Ongoing News
വൈറ്റ് ഹൗസ് ഡിന്നറില്‍ ട്രംപിനൊപ്പം വേദി പങ്കിട്ട് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ
സഈദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ആദരിക്കുന്ന ചടങ്ങായിരുന്നു വേദി.
വാഷിങ്ടണ്‍ | വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വിരുന്നില്‍ പങ്കെടുത്ത് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അമേരിക്ക സന്ദര്‍ശിക്കുന്ന സഈദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ആദരിക്കുന്ന ചടങ്ങായിരുന്നു വേദി. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിന് മുന്‍വശത്ത്, ട്രംപും സല്‍മാന്‍ രാജകുമാരനും അതിഥികളെ അഭിസംബോധന ചെയ്ത ഭാഗത്തിന് അടുത്തായി തന്നെയാണ് അഞ്ച് തവണ ‘ബാലന്‍ ഡി’ഓര്‍’ പുരസ്‌കാരത്തിന് അര്‍ഹനായ സി ആര്‍ സെവന് ഇരിപ്പിടിമൊരുക്കിയിരുന്നത്. ആപ്പിള്‍ സി ഇ ഒ. ടിം കുക്ക്, ടെസ്ല സ്ഥാകന്‍ ഇലോണ്‍ മസ്‌ക് തുടങ്ങിയ ആഗോള വ്യവസായ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
പരിപാടിയില്‍ സംബന്ധിച്ചതിന് റൊണാള്‍ഡോക്ക് ട്രംപ് നന്ദി അറിയിച്ചു. തന്റെ ഇളയ മകന്‍ ബാരോണ്‍, റൊണാള്‍ഡോയുടെ വലിയ ആരാധകനാണെന്ന് ട്രംപ് പറഞ്ഞു. താരത്തെ നേരിട്ട് കാണിച്ചു കൊടുത്തതോടെ, ബാരോണ്‍ അവന്റെ പിതാവിന് കുറച്ചുകൂടി ആദരവ് നല്‍കുന്നതായും ട്രംപ് സൂചിപ്പിച്ചു.
സഊദി ക്ലബ് അല്‍ നസ്സറിന് വേണ്ടിയാണ് റൊണാള്‍ഡോ നിലവില്‍ കളിക്കുന്നത്. 2022ല്‍ വര്‍ഷംതോറു 200 ദശലക്ഷം യു എസ് ഡോളര്‍ പ്രതിഫലത്തിലാണ് ക്ലബുമായി താരം രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. പിന്നീട് ഇത് രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. സഊദി രാജകുമാര്‍ ചെയര്‍മാനായ സഊദി സോവറിന്‍ വെല്‍ത്ത് ഫണ്ടിനാണ് അല്‍ നസ്സര്‍ ക്ലബിന്റെ ഭൂരിപക്ഷ ഉടമസ്ഥാവകാശം. സഊദി അറേബ്യയാണ് 2034ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിന് ആതിഥ്യമരുളുന്നത്.
ലോകകപ്പ്-2026ന് പോര്‍ച്ചുഗല്‍ യോഗ്യത നേടിയതോടെ രാജ്യത്തിനായി തന്റെ ആറാമത്തെ ലോകകപ്പില്‍ പന്ത് തട്ടാനൊരുങ്ങുകയാണ് 40കാരനായ റൊണാള്‍ഡോ. എന്നാല്‍, പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങാന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിനാവില്ല. കഴിഞ്ഞാഴ്ച നടന്ന യോഗ്യതാ മത്സരത്തില്‍ ചുവന്ന കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണിത്. അമേരിക്ക, കാനഡ, മെക്‌സിക്കോ രാഷ്ട്രങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.






