National
ഇന്ത്യ-യു എസ് വ്യാപാര കരാര്‍: സ്ഥിരീകരണവുമായി പ്രധാനമന്ത്രി
അമേരിക്ക താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നു.
ന്യൂഡല്‍ഹി | ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പിന്നാലെയാണ് മോദിയുടെ സ്ഥിരീകരണം. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് മോദി എക്‌സില്‍ കുറിച്ചു. അമേരിക്ക താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതക്കും സഹായകമാകും.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള താരിഫ് 25 ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നും പകരം വെനസ്വേലയില്‍ നിന്ന് വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ നടപടിയിലൂടെ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമാകുമെന്നും ട്രംപ് അവകാശപ്പെട്ടു.




