articles
ഇന്ത്യക്ക് വേണ്ടി ഗാന്ധിയെ വായിച്ചുകൊണ്ടിരിക്കണം
പുതുകാലത്ത് ഗാന്ധിയെ വായിക്കുക എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. സര്‍ക്കാര്‍തലങ്ങളില്‍ ഗാന്ധി എന്ന പേര് പോലും എടുത്തുമാറ്റപ്പെടുകയാണ്. ആ ജീവിതത്തെ ഈ കാലത്തോട് ബന്ധിപ്പിച്ച് വായിക്കുക എന്നത് ഒരുതരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത്തരം വായനയില്‍ ഏതൊരാള്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്, എന്തുകൊണ്ട് നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു കൊന്നു എന്നത്.
ഓരോ ജനുവരി മുപ്പതിനും ഇന്ത്യന്‍ ജനത മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ഓര്‍ത്തെടുക്കുന്നുണ്ട്. ജനാധിപത്യത്തിലും മതേതരത്വത്തിലും സമത്വ ഭാവനയിലും വിശ്വസിക്കുന്ന ഇന്ത്യക്കാരനെ സംബന്ധിച്ച് ഇതൊരിക്കലും ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടായി ഇന്ത്യന്‍ ഭൂപടത്തിലെ ചോരയൊലിക്കുന്ന ഓര്‍മ കൂടിയാണത്. ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ എല്ലാ കാലത്തും ഒരുപോലെ വായിച്ച് അവസാനിപ്പിക്കാന്‍ കഴിയില്ല. അതിന് ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. കാരണം, ഹിന്ദുത്വത്തിന്റെ പ്രഖ്യാപിത അജന്‍ഡകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഗാന്ധിവധം.
ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന സവര്‍ണാധികാര ഘടനക്കും അതില്‍ നിന്ന് രൂപപ്പെടുന്ന വംശീയ രാഷ്ട്ര നിര്‍മിതിക്കും അനിവാര്യമായ രാഷ്ട്രീയ പരിഹാരം കൂടിയായിരുന്നു ഗാന്ധിവധം. എന്നിട്ടും ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തെ ഏഴ് പതിറ്റാണ്ടോളം പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കഴിഞ്ഞു. 2014ന് ശേഷം അതിന്റെ രീതി മാറുകയാണ്. അതോടുകൂടി ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ വായനക്കും രാഷ്ട്രീയ വകഭേദം സംഭവിക്കുന്നു. അതുകൊണ്ടാണ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ പുതുകാലവായന ഏറെ പ്രസക്തമാകുന്നത്. അതാകട്ടെ രക്തസാക്ഷിത്വത്തിന്റെ ഹിന്ദുത്വ വായന കൂടിയാണ്.
ഗാന്ധി എന്തുകൊണ്ട് വധിക്കപ്പെട്ടു എന്നതിന് കൃത്യമായ രാഷ്ട്രീയ ഉത്തരമുണ്ടായിരുന്നു. അതാകട്ടെ കേവലം ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന വെറുപ്പിന്റെയോ ശത്രുതയുടെയോ ഭാഗമായിരുന്നില്ല. അതിനുമപ്പുറം ഗാന്ധി എന്ന ശരീരത്തേക്കാള്‍ ഗാന്ധിയന്‍ ആദര്‍ശവും മൂല്യബോധവും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തിന് എതിരായിരുന്നു. വളരെ മുമ്പ് തന്നെ ഈ തിരിച്ചറിവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ ഗൗരവത്തില്‍ മനസ്സിലാക്കിയിരുന്നു. വലിയൊരളവില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കവേ, അതിന് ഏറ്റവും വലിയ തടസ്സവും പ്രതിരോധവും ഗാന്ധിയായിരുന്നു.
