articles
വലിയ മാറ്റത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന് സാധിച്ചു. വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹിക സുരക്ഷയുടെയും ഉള്‍പ്പെടെ എല്ലാ രംഗത്തും ഉയര്‍ന്ന നിലയിലെത്താന്‍ ഈ കാലയളവില്‍ കേരളത്തിന് കഴിഞ്ഞു.
കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന് സാധിച്ചു. വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹിക സുരക്ഷയുടെയും ഉള്‍പ്പെടെ എല്ലാ രംഗത്തും ഉയര്‍ന്ന നിലയിലെത്താന്‍ ഈ കാലയളവില്‍ കേരളത്തിന് കഴിഞ്ഞു. ഈ “കേരള മാതൃക’ ലോകശ്രദ്ധ ആകര്‍ഷിക്കുകയും നിരവധി അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്തു.
ആരോഗ്യ കേരളം
നമ്മുടെ നാടിന്റെ പുരോഗതിയെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പെടെ അംഗീകരിച്ച കണക്കുകളാണ് സംസാരിക്കുന്നത്. കേരളത്തിലെ ശിശുമരണ നിരക്ക് ഇന്ന് അഞ്ചായി കുറഞ്ഞിരിക്കുകയാണ്. ദേശീയ ശരാശരി 25 ആണ്. 2016ല്‍ 12 ആയിരുന്ന ശിശുമരണ നിരക്ക് 2018ഓടെ ഏഴിലേക്കും പിന്നീട് ആറിലേക്കും ഇപ്പോള്‍ അഞ്ചിലേക്കും താഴ്ത്തിക്കൊണ്ടുവരാന്‍ സാധിച്ചത് സര്‍ക്കാറിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകള്‍ കൊണ്ടാണ്. കൃത്യമായ വൈദ്യസഹായം ലഭിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലാണ് കേരളം. വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ കണക്ക് കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ നാലിലൊന്ന് കുറവാണ്. കേരളത്തില്‍ 80.70 ശതമാനം പേര്‍ക്ക് മരണപൂര്‍വ ചികിത്സ ലഭിക്കുമ്പോള്‍ ദേശീയ നിരക്ക് വെറും 48.70 ശതമാനം മാത്രമാണ്.
അതിദാരിദ്ര്യമില്ലാത്ത കേരളം
വികസനം എന്നാല്‍ വന്‍കിട നിര്‍മാണങ്ങള്‍ മാത്രമല്ല, പട്ടിണി കിടക്കുന്ന ഒരാള്‍ പോലും ഉണ്ടാകരുത് എന്ന നിര്‍ബന്ധം കൂടിയാണത്. നിതി ആയോഗിന്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നിതി ആയോഗിന്റെ റിപോര്‍ട്ട് പ്രകാരം 2022-23ല്‍ ഇന്ത്യയുടെ ദാരിദ്ര്യ സൂചിക 11.28 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് വെറും 0.55 ശതമാനം മാത്രമാണ്. 2021ലെ റിപോര്‍ട്ടില്‍ 0.71 ശതമാനമായിരുന്നതാണ് നാം വീണ്ടും കുറച്ച് കൊണ്ടുവന്നത്. പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ, ഇരുളടഞ്ഞ മൂലകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് സാധിച്ചു. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏറ്റവും പ്രധാന ശക്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
ജീവിത നിലവാരത്തിലെ ലോക മാതൃക
ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സില്‍ 95.34 സ്‌കോറോടെ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളേക്കാള്‍ ജീവിത നിലവാരത്തില്‍ മുന്നിലാണ്. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ 0.758 സ്‌കോറുമായി കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. ആഗോള ശരാശരിയായ 0.754 നേക്കാള്‍ മുകളിലാണ് നമ്മുടെ സ്ഥാനം എന്നത് നിസ്സാര കാര്യമല്ല.
അധികാര വികേന്ദ്രീകരണം
അധികാരം ജനങ്ങളുടെ കൈകളിലെത്തുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥവത്താകൂ എന്ന ആശയമാണ് കേരളത്തിലെ ഇടതുപക്ഷം എക്കാലവും ഉയര്‍ത്തിപ്പിടിച്ചത്. 1996ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കമിട്ട ജനകീയാസൂത്രണം ലോകത്തിനു തന്നെ മാതൃകയായിരുന്നു. 2011-12 മുതല്‍ 2015-16 വരെയുള്ള യു ഡി എഫ് ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ പദ്ധതി വിഹിതം 29,500 കോടി രൂപയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ വിഹിതം 52,648.39 കോടി രൂപയായി വര്‍ധിച്ചു. ഈ സര്‍ക്കാറിന്റെ കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 70,526.77 കോടി രൂപയായി വീണ്ടും ഉയര്‍ത്തി. ഫണ്ടില്ലാത്തതിനാല്‍ വികസനം മുടങ്ങുന്ന അവസ്ഥ കേരളത്തില്‍ ഇന്നില്ല.
