Articles
ഇസ്്ലാമിലെ ബഹുഭാര്യത്വം: യുക്തിയും നീതിയും
അസമില്‍ ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കങ്ങളും, രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യ ഭാര്യയുടെ സമ്മതം അല്ലെങ്കില്‍ അവരുടെ വാദം കേള്‍ക്കല്‍ അനിവാര്യമാണെന്ന തരത്തില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണങ്ങളും പുറത്തുവന്നിരുന്നു. യഥാര്‍ഥത്തില്‍ ഇസ്്ലാം വിഭാവനം ചെയ്യുന്ന ബഹുഭാര്യത്വത്തിന്റെ യുക്തിയും സാമൂഹിക സുരക്ഷിതത്വവും പലപ്പോഴും വിസ്മരിക്കപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ആണ് ചെയ്യുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തിലെ ബഹുഭാര്യത്വം വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അസമില്‍ ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കങ്ങളും, രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യ ഭാര്യയുടെ സമ്മതം അല്ലെങ്കില്‍ അവരുടെ വാദം കേള്‍ക്കല്‍ അനിവാര്യമാണെന്ന തരത്തില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണങ്ങളും പുറത്തുവന്നിരുന്നു. യഥാര്‍ഥത്തില്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന ബഹുഭാര്യത്വത്തിന്റെ യുക്തിയും അത് മുന്നോട്ടുവെക്കുന്ന സാമൂഹിക സുരക്ഷിതത്വവും പലപ്പോഴും വിസ്മരിക്കപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ആണ് ചെയ്യുന്നത്.
അസമിലെയും കേരളത്തിലെയും പുതിയ നിയമ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍, ഇസ്‌ലാമിക വീക്ഷണത്തില്‍ ഈ വിഷയത്തെ അപഗ്രഥിക്കേണ്ടത് അനിവാര്യമാണ്. കേവലം പുരുഷന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനപ്പുറം, സാമൂഹികവും വ്യക്തിപരവുമായ അനിവാര്യതകളെ അഭിമുഖീകരിക്കാനുള്ള പ്രായോഗിക പരിഹാരമായാണ് ഇസ്‌ലാം ഇതിനെ കാണുന്നത്. ഒരു പുരുഷന് നാല് വിവാഹം വരെ കഴിക്കാനുള്ള അനുവാദം ഇസ്‌ലാം നല്‍കുന്നത് ഉപാധികള്‍ക്ക് വിധേയമായിട്ടാണ്.
അറബികളിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയിലുള്ള ബഹുഭാര്യത്വം നിലനിന്നിരുന്നു. ഒരു പുരുഷന് പരിധിയില്ലാതെ സ്ത്രീകളെ വിവാഹം കഴിക്കാമായിരുന്നു. ഉഹുദ് യുദ്ധത്തിന് ശേഷം, നിരവധി പുരുഷന്മാര്‍ കൊല്ലപ്പെടുകയും അതിന്റെ ഫലമായി സമൂഹത്തില്‍ അനവധി വിധവകളും അനാഥരും ഉണ്ടാകുകയും ചെയ്ത സാമൂഹിക പ്രതിസന്ധി ഉടലെടുത്തു. ഈ അവസരത്തിലാണ് നിശ്ചിത പരിധിയോ നിബന്ധനകളോ ഇല്ലാതിരുന്ന രീതിക്ക് ഇസ്‌ലാം നാല് വരെ എന്ന പരിധി നിശ്ചയിക്കുന്നതും അതില്‍ തന്നെ നീതി പുലര്‍ത്താന്‍ സാധിക്കാത്തവര്‍ ഒന്ന് മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്നതും. നിയമം കര്‍ശനമാക്കി, ഭാര്യമാരുടെ എണ്ണം നാലായി പരിമിതപ്പെടുത്തുകയും, ഏറ്റവും പ്രധാനമായി നീതി എന്ന കര്‍ശന ഉപാധി വെക്കുകയും ചെയ്ത്, ഇസ്‌ലാം ബഹുഭാര്യത്വത്തെ നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹിക സംരക്ഷണം എന്ന പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു ഇതിലൂടെ.
ഏകഭാര്യത്വവും സാമൂഹിക യാഥാര്‍ഥ്യങ്ങളും
ലോകത്തിലെ പല മതങ്ങളും നിയമ വ്യവസ്ഥകളും ഒരേസമയം ഒരു ഭാര്യയെ മാത്രമേ അനുവദിക്കുന്നുള്ളൂ. ഈ വ്യവസ്ഥിതി മാതൃകാപരമായി തോന്നാമെങ്കിലും, അത് മനുഷ്യന്റെ സ്വാഭാവികമായ ചോദനകളെയും സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെയും നിഷേധിക്കുന്നു എന്നതാണ് സത്യം. ലൈംഗികത മനുഷ്യന്റെ സ്വാഭാവികമായ ചോദനയാണ്. ഏകഭാര്യത്വം നിര്‍ബന്ധമാകുമ്പോള്‍, ചില സാഹചര്യങ്ങളില്‍ അയാള്‍ വിവാഹേതര ബന്ധങ്ങളിലേക്ക് തിരിയാനുള്ള സാധ്യത വര്‍ധിക്കുന്നു. രഹസ്യബന്ധങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് നിയമപരമായ യാതൊരു സംരക്ഷണമോ അവകാശങ്ങളോ ലഭിക്കുന്നില്ല. എന്നാല്‍ ഇസ്‌ലാം, നിയമപരമായ വിവാഹ ഉടമ്പടി ഇല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ എന്ന സങ്കല്‍പ്പത്തെ പൂര്‍ണമായും നിരാകരിക്കുന്നു.