മാത്രമല്ല, പാകിസ്താന്റെ പിറവിക്ക് ശേഷം ബാക്കിയായ ഇന്ത്യയെ സംബന്ധിച്ച് മറ്റൊരാലോചനക്ക് സാധ്യമല്ലാത്ത വിധം ഹൈന്ദവ രാഷ്ട്രം എന്നത് ഹിന്ദുത്വ ശക്തികളുടെയും ബ്രാഹ്മണിക്കല്‍ ചിന്താശാലയുടെയും ഭാഗമായിരുന്നു. അത് സാധ്യമാകാത്ത വിധം ഇന്ത്യന്‍ ബഹുസ്വരതയെയും നാനാത്വത്തെയും ഉള്‍ക്കൊണ്ട് ഗാന്ധി ഏകാത്മക മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുകയല്ല, അതിനൊരു സാധ്യത പോലും നല്‍കാത്ത വിധം സ്വതന്ത്ര ഇന്ത്യയുടെ മുന്നേറ്റം ജനാധിപത്യത്തിലൂടെയും മതേതര വഴിയിലൂടെയും ആയിരിക്കണമെന്ന് ഉറക്കെപ്പറയുകയും ചെയ്തിരുന്നു.
അത്തരത്തില്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ പൊതുബോധം പാകിസ്താന് ശേഷം മറ്റൊരു മതരാഷ്ട്രം എന്ന ഹിന്ദുത്വ പരികല്‍പ്പനയെ അടിത്തട്ടില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല, ഗാന്ധി ജീവിതത്തില്‍ ഉടനീളം വെച്ചുപുലര്‍ത്തിയ സമഭാവനയും അഹിംസാമൂല്യബോധവും ഹിന്ദുത്വത്തിന്റെ അക്രമോത്സുക വഴികളെ ചെറുതായല്ല തളര്‍ത്തിക്കളഞ്ഞത്. ഇത് ഹിന്ദുത്വ തീക്ഷ്ണതയെ വലിയ രീതിയില്‍ ബാധിച്ചു. മറുഭാഗത്ത് ഗാന്ധി ജനാധിപത്യ മൂല്യബോധത്തെ അടിത്തട്ടില്‍ നിന്ന് ശക്തിപ്പെടുത്തുന്നുണ്ട്. അതിനാവശ്യമായ ഹിന്ദു- മുസ്‌ലിം ഐക്യം ഗാന്ധിയുടെ സാമൂഹിക വ്യവഹാരങ്ങളില്‍ എപ്പോഴും ഒന്നാമതായിരുന്നു.
ഹിന്ദു- മുസ്‌ലിം ഐക്യത്തിനു വേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാണെന്നും അത് അനിവാര്യമാണെന്നും ഗാന്ധി നേരത്തേ തന്നെ തിരിച്ചറിയുന്നുണ്ട്. കെ അരവിന്ദാക്ഷന്‍ എഴുതിയ “ഗാന്ധിയുടെ ജീവിതദര്‍ശനം’ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. “ഹിന്ദു- മുസ്‌ലിം ഐക്യത്തെപ്പറ്റിയുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് പരിശോധിക്കാം. ഈ ഐക്യത്തിനു വേണ്ടിയായിരുന്നല്ലോ ഗാന്ധി ചോര ചിന്തിയത്. ഗാന്ധിക്ക് ഹിന്ദു- മുസ്‌ലിം ഐക്യം ഒരു നയത്തിന്റെ ഭാഗമായിരുന്നില്ല; അത് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഒന്നായിരുന്നു. വളരെ മുമ്പ്, ദക്ഷിണാഫ്രിക്കയില്‍ വെച്ചുതന്നെ, തന്നെ കാത്തിരിക്കുന്ന ഭാവിയെപ്പറ്റി ഗാന്ധിജിക്ക് ഉള്‍ക്കാഴ്ചയുണ്ടായിരുന്നതായി തോന്നുന്നു. തന്റെ രാജ്യത്തിലെ സഹോദരന്മാരുടെ കൈകളാല്‍ താന്‍ മരണപ്പെടുകയാണെങ്കില്‍ അതില്‍ സന്തോഷിക്കാന്‍ ഗാന്ധി മഖന്‍ലാല്‍ ഗാന്ധിക്കെഴുതുന്നുണ്ട്. അത് ഹിന്ദുക്കളെയും മുസല്‍മാന്മാരെയും ഒന്നിപ്പിക്കും. ആ സമരത്തില്‍ രണ്ട് തരത്തിലുള്ള ആന്തരിക സമരം തുടരുന്നുണ്ട്.
