Connect with us

From the print

രാജ്യത്ത് ആദ്യമായി വര്‍ണ നാണയം പുറത്തിറക്കി; തൂക്കം 35 ഗ്രാം

ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് നൂറ് രൂപയുടെ വര്‍ണനാണയം റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്.

Published

|

Last Updated

മഞ്ചേരി | ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് നൂറ് രൂപയുടെ വര്‍ണനാണയം റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്. 1925ല്‍ മുംബൈ- കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ മുഖമായ വന്ദേഭാരത് ട്രെയിനിന്റെ വര്‍ണച്ചിത്രമാണ് ഈ നാണയത്തിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക് ലോക്കോമോട്ടീവിന്റെ രൂപകല്‍പ്പനയും ഈ നാണയത്തില്‍ കാണാം.

ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നാണയങ്ങള്‍ ഏറെ പുറത്തിറക്കിയെങ്കിലും ആദ്യമായാണ് വൈവിധ്യങ്ങള്‍ നിറഞ്ഞ നൂറ് രൂപയുടെ വര്‍ണനാണയം പുറത്തിറക്കിയത്. കൊല്‍ക്കത്തയിലെ നാണയ കമ്മട്ടശാല പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തില്‍ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ തൃപ്പനച്ചി എ യു പി സ്‌കൂള്‍ അധ്യാപകന്‍ എം സി അബ്ദുല്‍ അലിയുടെ ശേഖരത്തില്‍ ഈ നാണയം എത്തിയിട്ടുണ്ട്.