articles
ജെ എം എമ്മിനും ഇന്ത്യ മുന്നണി മതിയായി
സോറന്‍ എന്‍ ഡി എയുമായി സഖ്യത്തില്‍ ചേര്‍ന്നാല്‍ ജെ എം എമ്മിന്റെ 34ഉം ബി ജെ പിയുടെ 21ഉം മറ്റു പാര്‍ട്ടികളുടെ മൂന്നും ഉൾപ്പെടെ 58 പേരുടെ ഭൂരിപക്ഷമാകും. ജെ എം എം. ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ സംസ്ഥാനത്ത് രണ്ട് ദിവസം സന്ദര്‍ശനം നടത്തിയത് പുതിയ കൂട്ടുകെട്ടിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു.
ബി ജെ പിയെ നേരിടാന്‍ രൂപവത്കരിച്ച ഇന്ത്യ മുന്നണിയില്‍ നിന്ന് ഒരു പാര്‍ട്ടി കൂടി പിന്‍വാങ്ങുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊട്ടിഘോഷിച്ചു രൂപവത്കരിച്ച ഇന്ത്യ മുന്നണി നിലവിലുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി ചത്തതിനു തുല്യമാണ്.
ബി ജെ പിയെ നേരിടാന്‍ കൈകോര്‍ത്ത കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടി. കോണ്‍ഗ്രസ്സിന്റെ വല്യേട്ടന്‍ മനോഭാവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും സി പി ഐയും അതൃപ്തിയിലാണ്. ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് പങ്കിടാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാത്തത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു. അതിനിടയിലാണ് ഇന്ത്യ മുന്നണി രൂപവത്കരിക്കുന്നതില്‍ സജീവ പങ്കുവഹിച്ച ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) മുന്നണി വിടാന്‍ ഒരുങ്ങുന്നത്. ആര്‍ ജെ ഡിയുമായും കോണ്‍ഗ്രസ്സുമായും ഒത്തുപോകാനാകില്ലെന്ന നിലപാടിലാണ് ഹേമന്ത് സോറന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് മാന്യമായ പങ്കു നല്‍കിയ പാര്‍ട്ടിയാണ് ജെ എം എം. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സും ആര്‍ ജെ ഡിയും അംഗങ്ങളാണ്. കോണ്‍ഗ്രസ്സിലെ നാല് പേരും ആര്‍ ജെ ഡിയില്‍ നിന്ന് ഒരാളും ഝാര്‍ഖണ്ഡ് സര്‍ക്കാറില്‍ മന്ത്രിമാരാണ്. സംസ്ഥാനത്തെ രാഷ്ട്രീയ അസ്വാരസ്യത്തിനിടയില്‍ ഹേമന്ത് സോറന്റെ പാര്‍ട്ടി ബി ജെ പിയുമായി അടുക്കുകയാണെന്ന വാര്‍ത്ത പ്രചരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടിയുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം നടന്നത് 2023 ജൂണ്‍ 23 ന് ബിഹാറിലെ പാറ്റ്നയിലായിരുന്നു. അന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസ്സ്, ജെ ഡി യു, ആര്‍ ജെ ഡി, സമാജ് വാദി പാര്‍ട്ടി, എൻ സി പി, ഇടതു പാര്‍ട്ടികള്‍ തുടങ്ങി 16 പാര്‍ട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നണിയില്‍ ചേരുകയുണ്ടായി. ബെംഗളൂരുവില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗത്തില്‍ 26 പാര്‍ട്ടികള്‍ പങ്കെടുത്തു. എന്നാല്‍ മുന്നണി രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ മുന്നണിയില്‍ നിന്ന് ആദ്യം പടിയിറങ്ങി. മാത്രമല്ല ബി ജെ പി മുന്നണിയില്‍ ചേരുകയും ചെയ്തു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റുമായ കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്ന സമ്മാനിച്ചതും നിതീഷ് കുമാറിന്റെ മനം മാറ്റത്തിന് കാരണമായി. ബിഹാര്‍ ജനതയുടെ ഉള്ളം കവര്‍ന്ന നേതാവായിരുന്നു കര്‍പ്പൂരി ഠാക്കൂര്‍.
തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ഇന്ത്യ മുന്നണി വിട്ടു. കോണ്‍ഗ്രസ്സിന്റെ വല്യേട്ടന്‍ മനോഭാവമാണ് ആം ആദ്മി പാര്‍ട്ടിയെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചതെങ്കില്‍ രാഷ്ട്രീയ ലോക്ദളിനെ പാട്ടിലാക്കിയത് ഭാരത് രത്ന കാട്ടിയായിരുന്നു. മുത്തച്ഛനും ഉപപ്രധാനമന്ത്രിയുമായിരുന്ന പരേതനായ ചരണ്‍ സിംഗിന് ഭാരത രത്ന അവാര്‍ഡ് പ്രഖ്യാപിച്ചത് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജയ് ചൗധരിയുടെ മനസ്സ് മാറ്റി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജയ് ചൗധരി ബി ജെ പിയോടൊപ്പം ചേര്‍ന്നു. ഹേമന്ത് സോറനെയും ബി ജെ പി ഭാരത രത്ന കാട്ടി മാടിവിളിക്കുകയാണ്. ഹേമന്ത് സോറന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും ജെ എം എം സ്ഥാപക നേതാവുമായ ഷിബു സോറന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നല്‍കാന്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ആലോചിക്കുകയാണ്.
അയല്‍ സംസ്ഥാനമായ ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനേറ്റ പരാജയവും മഹാസഖ്യം ബിഹാറില്‍ ജെ എം എമ്മിന് സീറ്റ് നിഷേധിച്ചതും മുന്നണി വിടാന്‍ ഹേമന്ത് സോറനെ പ്രേരിപ്പിക്കുകയാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തോട് ജെ എം എം ഏഴ് സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ചകായ്, ധംധ, കറ്റോറിയ, പിര്‍പൈന്തി, മണിഹരി, ജാമുയി എന്നിവക്കൊപ്പം ഝാര്‍ഖണ്ഡ് അതിര്‍ത്തി ജില്ലയില്‍ നിന്ന് ഒരു സീറ്റുമാണ് ജെ എം എം ആവശ്യപ്പെട്ടത്. എന്നാല്‍ മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്ന ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും ജെ എം എമ്മിന്റെ ആവശ്യം അംഗീകരിച്ചില്ല. ജെ എം എമ്മിന് ഒരു സീറ്റ് പോലും നല്‍കാത്ത സാഹചര്യത്തില്‍ ആര്‍ ജെ ഡിയും കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മന്ത്രിമാരായ സുദിവ്യ കുമാറും വിനോദ് കുമാര്‍ പാണ്ഡെയും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും ഗാണ്ടി എം എല്‍ എയുമായ ഭാര്യ കല്‍പ്പന സോറനും കഴിഞ്ഞ ആഴ്ച ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇരുവരുടെയും ഡല്‍ഹി സന്ദര്‍ശനം ബി ജെ പിയുമായി അടുക്കാനാണെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇതേസമയത്ത് തന്നെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് ഗാങ്വാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതും കൂട്ടിച്ചേര്‍ത്ത് ഝാര്‍ഖണ്ഡില്‍ മുന്നണി മാറ്റം പ്രവചിക്കുകയാണ് മാധ്യമങ്ങള്‍.
ബി ജെ പിയും ജെ എം എമ്മും ഭരണം പങ്കിട്ട സന്ദര്‍ഭങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. 2009ലെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബി ജെ പിയും ജെ എം എമ്മും 18 സീറ്റുകള്‍ വീതം നേടി. കോണ്‍ഗ്രസ്സ് 14 ഇടങ്ങളിലും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച 11 ഇടങ്ങളിലും വിജയിച്ചു. ജെ എം എം നേതാവായ ഷിബു സോറന്‍ ബി ജെ പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപവത്കരിച്ചു. ആറ് മാസത്തിനു ശേഷം ബി ജെ പി പിന്തുണ പിന്‍വലിച്ചു. ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ബി ജെ പിയും ജെ എം എമ്മും വീണ്ടും ഒന്നിച്ചു. ബി ജെ പി നേതാവ് അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയായി. ജെ എം എമ്മിലെ ഹേമന്ത് സോറന്‍ ഉപമുഖ്യമന്ത്രിയായി. ജെ എം എം പിന്തുണ പിന്‍വലിച്ചതോടെ ആ സര്‍ക്കാര്‍ താഴെ വീണു.
