Connect with us

From the print

ചാഞ്ചാടി സ്വര്‍ണവില; പവന് 1,12,320 രൂപ; വൈകിട്ടോടെ 2,000 വര്‍ധിച്ചു

നിലവില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1,12,320 രൂപയാണ്. ഗ്രാമിന് 14,040 രൂപയിലുമെത്തി.

Published

|

Last Updated

കൊച്ചി | ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് ഇന്നലെ മാത്രം സ്വര്‍ണവില നാല് തവണ മാറിമറിഞ്ഞു. രണ്ട് തവണയായി പവന് 9,840 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ വിലയില്‍ നേരിയ ഉയര്‍ച്ച കണ്ടു. നിലവില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1,12,320 രൂപയാണ്. ഗ്രാമിന് 14,040 രൂപയിലുമെത്തി. ഇന്നലെ രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ഉച്ചക്ക് ശേഷം ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. എന്നാല്‍ വൈകിട്ടോടെ ഗ്രാമിന് 250 രൂപ കൂടി 13,740 രൂപയും പവന് 2,000 രൂപ കൂടി 1,09,920 രൂപയുമായി. പിന്നീട് വീണ്ടും ഗ്രാമിന് 300 രൂപ കൂടി 14,040 രൂപയും പവന് 2,400 രൂപ വര്‍ധിച്ച് 1,12,320 രൂപയിലുമെത്തി.

കഴിഞ്ഞ മാസം 29ന് വൈകിട്ട് ആരംഭിച്ച വിലയിടിവാണ് ഇന്നലെ ഉച്ചവരെ തുടര്‍ന്നത്. നിലവിലെ ഇടിവ് തുടര്‍ന്നാല്‍ ചിലപ്പോള്‍ ഇന്നോ നാളെയോ തന്നെ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്നായിരുന്നു ഉപയോക്താക്കളുടെ പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയില്‍ തെല്ലൊരു ആശങ്ക വീഴ്ത്തിയാണ് വൈകിട്ട് 2,000 രൂപ കൂടിയത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,405 ഡോളറായി ഇടിഞ്ഞെങ്കിലും പിന്നീട് 4,765 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് വൈകിട്ട് കേരളത്തില്‍ വിലകൂടാന്‍ കാരണം. വില കുത്തനെ കുറഞ്ഞ അവസരം മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും തിരിച്ചടിയായി. കഴിഞ്ഞ മാസം അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. 29ന് രാവിലെ കേരളത്തിലെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി.