Ongoing News
സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശ്; ഫൈനല്‍ സ്വപ്‌നം പൊലിഞ്ഞ് ഇന്ത്യ എ
സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് വന്‍ തകര്‍ച്ച. നേരിട്ട ആദ്യ രണ്ട് പന്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇന്നിങ്‌സ് പൂജ്യത്തിന് അവസാനിച്ചു.
ദോഹ | ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിന് ഫൈനലില്‍ എത്താനായില്ല. സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് എ കലാശക്കളിക്ക് അര്‍ഹത നേടി. സൂപ്പര്‍ ഓവറിലാണ് ബംഗ്ലാദേശിന്റെ ജയം. പാകിസ്താന്‍ എയും ശ്രീലങ്ക എയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ഫൈനലില്‍ ബംഗ്ലാദേശ് എ നേരിടും. ഈമാസം 23ന് ഞായറാഴ്ചയാണ് അവസാന അങ്കം.
സെമിയില്‍ നിശ്ചിത ഓവറിലെ മത്സരം ടൈയില്‍ കലാശിച്ചതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 195 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുമ്പില്‍ വച്ചത്. ആറുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്ത ഇന്ത്യ കളി സമനിലയിലാക്കി.
എന്നാല്‍, സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. നേരിട്ട ആദ്യ രണ്ട് പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഒരു റണ്‍ പോലും എടുക്കാനാവാതെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനും ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. എന്നാല്‍, രണ്ടാം പന്ത് വൈഡായതോടെ ബംഗ്ലാദേശ് ഫൈനലിലേക്ക് പറന്നു.


