Ongoing News
ഇറ്റാലിയന്‍ ടെന്നിസ് ഇതിഹാസം പിയട്രാഞ്ചലി അന്തരിച്ചു; വിട പറഞ്ഞത് രണ്ടു തവണ ഫ്രഞ്ച് ഓപണ്‍ സ്വന്തമാക്കിയ താരം
1959ലും തൊട്ടടുത്ത വര്‍ഷവും റോളണ്ട് ഗാരോസില്‍ കപ്പുയര്‍ത്തിയതുള്‍പ്പെടെ തന്റെ കരിയറില്‍ 44 സിംഗിള്‍സ് ചാമ്പ്യന്‍ഷിപ്പുകളാണ് പിയട്രാഞ്ചലി കരസ്ഥമാക്കിയത്.
പാരിസ് | ഫ്രഞ്ച് ഓപണ്‍ കിരീടം രണ്ടുതവണ സ്വന്തമാക്കിയ ഇതിഹാസ ഇറ്റാലിയന്‍ ടെന്നിസ് താരം നികോള പിയട്രാഞ്ചലി അന്തരിച്ചു. 92-ാം വയസ്സിലാണ് താരം വിട പറഞ്ഞത്. ഇറ്റലിയുടെ ഏക്കാലത്തേയും മികച്ച ടെന്നിസ് കളിക്കാരനാണ് പിയട്രാഞ്ചലി. മുമ്പത്തെ ലോക ഒന്നാം നമ്പറും നിലവിലെ രണ്ടാം റാങ്കുകാരനുമായ ജന്നിക് സിന്നറുടെ ഉദയം വരെ ഇറ്റാലിയന്‍ പുരുഷ ടെന്നിസിലെ അവസാന വാക്കായിരുന്നു അദ്ദേഹം.
1933ല്‍ ട്യൂണിസിലാണ് പിയട്രാഞ്ചലിയുടെ ജനനം. പിതാവ് ഇറ്റലിക്കാരനും മാതാവ് റഷ്യക്കാരിയുമായിരുന്നു. 1959ലും തൊട്ടടുത്ത വര്‍ഷവും റോളണ്ട് ഗാരോസില്‍ കപ്പുയര്‍ത്തിയതുള്‍പ്പെടെ തന്റെ കരിയറില്‍ 44 സിംഗിള്‍സ് ചാമ്പ്യന്‍ഷിപ്പുകളാണ് പിയട്രാഞ്ചലി കരസ്ഥമാക്കിയത്. 1961ലും 1964ലും ഫ്രഞ്ച് ഓപണിന്റെ ഫൈനലില്‍ പ്രവേശിച്ചെങ്കിലും സ്പാനിഷ് ടെന്നിസ് താരം മാനുവല്‍ സന്റാനയോട് പരാജയപ്പെട്ടു. ഡേവിസ് കപ്പില്‍ ഇറ്റലിക്കായി 164 മത്സരങ്ങളില്‍ റാക്കറ്റ് വീശിയ താരം 1976ല്‍ കപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1960ലെ ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ ചിലിയുടെ ലൂയിസ് അയാളയുമായുള്ള പിയട്രാഞ്ചലിയുടെ ഏറ്റുമുട്ടല്‍ ചരിത്രത്തില്‍ തങ്കലിപികളാലാണ് എഴുതപ്പെട്ടത്. മത്സരത്തിനിടെ കാലടിക്ക് പരുക്കേറ്റ് രക്തത്തില്‍ കുളിച്ചിട്ടും ബാക്കി സമയം മുഴുവന്‍ പതറാതെ കളിക്കുകയും തന്റെ രണ്ടാമത്തെ റോളണ്ട് ഗാരോസ് കിരീടം സ്വന്തമാക്കുകയും ചെയ്തത് പിയട്രാഞ്ചലിയുടെ മനസ്സാന്നിധ്യത്തിനും പോരാട്ടവീര്യത്തിനും തെളിവാണ്.





