Connect with us

National

അയോധ്യ രാമക്ഷേത്രത്തിലെ നിയമനങ്ങള്‍ക്ക് കൈക്കൂലി വാങ്ങിയെന്ന ആരോപണം; പോലീസ് അന്വേഷണം ആരംഭിച്ചു

രാമക്ഷേത്ര സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് 125 ഓളം ജീവനക്കാരെ നിയമിച്ചതായാണ് ആരോപണം

Published

|

Last Updated

ലഖ്നോ| അയോധ്യ രാമക്ഷേത്രത്തിലെ നിയമനങ്ങള്‍ക്ക് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാമക്ഷേത്ര സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് 125 ഓളം ജീവനക്കാരെ നിയമിച്ചതായാണ് ആരോപണം. ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്
രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയും വിലമതിക്കാനാവാത്ത ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതി അവിനാശ് ശുക്ലയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ക്ഷേത്ര നിയമനങ്ങളുടെ മറവില്‍ ഒരു റിക്രൂട്ട്മെന്റ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ജോലിക്ക് പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഇത് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്ന വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒരു പ്രധാന ഭാഗമായി മാറും.

നിയമനം ലഭിച്ച വ്യക്തികളുടെ പട്ടിക അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ നിയമന കത്തുകളോ, ഔദ്യോഗിക സേവന കരാറുകളോ, തൊഴില്‍ സംബന്ധമായ മറ്റ് രേഖകളോ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സാമ്പത്തിക അന്വേഷണത്തിന്റെ ഭാഗമായി, റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെയും ആരോപണവിധേയമായ റിക്രൂട്ട്മെന്റ് ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും. നിയമനത്തിന് മുമ്പോ ശേഷമോ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ബേങ്കിംഗ് മാര്‍ഗങ്ങളിലൂടെയോ മറ്റ് സാമ്പത്തിക രേഖകളിലൂടെയോ ഫണ്ട് ഒഴുക്ക് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേണം നടത്തും.

ട്രസ്റ്റ് അംഗങ്ങളുടെ സ്വത്തുക്കളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ അനുകല്‍പ് മിശ്ര, ലവ് കുഷ് മിശ്ര എന്നിവര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.ഇരുവരും ഒരു ട്രസ്റ്റ് അംഗത്തിന്റെ ബന്ധുക്കളാണ്. അന്വേഷണത്തിന്റെ ഭാഗമായി അവരുടെ ബന്ധവും പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.കോടതിയുടെ അനുമതി ലഭിച്ച ശേഷം കൂടുതല്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:
Police launched a probe into alleged bribery for 125 appointments at Ayodhya Ram Mandir. Investigators are questioning theft suspect Avinash Shukla regarding a potential recruitment racket. Financial transactions and bank accounts of trust members and accused relatives are under strict scrutiny.

 

---- facebook comment plugin here -----

Latest