Kerala
മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; മൂന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
ഇടുക്കി | മൂന്നാറില്‍ മുംബൈ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്ന ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശിപാര്‍ശ മൂന്നാര്‍ ഡി വൈ എസ് പി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവരുടെ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിട്ടും യുവതിക്ക് സഹായം നല്‍കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എ എസ് ഐ. ജോര്‍ജ് കുര്യന്‍, ഗ്രേഡ് എസ് ഐ. സാജു പൗലോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
യാത്രക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചതിനാണ് വിനോദയാത്രക്കാരിയായ യുവതിയെ ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.


