From the print
ഡ്യൂട്ടിഫ്രീ ഇളവ് പരിധി കൂട്ടി; പ്രവാസികള്‍ക്ക് ആശ്വാസം
50,000ത്തില്‍ നിന്ന് 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്.
ന്യൂഡല്‍ഹി | യാത്രക്കാര്‍ക്കുള്ള നികുതിരഹിത ഇളവ് (ഡ്യൂട്ടിഫ്രീ) പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 50,000ത്തില്‍ നിന്ന് 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്.
വിദേശത്ത് നിന്ന് കടല്‍ മാര്‍ഗമോ കര മാര്‍ഗമോ ഇന്ത്യയിലെത്തുന്ന പ്രവാസികളുടെ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളില്‍ ഏറെക്കാലമായി നിലനിന്ന ആശയക്കുഴപ്പത്തിനും ദുരിതത്തിനും ഇതോടെ പരിഹാരമായി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് കസ്റ്റംസ് ബാഗേജ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. ഇതു പ്രകാരം, വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ പ്രവാസികളായ സ്ത്രീകള്‍ക്ക് 40 ഗ്രാമും പുരുഷന്മാര്‍ക്ക് 20 ഗ്രാമും വരെ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ നികുതി നല്‍കാതെ കൊണ്ടുവരാം. സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുഷന്‍മാര്‍ക്ക് 50,000 രൂപയും വില വരുന്ന ആഭരണങ്ങള്‍ മാത്രമേ നികുതിരഹിതമായി കൊണ്ടുപോകാനാകൂവെന്ന പരിധി ഒഴിവാക്കി. 2016ല്‍ അന്നത്തെ വിപണി വില അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ക്ക് 40 ഗ്രാം (ഒരു ലക്ഷം രൂപ), പുരുഷന്മാര്‍ക്ക് 20 ഗ്രാം (50,000 രൂപ) പരിധി നിശ്ചയിച്ചത്.
ഇന്ത്യയില്‍ സ്വര്‍ണം ഗ്രാമിന് 15,000 രൂപക്ക് അടുത്തും യു എ ഇയില്‍ ഏകദേശം 600 ദിര്‍ഹമുമാണ് വില. ഈ സാഹചര്യത്തില്‍ 2016ലെ വില അടിസ്ഥാനമാക്കി നിശ്ചയിച്ച നികുതിരഹിത സ്വര്‍ണാഭരണ പരിധി മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.