സാമൂഹിക യാഥാര്‍ഥ്യങ്ങളോട് മുഖം തിരിക്കുന്നില്ല
യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ കാരണം പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന അസാധാരണ സാഹചര്യങ്ങളില്‍, ഏകഭാര്യത്വം നിര്‍ബന്ധമാക്കുന്നത് വലിയ സാമൂഹിക പ്രതിസന്ധിക്ക് കാരണമാകും. ഇത്തരം ഘട്ടങ്ങളില്‍ വിവാഹപ്രായമെത്തിയ വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് ഇണയോ കുടുംബജീവിതമോ ലഭിക്കാതെ വരികയും അത് അവരെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യാം. ഇവിടെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ബഹുഭാര്യത്വം പ്രായോഗിക പരിഹാരമായി മാറുന്നത്. സ്ത്രീകള്‍ക്ക് കുടുംബജീവിതവും സാമ്പത്തിക സുരക്ഷിതത്വവും അത് ഉറപ്പുവരുത്തി. സമൂഹത്തിലുണ്ടാകാവുന്ന അനാശാസ്യ പ്രവണതകളെ തടയുന്ന ഒരു “സാമൂഹിക സുരക്ഷാ പദ്ധതി’യായി ബഹുഭാര്യത്വം വര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
നീതി എന്ന ഉപാധി
മറ്റെല്ലാ നിയമവ്യവസ്ഥകളില്‍ നിന്നും ഇസ്‌ലാമിക ബഹുഭാര്യത്വത്തെ വേര്‍തിരിക്കുന്നത് “നീതി’ (അദ്്ൽ) എന്ന അതികര്‍ശനമായ ഉപാധിയാണ്. “നിങ്ങള്‍ക്ക് നീതിപൂര്‍വം പെരുമാറാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നുവെങ്കില്‍ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ’ എന്ന ഖുര്‍ആനിക വചനം, ബഹുഭാര്യത്വം എന്നത് പുരുഷന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാനുള്ള ഒരു അവകാശമല്ല, മറിച്ച് സൂക്ഷ്മതയോടെ മാത്രം സമീപിക്കേണ്ട ഒന്നാണെന്ന് വ്യക്തമാക്കുന്നു. ഇവിടെ നീതി എന്നത് കേവലമൊരു വാഗ്ദാനമല്ല; ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സമയം, സാമ്പത്തിക ചെലവുകള്‍ തുടങ്ങിയ ഭൗതിക കാര്യങ്ങളില്‍ ഭാര്യമാര്‍ക്കിടയിലുള്ള പൂര്‍ണമായ തുല്യതയാണത്. മനസ്സിന്റെ ചായ്്വ് അഥവാ സ്‌നേഹം മനുഷ്യന്റെ പൂര്‍ണ നിയന്ത്രണത്തിന് അതീതമായതിനാല്‍ അതില്‍ തുല്യത സാധ്യമല്ലെന്ന് സമ്മതിക്കുമ്പോഴും, അതിന്റെ പേരില്‍ അവകാശങ്ങളിൽ വിവേചനം കാണിച്ച് മറ്റു ഭാര്യമാരെ അവഗണിക്കാന്‍ പാടില്ലെന്ന് മതം കര്‍ശനമായി പറയുന്നുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ നൂറുകണക്കിന് പേജുകളിലായി ഈ നീതിയുടെ സൂക്ഷ്മവശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
അപ്പോള്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ ബഹുഭാര്യത്വം പുരുഷന്റെ സുഖലോലുപതക്കുള്ള ഉപാധിയല്ല, മറിച്ച് സാമ്പത്തികവും ശാരീരികവുമായ കഴിവുള്ളവര്‍ മാത്രം ഏറ്റെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ്. നീതി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവന്‍ പരലോകത്ത് വിചാരണ നേരിടേണ്ടി വരുമെന്നും അന്ത്യദിനത്തില്‍ അവന്റെ ശരീരം ഒരു വശം തളര്‍ന്ന നിലയിലായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്നും പ്രവാചകർ(സ) ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോടതി വിധിയും
പ്രായോഗിക വശങ്ങളും
കേരള ഹൈക്കോടതിയില്‍ അടുത്തിടെ ഉണ്ടായ ഒരു വിധിന്യായം ഇസ്‌ലാമിക നിയമത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങളോട് എത്രത്തോളം നീതി പുലര്‍ത്തി എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ ദമ്പതികള്‍ക്ക് രജിസ്‌ട്രേഷന്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍, സ്വാഭാവിക നീതി അനുസരിച്ച് ആദ്യ ഭാര്യയെ കേള്‍ക്കണം എന്നും ആദ്യ ഭാര്യയുടെ അറിവില്ലാതെ രജിസ്റ്റര്‍ ചെയ്യുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണ് എന്നുമാണ് ഈ കോടതി വിധിയില്‍ പ്രധാനമായും ഊന്നിപ്പറയുന്നത്. ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യ നിശബ്ദയായി ഇരിക്കേണ്ടവളല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അവര്‍ക്കും അവകാശപ്പെട്ടതാണെന്നും തുടര്‍ന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്.