അതിലൊന്ന് ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിക്കുകയെന്നതാണ്. (ഇന്ത്യന്‍) സമുദായത്തിന്റെ ശത്രുക്കള്‍ നിരന്തരമായി ഇത്തരമൊരു ഐക്യശ്രമത്തിന് എതിര്‍ക്കുന്നുണ്ട്. ഇത്തരമൊരു മഹത്ശ്രമത്തില്‍ ആരെങ്കിലുമൊരാള്‍ അയാളുടെ ജീവിതം ബലിയര്‍പ്പിച്ചേ പറ്റൂ. ഹിന്ദുക്കളും മുസ്‌ലിംകളും ഗാന്ധിജിക്ക് തന്റെ രണ്ട് കണ്ണുകളായിരുന്നു. മതം ആന്തരികാനുഭവമായിട്ടുള്ള ഒരാള്‍ക്ക്, ആന്തരികാനുഭവം ദൈവികമായിട്ടുള്ള ഒരാള്‍ക്ക്, മതങ്ങള്‍ തമ്മിലുള്ള കലഹം നിരര്‍ഥകമാണ്. ഗാന്ധിക്ക് മതങ്ങളുടെ ഐക്യം, എല്ലാ മതങ്ങളുടെയും ദൈവത്തിലേക്കുള്ള സമന്വയമാണ്’ (പേജ് -107).
ഹിന്ദുത്വത്തെ സംബന്ധിച്ച് അതിന്റെ ഘടനാസ്വഭാവം സമ്പൂര്‍ണമായും വര്‍ണാശ്രമ ധര്‍മവുമായി കൂടിക്കലര്‍ന്നതാണ്. അതില്‍ വര്‍ണ, ജാതിക്ക് പുറത്തുള്ളവരെ മനുഷ്യരായിട്ട് പോലും പരിഗണിക്കുന്നില്ല. അതേസമയം, വര്‍ണ, ജാതിക്ക് പുറത്തുള്ളവരാകട്ടെ ഹിന്ദുമതം എന്ന പരികല്‍പ്പനയില്‍ തങ്ങളുടേതായ ജാതി കോളങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ദൈവസാന്നിധ്യത്തെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അതുകൊണ്ടാണ് എല്ലാത്തരം മതബഹിഷ്‌കരണങ്ങള്‍ക്കിടയിലും കീഴ്ജാതി മനുഷ്യരും ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായ സാമൂഹിക ജീവിതം നയിക്കുന്നത്. ഗാന്ധിജിയുടെ ആത്മീയ ജ്ഞാനബോധത്തെ ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിന് കഴിയില്ല. കാരണം, ശ്രേണീബദ്ധമായ ജാതിഘടനക്ക് പുറത്തുള്ളവരെ മനുഷ്യരായി അംഗീകരിക്കാന്‍ കഴിയാത്തപ്പോള്‍ അവരുടെ ദൈവങ്ങളെയും തങ്ങളുടെ ദൈവങ്ങളെയും ഒന്നായി കാണുക എന്നത് അപ്രയോഗികമായ കാര്യമാണ്. ഇത് ഗാന്ധിയോടുള്ള ഹിന്ദുത്വത്തിന്റെ ശത്രുതാ മനോഭാവത്തെ ആശയപരമായി രൂപപ്പെടുത്തിയ ഘടകം കൂടിയായിരുന്നു.