അടിസ്ഥാന സൗകര്യ വികസനത്തിലെ സാങ്കേതിക വിപ്ലവം
ചരിത്രത്തിലാദ്യമായി കേരളത്തിലെ ഗ്രാമീണ റോഡുകള്‍ ഡിജിറ്റലൈസ് ചെയ്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. “ആര്‍ട്രാക്ക്’ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കെ എസ് ആര്‍ ഇ സിയുടെ സഹായത്തോടെ സംസ്ഥാനത്തെ 1,55,840 കിലോമീറ്റര്‍ റോഡുകളുടെ വിവരങ്ങള്‍ ജി ഐ എസ് സാങ്കേതികവിദ്യയിലൂടെ ശേഖരിച്ചു. ഏത് റോഡിന് എപ്പോള്‍ അറ്റകുറ്റപ്പണി വേണമെന്ന് ഇനി ഉദ്യോഗസ്ഥര്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഊഹിക്കേണ്ടിവരില്ല. കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഫണ്ട് വകയിരുത്താന്‍ ഇതുവഴി സാധിക്കുന്നു. റോഡുകള്‍ക്കായി മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 8,867.07 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചു.
ലൈഫ് മിഷന്‍
ഇതുവരെ 4,71,442 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷനിലൂടെ സാധിച്ചു. 2026 ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകള്‍ എന്ന ചരിത്രപരമായ ലക്ഷ്യം നാം കൈവരിക്കും. “മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിനിലൂടെ 26.14 ഏക്കര്‍ ഭൂമി സംഭാവനയായി ലഭിച്ചത് ഈ നാടിന്റെ നന്മയുടെ തെളിവാണ്.
കെ സ്മാര്‍ട്ട്: വിരല്‍ത്തുമ്പിലെ അഴിമതിരഹിത ഭരണം
കെ സ്മാര്‍ട്ട് ഇന്ത്യയിലെ തന്നെ ഭരണനിര്‍വഹണ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്. 2024 ജനുവരി ഒന്ന് മുതല്‍ നഗരസഭകളിലും തുടര്‍ന്ന് പഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചു. 84 ലക്ഷത്തിലധികം ഫയലുകള്‍ ഇതിനകം ഡിജിറ്റലായി കൈകാര്യം ചെയ്തു. അര്‍ധരാത്രിയിലും ഞായറാഴ്ചകളിലും വരെ ഫയലുകള്‍ തീര്‍പ്പാക്കുന്ന ഈ സംവിധാനം അഴിമതിക്കുള്ള എല്ലാ പഴുതുകളും അടച്ചു. കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടിവന്ന അവസ്ഥ മാറി. സ്വയം സാക്ഷ്യപ്പെടുത്തിയ പെര്‍മിറ്റുകള്‍ നിമിഷങ്ങള്‍ക്കകം ലഭ്യമാകുന്ന ഈ സംവിധാനം നവകേരളം മുന്നോട്ട് വെക്കുന്ന ഡിജിറ്റല്‍ ഗവേര്‍ണന്‍സ് മാതൃകയാണ്.
മാലിന്യമുക്തം, പരിസ്ഥിതി സൗഹൃദം
മാലിന്യ സംസ്‌കരണത്തില്‍ കേരളം പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ്. “മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി 2025 മാര്‍ച്ചോടെ കേരളത്തിലെ 1,027 തദ്ദേശ സ്ഥാപനങ്ങളും സമ്പൂര്‍ണ ഖരമാലിന്യമുക്തമായി മാറും. ബ്രഹ്മപുരം പോലുള്ള പഴയ മാലിന്യമലകള്‍ ശാസ്ത്രീയമായി നീക്കം ചെയ്ത് ബയോ-മൈനിംഗ് നടപ്പാക്കുന്നു എന്നത് ചെറിയ കാര്യമല്ല. 37,000ത്തിലധികം വരുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ ഇന്ന് നാടിന്റെ ശുചിത്വ കാവലാളുകളാണ്.
രാഷ്ട്രീയ വെല്ലുവിളികളും കേന്ദ്ര അവഗണനയും
ഇത്രയേറെ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും കേരളം കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കേരളത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങള്‍ വെട്ടിക്കുറച്ചും വായ്പാ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും ശ്വാസം മുട്ടിക്കുന്ന സമീപനമാണ് ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏകദേശം 57,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര സമീപനം മൂലം കേരളത്തിന് ഉണ്ടായത്. കിഫ്ബിയെ തകര്‍ക്കാന്‍ ഇ ഡിയെയും മറ്റ് ഏജന്‍സികളെയും ഉപയോഗിക്കുന്നത് നാടിന്റെ വികസനം തടസ്സപ്പെട്ടാലും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയാല്‍ മതി എന്ന ദുഷ്ടചിന്ത കൊണ്ടാണ്.
ഭാവിയിലേക്കുള്ള ചുവടുവെപ്പുകള്‍
അതിവേഗം നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2050ലെ കേരളത്തെ മുന്നില്‍ക്കണ്ട് രാജ്യത്താദ്യമായി ഒരു “നഗരനയ കമ്മീഷനെ’ നിയോഗിച്ചത് എല്‍ ഡി എഫ് സര്‍ക്കാറാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ മെട്രോപൊളിറ്റന്‍ നഗരങ്ങളായി വികസിപ്പിക്കാനും ഗ്രാമങ്ങളിലെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങള്‍ എത്തിക്കാനും വ്യക്തമായ പദ്ധതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാര്‍ഥ കോട്ടകളായി നിലനിര്‍ത്താനും നവകേരള നിര്‍മിതിക്ക് വേഗം കൂട്ടാനും നമുക്കാകണം.