എന്നാല്‍, ഇസ്‌ലാമിക നിയമപ്രകാരം, രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം ഒരു നിബന്ധനയല്ല. രണ്ട് ഭാര്യമാര്‍ക്കും തുല്യമായ പരിഗണനയും ജീവിതസൗകര്യങ്ങളും നല്‍കി സംരക്ഷിക്കാന്‍ ഭര്‍ത്താവിന് കഴിയുമെങ്കില്‍, അവിടെ ഒരര്‍ഥത്തിലും ആദ്യ ഭാര്യയോട് അനീതി കാണിക്കപ്പെടുന്നില്ല. മറിച്ച്, മറ്റൊരു സ്ത്രീക്ക് കൂടി ജീവിതം നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ വിളിച്ച് വരുത്തി അവരുടെ “വാദം കേള്‍ക്കണം’ എന്ന കോടതിയുടെ നിരീക്ഷണം, പ്രായോഗികമായി ആദ്യ ഭാര്യക്ക് നിയമപരമായ വീറ്റോ പവര്‍ നല്‍കുന്നതിന് തുല്യമാണ്. കാരണം, കോടതി തന്നെ നിരീക്ഷിക്കുന്നതു പോലെ “99.99 ശതമാനം സ്ത്രീകളും ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ക്കും’. അങ്ങനെ വരുമ്പോള്‍, ഇസ്‌ലാമിക നിയമം അനുവദിക്കുന്ന ഒരു കാര്യം, പ്രായോഗികമായി തടസ്സപ്പെടുത്തപ്പെടുകയും ആ നിയമം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.
കോടതികള്‍ പലപ്പോഴും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന “തുല്യത’യെ ആദ്യ ഭാര്യയുടെ അവകാശങ്ങളുടെ കോണിലൂടെ മാത്രം നോക്കിക്കാണുന്നു. എന്നാല്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിശാലമായ നീതിബോധം അവിടെ വിസ്മരിക്കപ്പെടുന്നു. ആദ്യ ഭാര്യക്ക് ലഭിക്കേണ്ട പൂര്‍ണമായ സംരക്ഷണവും നിലനിര്‍ത്തിക്കൊണ്ട് തന്നെ, മറ്റൊരു സ്ത്രീക്ക് കൂടി നിയമപരമായ പദവിയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്ന പ്രായോഗികമായ തുല്യതയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. രണ്ട് സ്ത്രീകള്‍ക്കും നിയമപരമായ അംഗീകാരം ലഭിക്കുന്ന ഈ സംവിധാനത്തെ അനീതിയായി ചിത്രീകരിക്കുന്നത്, സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ സാമൂഹിക ലക്ഷ്യത്തെ മനസ്സിലാക്കാത്തതുകൊണ്ടാണ്. കോടതി വിധിയില്‍, ബഹുഭാര്യത്വം മുസ്‌ലിം വ്യക്തിനിയമ പ്രകാരം അനുവദനീയമാണ് എന്ന് അംഗീകരിക്കുന്നുണ്ട്. എന്നിട്ടും, അതിന്റെ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ ഇത്തരമൊരു ഉപാധി വെക്കുന്നത്, ഇസ്‌ലാം നല്‍കുന്ന അനുമതിയെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണ്. മാത്രമല്ല ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തെ (ആര്‍ട്ടിക്കിള്‍ 25) ചോദ്യം ചെയ്യലുമാണ്.
നീതിപൂര്‍വം രണ്ടോ മൂന്നോ നാലോ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ബഹുഭാര്യത്വം മഹത്തായ കാര്യമാണ്. കാരണം, ഇതുവഴി ഒരു പുരുഷന്‍ രണ്ട് കുടുംബങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രണ്ട് സ്ത്രീകള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുകയാണ് ഉണ്ടാകുന്നത്. നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ ചില വ്യക്തികള്‍ അതിനെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതുകൊണ്ട് മാത്രം ഈ നിയമത്തിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല.






