Ongoing News
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: അഞ്ചാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തോറ്റ് തുന്നംപാടിയതോടെയാണ് ഇന്ത്യ റാങ്കിംഗില്‍ താഴോട്ട് പതിച്ചത്.
ദുബൈ | ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തോറ്റ് തുന്നംപാടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. കളിച്ച നാല് മത്സരത്തിലും ജയിച്ച ആസ്‌ത്രേലിയയാണ് ഒന്നാമത്. ശ്രീലങ്ക മൂന്നാം സ്ഥാനത്തും പാകിസ്താന്‍ നാലാമതുമാണ്.
2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒമ്പത് മത്സരമാണ് ഇന്ത്യ കളിച്ചത്. ഇതില്‍ നാല് ജയം, നാല് തോല്‍വി, ഒരു സമനില എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്പാദ്യം. 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമാണ് നിലവില്‍ ഇന്ത്യക്കുള്ളത്. അതേസമയം, ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയതോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയത്. നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലുള്ളത്. 36 പോയിന്റും 75 പോയിന്റ് ശതമാനവുമാണ് സ്വന്തമാക്കിയത്.
കളിച്ച നാലു ടെസ്റ്റിലും ജയിച്ച ഓസീസ് 48 പോയിന്റും 100 പോയിന്റ് ശതമാനവുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയിന്റും 66.67 പോയിന്റ് ശതമാനവുമാണ് ശ്രീലങ്ക നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള പാകിസ്താന്‍ 12 പോയിന്റും 50 പോയിന്റ് ശതമാനവുമായാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. യഥാക്രമം ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ആറ് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലുള്ളത്.



