From the print
എയ്ഡഡ് ഭിന്നശേഷി സംവരണം: സംസ്ഥാനത്തിന്റെ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി
കേസ് ആറ് ആഴ്ചത്തേക്ക് മാറ്റി.
ന്യൂഡല്‍ഹി | എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍ എസ് എസിന് അനുകൂല സുപ്രീം കോടതി വിധി, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിള്‍ എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇരു കക്ഷികള്‍ക്കും മറുപടി നല്‍കാന്‍ സമയം അനുവദിച്ച സുപ്രീം കോടതി ഹരജി പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി.
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍ എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കുന്നതാണ് നീതിയുക്തമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ 6,230 ജീവനക്കാര്‍ ജോലി ചെയ്യുന്നത് താത്കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലും 17,729 പേര്‍ ദിവസ വേതനാടിസ്ഥാനത്തിലുമാണ്. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍, വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, എന്‍ എസ് എസിന് ലഭിച്ച വിധി കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് മാത്രമാണ് ബാധകമെന്നും സിംഗിള്‍ മാനേജ്മെന്റുകള്‍ക്ക് ബാധകമല്ലെന്നും താത്കാലിക അധ്യാപകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ നിഖില്‍ ഗോയലും ഹാരിസ് ബീരാനും വാദിച്ചു. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഹാജരായ പി കെ നന്ദിനിയും സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്തു. ഭിന്നശേഷിക്കാരുടെ അവസരം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു വാദം.
ഹരജി സുപ്രീം കോടതി മാറ്റിയതോടെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്പ് നടപ്പാക്കാം എന്ന സര്‍ക്കാര്‍ നീക്കം പാളി. സര്‍ക്കാര്‍ വാദം പിന്തുണക്കാന്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെ ഒരു കോര്‍പറേറ്റ് മാനേജ്മെന്റും ഇന്നലെ സുപ്രീം കോടതിയില്‍ ഹാജരായില്ല.




