേഖലയെ ആരോഗ്യ ടൂറിസം മേഖലയായി മാറ്റുമെന്ന് നിരവധി പേര്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായ കോള്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്‌സ് (കെ കെ ആര്‍) ആണ് കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയില്‍ നിക്ഷേപിച്ച പ്രധാന കമ്പനി. 2018 മുതലാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയില്‍ കെ കെ ആര്‍ നിക്ഷേപം ആരംഭിക്കുന്നത്. അക്കാലത്ത് തന്നെ മാക്‌സ് ഹെല്‍ത്ത് കെയറിന്റെ 27.5 ശതമാനം അവര്‍ സ്വന്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ കെ ആര്‍ വിവിധ രാജ്യങ്ങളിലെ സ്വകാര്യ മേഖലകളില്‍ കോടികള്‍ നിക്ഷേപിക്കുന്ന കമ്പനിയാണ്. കൂടുതല്‍ ഇടങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി വിദേശ കമ്പനികള്‍ ചെറുകിട ആശുപത്രികളെ വരെ സമീപിച്ചെന്നാണ് റിപോര്‍ട്ടുകള്‍. കേരളത്തിനു പുറമെ കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശ കമ്പനികള്‍ വ്യാപകമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കും ആയുര്‍ദൈര്‍ഘ്യ കണക്കുകളും കേരളത്തിലുണ്ട്. ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധമുള്ള പ്രായമായവരുള്ളതും ഗുണനിലവാരമുള്ള പരിചരണത്തെ വിലമതിക്കുന്ന ഒരു മധ്യവര്‍ഗമുള്ളതും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുനല്‍കുന്ന ചികിത്സാ സൗകര്യങ്ങളുള്ള കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ നിക്ഷേപിക്കുക വഴി കോടികളുടെ ലാഭം കൊയ്യാമെന്നാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം. സംസ്ഥാനത്തെ ജനങ്ങളുടെ ഉയര്‍ന്ന വരുമാനവും ചെറിയ രോഗങ്ങള്‍ക്ക് പോലും ആശുപത്രികളെ സമീപിക്കുന്ന മലയാളികളുടെ ആരോഗ്യ ബോധവുമാണ് നിക്ഷേപകരുടെ പ്രധാന ആകര്‍ഷണം.

ഗള്‍ഫ് വരുമാനവും പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയരോഗങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ കേരളത്തിലുണ്ടെന്നതും നിക്ഷേപകരെ വിളിച്ചു വരുത്തുന്നതാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കാതെ ആളുകള്‍ മെഡിക്കല്‍ സേവനങ്ങള്‍ ആവശ്യപ്പെടുന്നുവെന്നത് മറ്റൊരു കാരണമാണ്. പ്രൊമോട്ടര്‍ ഗ്രൂപ്പിനെ (ഉടമകളെ) നിലനിര്‍ത്തിക്കൊണ്ടുള്ള ബിസിനസ്സ് വളര്‍ച്ചയാണ് നിക്ഷേപക സ്ഥാപനങ്ങള്‍ ഇത്തരം ഇടപാടുകളിലൂടെ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെ പൂര്‍ണമായ ഏറ്റെടുക്കല്‍ നടത്താതെയും മാനേജ്‌മെന്റില്‍ മാറ്റം വരുത്താതെയും മുന്നോട്ട് പോകാനാണ് അവര്‍ ശ്രമിക്കുന്നത്.

വിദേശ നിക്ഷേപം ആശുപത്രികളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതുമാണ്. ആരോഗ്യ മേഖലയില്‍ മികച്ച സൗകര്യങ്ങളും സാങ്കേതിക വിദ്യയും കൊണ്ടുവരാന്‍ ഇത്തരം ഏറ്റെടുക്കലുകള്‍ വളരെയേറെ സഹായകരമാണെന്ന വശം കാണാതിരിക്കുന്നില്ല. പക്ഷേ, ശതകോടികള്‍ ഒഴുകുന്ന ഒരു മേഖലയായി ആരോഗ്യ രംഗം മാറുമ്പോള്‍ റവന്യൂ ടാര്‍ഗറ്റിനൊപ്പമെത്താന്‍ ഡോക്ടര്‍മാരും നിര്‍ബന്ധിതരാകും. ഇത്രയും വലിയ തുക ആരോഗ്യ രംഗത്ത് മുടക്കുന്ന വിദേശ കമ്പനികള്‍ ആ പണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണല്ലോ? ഇത് ദൂരവ്യപാകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. സ്വാഭാവികമായും ചികിത്സാ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധിതരാകുന്നതോടെ നിര്‍ദേശിക്കുന്ന ചെലവുകളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ രോഗികള്‍ക്ക് മറ്റ് മാര്‍ഗമില്ലാതാകും.

അതോടെ പാവപ്പെട്ടവര്‍ക്ക് ചികിത്സ അപ്രാപ്യമാകുകയും ചികിത്സ കച്ചവടം മാത്രമായി മാറുകയും പണമുള്ളവന്റെ മാത്രം അവകാശമായിത്തീരുകയും ചെയ്യും. ശക്തമായ പൊതുസംവിധാനത്തെയും ഊര്‍ജസ്വലമായ സ്വകാര്യ മേഖലയെയും സംയോജിപ്പിക്കുന്ന കേരളത്തിന്റെ ആരോഗ്യ സംരക്ഷണ രീതി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണ്. ഈ സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ കളമൊരുക്കുന്നതാണ് വിദേശ നിക്ഷേപങ്ങള്‍. നല്ല ശമ്പളം ലഭിക്കുന്ന ആശുപ്രതികളിലേക്ക് ഡോക്ടര്‍മാര്‍ ചേക്കേറുന്നത് സര്‍ക്കാര്‍ ആശുപത്രികളിലും ഗ്രാമങ്ങളിലും ആശങ്ക സൃഷ്ടിക്കും. വിദേശ നിക്ഷേപങ്ങള്‍ വന്നില്ലെങ്കില്‍ ആശുപത്രികള്‍ക്ക് വികസിക്കാനാകില്ലെന്ന സ്ഥിതി ഭാവിയിലുണ്ടാകുകയാണെങ്കില്‍ നാളെ കൂടുതല്‍ ആശുപത്രികള്‍ ഇത്തരത്തില്‍ വന്‍കിട നിക്ഷേപം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ, ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തുന്ന അമേരിക്കന്‍ മാതൃകയിലേക്ക് എത്തിക്കുമെന്ന് വരെ വിലയിരുത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം ആശുപത്രികളും കൈപിടിയിലൊതുക്കുന്നതോടെ സര്‍ക്കാറുകളെ സ്വാധീനിച്ച് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുകയും ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ ഇത് നയിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്ക് തന്നെ ചികിത്സക്ക് വേണ്ടി അപ്പോയിന്‍മെന്റ് ലഭിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരികയും ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്യുന്നതാണ് “അമേരിക്കന്‍ മാതൃക’. കൊവിഡ് കാലത്ത് അഞ്ച് കോടിയോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് ഇല്ലായിരുന്നെന്നും അതിനാല്‍ ചികിത്സ നിഷേധിക്കപ്പെട്ടതു കൊണ്ടാണ് ഇന്ത്യയേക്കാള്‍ പതിന്മടങ്ങ് ആളുകള്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നുമാണ് വിലയിരുത്തപ്പെടുത്തുന്നത്. ഏതായാലും സര്‍ക്കാറുകള്‍ ഈ കടന്നുകയറ്റങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ നമ്മുടെ ആരോഗ്യ രംഗത്തുണ്ടാകുന്ന വിന ചെറുതാകില്ല.

 

Latest