എല്ലാ ന്യൂയോർക്കുകാർക്കും മാന്യമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു ഭാവിയാണ് മംദാനി ലക്ഷ്യംവെക്കുന്നത്. വിപണിയുടെ താത്പര്യങ്ങൾക്കനുസരിച്ചായിരിക്കരുത് ഈ മാന്യതയുടെ വിതരണം എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അയൽക്കാരിൽ നാലിലൊന്ന് പേർ വരുമാനത്തിന്റെ പകുതി വാടകയ്ക്കായി ചെലവഴിക്കുകയും, ക്വീൻസിൽ ഏറ്റവും കൂടുതൽ മലിനമായ വായു ശ്വസിക്കുകയും, ഉയർന്ന തോതിൽ പ്രൊഫൈലിംഗ് നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, വീടും, ഊർജ്ജവും, നീതിയും ചുരുക്കം ചിലർക്ക് വേണ്ടി മാത്രമല്ല, എല്ലാവർക്കുമുള്ളതായിരിക്കണം എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ചുരുങ്ങിയ രാഷ്ട്രീയ പരിചയം മാത്രമുള്ള മംദാനിക്കുമേൽ, ട്രംപിൻ്റെ ഭീഷണികളും അദ്ദേഹത്തിന്റെ വലിയ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നുമുള്ള ചോദ്യങ്ങൾ ഇനി ഉയരുമെന്ന് ഉറപ്പാണ്. എങ്കിലും, പുരോഗമന രാഷ്ട്രീയത്തിന്റേയും യുവത്വത്തിൻ്റേയും പ്രതീക്ഷയുമായി സോഹ്റാൻ മംദാനി എന്ന താരം ന്യൂയോർക്കിന്റെ അമരത്തുണ്ടാകും. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ അതിജീവിച്ച് അമേരിക്കൻ രാഷ്ട്രീയത്തിൽ പുരോഗമനപരമായ ഒരു പാത തുറക്കാൻ മംദാനിക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.