ഝാര്‍ഖണ്ഡ് നിയമസഭയില്‍ 81 സീറ്റുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടി. നിലവിലെ കക്ഷിനില ഇന്ത്യ മുന്നണി- 56 (ജെ എം എം 34, കോണ്‍ഗ്രസ്സ് 16, ആര്‍ ജെ ഡി നാല്, സി പി എം എം എല്‍ രണ്ട്). എന്‍ ഡി എ -25 (ബി ജെ പി 21, ജെ ഡി യു ഒന്ന്, എല്‍ ജെ പി ആര്‍ ഒന്ന്, എ ജെ എസ് യു ഒന്ന്, ജെ കെ എല്‍ എം ഒന്ന്. കഴിഞ്ഞ ദിവസം ഘട്സിലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജെ എം എം സീറ്റ് നിലനിര്‍ത്തി. മുന്‍ വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാംദാസ് സോറന്റെ മകന്‍ സോമേശ് ചന്ദ്ര സോറന്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹേമന്ത് സോറനെ ഭൂമി തട്ടിപ്പ് കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത് ആറ് മാസം ജയിലിലടച്ചു. കോടതി ഇടപെടലിനെ തുടര്‍ന്ന് ഹേമന്ത്സോറന്‍ ജയില്‍ മോചിതനായി. ഇതേ കേസില്‍ ഹേമന്ത് സോറന്‍ അന്വേഷണം നേരിടുകയാണ്. ഇതിന്റെ പേരില്‍ ഹേമന്ത് സോറനെ എന്‍ ഡി എയുടെ ഭാഗമാക്കാമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നുണ്ടാകാം. പാര്‍ട്ടിയെ നയിക്കാന്‍ നല്ലൊരു നേതാവില്ല എന്നത് സംസ്ഥാനത്തെ ബി ജെ പി നേരിടുന്ന വെല്ലുവിളിയാണ്. ഭരണം ലഭിക്കുന്നതോടെ അത് പരിഹരിക്കപ്പെടുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ ജെ എം എമ്മുമായുള്ള സഹകരണം ബി ജെ പിക്ക് ഗുണം ചെയ്യും.
സോറന്‍ എന്‍ ഡി എയുമായി സഖ്യത്തില്‍ ചേര്‍ന്നാല്‍ ജെ എം എമ്മിന്റെ 34ഉം ബി ജെ പിയുടെ 21ഉം മറ്റു പാര്‍ട്ടികളുടെ മൂന്നും ഉൾപ്പെടെ 58 പേരുടെ ഭൂരിപക്ഷമാകും. ജെ എം എം. ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ സംസ്ഥാനത്ത് രണ്ട് ദിവസം സന്ദര്‍ശനം നടത്തിയത് പുതിയ കൂട്ടുകെട്ടിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. നഡ്ഡയുടേത് മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനമായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിലും ജില്ലകളിലെ ബൂത്തുതല പ്രവര്‍ത്തകരുടെ യോഗത്തിലും നഡ്ഡ പങ്കെടുക്കുകയുണ്ടായി.
അതിനിടെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദര്‍ശിക്കുകയുണ്ടായി. ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി ശക്തമായി തുടരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. ബി ജെ പിയുമായി ചേര്‍ന്ന് ഭരണം പങ്കിടുമെന്ന പ്രചാരണത്തെ ജെ എം എം നിഷേധിക്കുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ ബി ജെ പിയുടെ സൃഷ്ടിയാണെന്ന് ഗ്രാമവികസന മന്ത്രി ദീപിക പാണ്ഡെ സിംഗും മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയും പറഞ്ഞു. ബി ജെ പിയുമായി കൂട്ടുകെട്ട് ഉണ്ടാകുകയില്ലെങ്കിലും ഝാര്‍ഖണ്ഡില്‍ ഒരു രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കുന്നു. കാരണം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം സീറ്റ് നല്‍കാത്തതില്‍ ഹേമന്ത് സോറന്റെ അമര്‍ഷം വിട്ടുമാറിയിട്ടില്ല.


