Connect with us

Kerala

'അങ്ങനെയൊരു അനൗണ്‍സ്മെന്റ് നടത്തിയിട്ടില്ല;; എല്‍ ഡി എഫിനെതിരായ ആരോപണം തള്ളി ടി പി രാമകൃഷ്ണന്‍

'പരാതിയില്‍ അന്വേഷണം നടത്തട്ടെ. നോട്ടീസ് കിട്ടിയിട്ടില്ല. താത്കാലിക നേട്ടത്തിനായി സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം അഴിച്ചുവിടുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍.'

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം തള്ളി എല്‍ ഡി എഫ് കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി പി രാമകൃഷ്ണന്‍. ‘യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന ആരോപണം തെറ്റാണ്. ഞങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു അനൗണ്‍സ്മെന്റ് ഇല്ല. അങ്ങനെയൊരു അനൗണ്‍സ്മെന്റ് നടത്തിയിട്ടില്ല.’- രാമകൃഷ്ണന്‍ പറഞ്ഞു.

‘വിവാദം ഉയര്‍ത്തിയവരാണ് പരിശോധിക്കേണ്ടത്. പരാതിയില്‍ അന്വേഷണം നടത്തട്ടെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കിട്ടിയിട്ടില്ല. പേരാമ്പ്ര സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്. കഴിഞ്ഞ കാലത്തൊന്നും യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികള്‍ തമ്മില്‍ ഇവിടെ യാതൊരു വിവാദപ്രശ്‌നവും ഉണ്ടായിട്ടില്ല. താത്കാലിക നേട്ടത്തിനായി സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം അഴിച്ചുവിടുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍.’- എല്‍ ഡി എഫ് കണ്‍വീനര്‍ വിശദമാക്കി.

തങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്താണിത്ര ധൃതിയെന്നും എല്‍ ഡി എഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനത്തിന്റെ റെക്കോര്‍ഡും പെന്‍ഡ്രൈവുമെല്ലാം നല്‍കാന്‍ തയ്യാറാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

തങ്ങളുടെ സ്ഥാനാര്‍ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് യു ഡി എഫ് മണ്ഡലം കണ്‍വീനര്‍ ബാലനാരായണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ ടി പി രാമകൃഷ്ണനില്‍ നിന്ന് വിശദീകരണം തേടി ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസ് അയച്ചുവെന്നാണ് വിവരം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്.

എല്‍ ഡി എഫ് പ്രചാരണ വാഹനത്തില്‍ നിന്നുണ്ടായത് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന അനൗണ്‍സ്‌മെന്റാണെന്നും ഇതിന് പുറമെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. അനൗണ്‍മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിലും റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെയും യു ഡി എഫ് പരാതി നല്‍കിയിരുന്നു.

 

---- facebook comment plugin here -----

Latest