International
ഇറാനെതിരായ യുദ്ധം യു എന്‍ ചാര്‍ട്ടറിന്റെ നഗ്നമായ ലംഘനം; യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നത്; ആരോപണവുമായി നൂറിലധികം യു എസ് നിയമവിദഗ്ധര്‍
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായ യു എസ് സൈന്യത്തിന്റെ നടപടികളും അമേരിക്കന്‍ ഉന്നതോദ്യോഗസ്ഥരുടെ പ്രസ്താവനകളും അതീവ ഗൗരവതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നതെന്ന് ഇവര്‍ ഒപ്പുവച്ച കത്തില്‍ തുറന്നടിച്ചു.
വാഷിങ്ടണ്‍ | ഇറാനെതിരെ യു എസ്, ഇസ്‌റാഈല്‍ സേന നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം കടുക്കുന്നു. ആക്രമണത്തെ അപലപിച്ചു കൊണ്ട് യു എസ് കേന്ദ്രമായുള്ള നൂറിലധികം അന്താരാഷ്ട്ര നിയമവിദഗ്ധര്‍ ഒപ്പിട്ട കത്ത് പുറത്തിറക്കി. ഇത്തരം ആക്രമണങ്ങള്‍ ഐക്യരാഷ്ട്ര സഭാ ചാര്‍ട്ടറിന്റെ നഗ്നമായ ലംഘനമാണെന്നും യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വിദഗ്ധര്‍ പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായ യു എസ് സൈന്യത്തിന്റെ നടപടികളും അമേരിക്കന്‍ ഉന്നതോദ്യോഗസ്ഥരുടെ പ്രസ്താവനകളും അതീവ ഗൗരവതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നതെന്ന് കത്തില്‍ തുറന്നടിച്ചു.
‘യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമോ ഇറാന്‍ ആസന്ന ഭീഷണിയാണെന്നതിന് തെളിവോ ഇല്ലാതെയാണ് ഫെബ്രുവരി 28ന് യു എസ്, ഇസ്‌റാഈല്‍ ആക്രമണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ഇനി മറ്റൊരു രാഷ്ട്രത്തില്‍ നിന്ന് പെട്ടെന്നുള്ള ഒരു സായുധ ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലോ യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമുണ്ടെങ്കിലോ തന്നെയും സ്വയം പ്രതിരോധത്തിനു മാത്രമേ അവകാശമുള്ളൂ. ആക്രമണത്തിന് സുരക്ഷാ കൗണ്‍സില്‍ അംഗീകാരമില്ല. ഇറാന്‍, ഇസ്‌റാഈലിനെയോ അമേരിക്കയെയോ ആക്രമിച്ചിരുന്നില്ല.’- കത്ത് വ്യക്തമാക്കി.
നാല് തലങ്ങളിലാണ് വിദഗ്ധര്‍ ആശങ്കയുയര്‍ത്തിയിട്ടുള്ളത്. യുദ്ധത്തിലേക്ക് പോകാനെടുത്ത തീരുമാനത്തിലെ നിയമസാധുതയാണ് അതിലൊന്ന്. ശത്രുതാപരമായ വീക്ഷണം, ഉന്നതോദ്യോഗസ്ഥരുടെ ഭീഷണിയുയര്‍ത്തുന്ന വാചാടോപങ്ങള്‍, പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേതിന്റെ വെല്ലുവിളിച്ചു കൊണ്ടുള്ള സമീപനങ്ങള്‍ യു എസിനകത്തെ സിവിലിയന്‍ സുരക്ഷാ ഘടനക്ക് സൃഷ്ടിക്കുന്ന തകര്‍ച്ച എന്നിവയാണ് മറ്റ് മൂന്നെണ്ണം.
യുദ്ധം ആരംഭിച്ച ദിവസം തന്നെ ഇറാനിലെ മിനാബില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ 175 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. ആശുപത്രികള്‍, ജലസംഭരണ പ്ലാന്റുകള്‍, ഊര്‍ജ നിലയങ്ങള്‍ എന്നിവക്കു നേരെയും ആക്രമണങ്ങളുണ്ടായി. സ്‌കൂളുകള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും വീടുകള്‍ക്കും മറ്റുമെതിരെ ആക്രമണം നടക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആശങ്കാകുലരാണ്.’
യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് ഉള്‍പ്പെടെയുള്ള യു എസിലെ മുതിര്‍ന്ന അധികാരികള്‍ നടത്തുന്ന പ്രകോപനപരമായ പൊതു പ്രസ്താവനകളെയും കത്തില്‍ ശക്തമായി അപലപിച്ചു. ഇറാനെ ‘ഒരു രസത്തിനു’ വേണ്ടി ആക്രമിക്കുകയാണെന്ന തരത്തില്‍ മാര്‍ച്ച് മധ്യത്തില്‍ ട്രംപ് നടത്തിയ പ്രസ്താവനയെ കത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു. ‘സൈനികര്‍ക്ക് നല്‍കുന്ന അസംബന്ധ നിര്‍ദേശങ്ങളുമായി മല്ലിടാന്‍ അമേരിക്ക ഇല്ലെന്ന പെറ്റെ ഹെഗ്‌സേതിന്റെ പ്രതികരണവും പരാമര്‍ശവിധേയമായി.
ദിവസം തോറും 200 കോടി ഡോളറാണ് യു എസ് നികുതിദായകര്‍ക്ക് യുദ്ധഇനത്തില്‍ ചെലവിടേണ്ടി വരുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.



