Connect with us

Aksharam Education

കരളിന്റെ കരളേ.....

തലച്ചോർ കഴിഞ്ഞാൽ ഏറ്റവും സങ്കീർണമായ പ്രവർത്തന ശൈലിയുള്ള അവയവമാണ് കരൾ. നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. ശരീരത്തിലെ വിഷപദാർഥം, പ്രോട്ടീനുകൾ സമന്വയിപ്പിക്കൽ, ദഹനത്തിന് ആവശ്യമായ ജൈവ രാസവസ്തുക്കൾ നിർമിക്കൽ തുടങ്ങിയ പല സുപ്രധാന ജോലികളാണ് കരൾ നിർവഹിക്കുന്നത്.

Published

|

Last Updated

നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെയൊക്കെ പലപ്പോഴും എന്റെ കരളേ എന്ന് സംബോധന ചെയ്യാറുണ്ട് അല്ലേ. സ്നേഹത്തിന്റെയും മൃദുല വികാരങ്ങളുടെയും ഉറവിടമായാണ് കവിഭാവനയിൽ കരളിനെ കാണാറുള്ളത്. ദാരുണ രംഗങ്ങൾ കാണുമ്പോൾ അലിയുന്ന അവയവമായും കരളിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്.

മനുഷ്യ ശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമാണ് കരൾ. തലച്ചോർ കഴിഞ്ഞാൽ ഏറ്റവും സങ്കീർണമായ പ്രവർത്തന ശൈലിയുള്ള അവയവം. നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്.

ശരീരത്തിലെ വിഷപദാർഥം, പ്രോട്ടീനുകൾ സമന്വയിപ്പിക്കൽ, ദഹനത്തിന് ആവശ്യമായ ജൈവ രാസവസ്തുക്കൾ നിർമിക്കൽ തുടങ്ങിയ പല സുപ്രധാന ജോലികളാണ് കരൾ നിർവഹിക്കുന്നത്. മദ്യത്തിന്റെ ഉപയോഗം, പുകവലി, മരുന്നുകളുടെ ഉപയോഗം, ഉറക്കകുറവ്, അമിതവണ്ണം, പ്രമേഹം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയല്ലാം കരളിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകാറുണ്ട്.

ഉദരത്തിന്റെ മുകൾ ഭാഗത്ത് വലതുവശത്തായാണ് കരളിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്നതാണ് കരൾ. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുകൂടി കരൾ അറിയപ്പെടുന്നുണ്ട്. 30,000 കോടി ഹെപ്പറ്റോ സെല്ലുകൾ അടങ്ങിയതാണ് കരൾ. വിസറൽ പെരിട്ടോണിയം എന്ന നേർത്ത സ്തരം കൊണ്ടാണ് കരൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്. കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവക്ക് പുറകിൽ രണ്ട് ചെറിയ ദളങ്ങളുമുണ്ട്. വിശ്രമാവസ്ഥയിൽ പോലും മിനുട്ടിൽ ഒന്നേകാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കും.

മറ്റൊരവയവത്തിനുമില്ലാത്ത കരളിന്റെ സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവന ശേഷിയുമാണ്. 75 ശതമാനം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും. കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളരും. അതിനാലാണ് കരൾ ദാനം ചെയ്യുന്നയാൾക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്തത്. എല്ലാ വർഷവും ഏപ്രിൽ 19 ന് ലോക കരൾ ദിനമായി ആചരിക്കുന്നു.

കരളിന്റെ ഡ്യൂട്ടി

നാം കഴിക്കുന്ന ആഹാരം ദഹിച്ച ശേഷം രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമിക്കുന്നത് കരളിലാണ്.
എന്നാൽ, ഇത് ക്രമാതീതമായി ഉണ്ടാകുമ്പോൾ ഹൃദയത്തിനും രക്തക്കുഴലുകൾക്കും പ്രശ്നമുണ്ടാക്കും. രക്തം കട്ട പിടിക്കാനാവശ്യമായ കൊയാഗുലേഷൻ ഫാക്ടേഴ്സ് കരളാണ് നിർമിക്കുന്നത്. ഗ്ലൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ഭാവിയിലെ ആവശ്യത്തിന് വേണ്ടി സംഭരിച്ചുവെക്കുന്നതിനാൽ കരൾ ഒരു കലവറ കൂടിയാണ്.

മാംസ്യ സംശ്ലേഷണം, ദഹനത്തിനാവശ്യമായ സ്രവങ്ങൾ ഉണ്ടാക്കുക, രക്തത്തിലുള്ള അമോണിയയെ യൂറിയയാക്കുക, ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിനെ സംസ്‌കരിക്കുക.

ശരീരത്തിനു വേണ്ട കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കുക. പിത്തരസം ഉദ്പാദിപ്പിക്കുക, രക്തത്തിൽ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാക്കി സംഭരിക്കുക തുടങ്ങിയവയെല്ലാം കരളിന്റെ ഡ്യൂട്ടിയാണ്.

രോഗങ്ങൾ വരാതെ നോക്കണം

കരൾ രോഗം എന്നത് കരളിനെ ബാധിക്കുകയും കേടുവരുത്തുകയും ചെയ്യുന്ന അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. ചെറിയ കരൾ രോഗങ്ങൾവരെ കാലക്രമേണ ലിവർ സിറോസിസിന് പോലും കാരണമാകും. കൃത്യസമയത്ത് മനസ്സിലാക്കി ചികിത്സിച്ചില്ലെങ്കിൽ കരൾ തകരാറിലാകാനും കരൾ ക്യാൻസറിലേക്കും നയിക്കും.

കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് മനുഷ്യന്റെ ആരോഗ്യത്തെ പൂർണാർഥത്തിൽ പ്രതിസന്ധിയിലാക്കും. കരളിന്റെ ആരോഗ്യം അപകടത്തിലാകുന്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അണുബാധകൾ, പാരമ്പര്യരോഗങ്ങൾ, അമിതവണ്ണം, മദ്യത്തിന്റെ ഉപയോഗം എന്നിവ മൂല കരൾ രോഗങ്ങളുണ്ടാകാറുണ്ട്.

പൊതുവെ പ്രായപൂർത്തിയായവരിൽ 20 മുതൽ 30ശതമാനം വരെ അധിക കൊഴുപ്പ് കരളിൽ ഉണ്ടെന്നാണ് കണക്ക്. ഈ അവസ്ഥയെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് വിളിക്കുക. ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നതിനെ ഫാറ്റി ലിവർ എന്ന് വിളിക്കുന്നു.

കരളിന്റെ ഭാരത്തിൽ പത്ത് ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ രോഗമാകുന്നത്. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നൽകുമെന്നാണ് പഠനം.

Latest