പുതുകാലത്ത് ഗാന്ധിയെ വായിക്കുക എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. സര്‍ക്കാര്‍ തലങ്ങളില്‍ ഗാന്ധി എന്ന പേര് പോലും എടുത്തുമാറ്റപ്പെടുകയാണ്. ആ ജീവിതത്തെ ഈ കാലത്തോട് ബന്ധിപ്പിച്ച് വായിക്കുക എന്നത് ഒരുതരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത്തരം വായനയില്‍ ഏതൊരാള്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്, എന്തുകൊണ്ട് നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു കൊന്നു എന്നത്. അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ശത്രുതയായിരുന്നില്ല. മറിച്ച്, രണ്ട് ആശയങ്ങള്‍ തമ്മിലുള്ള വൈരുധ്യമായിരുന്നു.
ഒന്ന് ഇന്ത്യയിലെ എല്ലാ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും സ്വഭാവ വ്യത്യാസങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യ എന്ന രാഷ്ട്രത്തെ പടുത്തുയര്‍ത്തുക. മറ്റൊന്ന്, നൂറ്റാണ്ടുകളായി ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ എല്ലാതരത്തിലുള്ള അധികാരമേല്‍ക്കോയ്മയെയും നിയന്ത്രിച്ച ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. അതിനെ പിന്‍പറ്റുന്ന ജനതയെ നിലനിര്‍ത്തുക എന്നുള്ളതാണ്. ആ ജനത മനുസ്മൃതി മുന്നോട്ടുവെക്കുന്ന വര്‍ണ, ജാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയന്ത്രിക്കേണ്ടവരാണ്. അവിടെ ബഹുസ്വരതക്കും നാനാത്വത്തിനും നിലനില്‍പ്പില്ല.
മറിച്ച്, സവര്‍ണ മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ സനാതന ധര്‍മത്തിന്റെ ആചാര മേല്‍ക്കോയ്മയാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണ വ്യവസ്ഥയായിരിക്കണം. ആ വ്യവസ്ഥയുടെ വഴി തടസ്സപ്പെടുത്തിയത് ഗാന്ധിയായിരുന്നു.
അതേസമയം, ഹിന്ദുമത വിശ്വാസികളെയും ഇന്ത്യയിലെ മറ്റ് അനേകം മതങ്ങളെയും തന്റെ ഈശ്വര സമഭാവനയിലൂടെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. ഇതൊരിക്കലും ഗോഡ്‌സെ പിന്‍പറ്റുന്ന മതബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. ഈ രണ്ട് ആശയ, വിശ്വാസ വൈരുധ്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ വിശാലജീവിതത്തെ തിരസ്‌കരിക്കുന്നതും മറ്റൊന്ന് ഉള്‍ക്കൊള്ളുന്നതുമാണ്. ഗാന്ധി ഉള്‍ക്കൊള്ളുകയും ഗോഡ്‌സെ പുറന്തള്ളുകയും ചെയ്യുന്നു.
പുറന്തള്ളപ്പെടേണ്ട ഹിന്ദുവേതര മതവിശ്വാസത്തെ ചേര്‍ത്തുപിടിച്ചുകൊണ്ട് മാത്രമേ ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന് ഗാന്ധിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് ഹിന്ദു- മുസ്‌ലിം ഐക്യത്തിനു വേണ്ടി തന്റെ രാജ്യത്തിലെ സഹോദരന്മാരുടെ കൈകളാല്‍ താന്‍ മരണപ്പെടുകയാണെങ്കില്‍ അതില്‍ സന്തോഷിക്കാന്‍ ഗാന്ധി മഖന്‍ലാല്‍ ഗാന്ധിക്കെഴുതിയത്. നമുക്ക് വേണ്ടി, ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിയായ ഗാന്ധിയെ വായിക്കുക, പറയുക, പ്രചരിപ്പിക്കുക. അതാണ് പുതുകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം.



