Kerala
ജാപ്പനീസ് ചിത്രം 'ടു സീസണ്‍സ് ടു സ്‌ട്രേഞ്ചേഴ്‌സ്'ന് സുവര്‍ണ ചകോരം; 'തന്തപ്പേരി'ന് പ്രേക്ഷക പുരസ്‌കാരം
അര്‍ജന്റീനിയന്‍ ചിത്രം 'ബിഫോര്‍ ദ ബോഡി'യുടെ സംവിധായകരായ കരീന പിയാസക്കും ലൂസിയ ബ്രാസെലിസിനുമാണ് മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം.
തിരുവനന്തപുരം | 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വര്‍ണാഭമായ സമാപനം. ഏഴ് ദിവസങ്ങളിലായി നടന്ന മേളയുടെ സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
ജാപ്പനീസ് സംവിധായകന്‍ ഷോ മിയാക്കെയുടെ ‘ടു സീസണ്‍സ് ടു സ്‌ട്രേഞ്ചേഴ്‌സ്’ സുവര്‍ണ ചകോര പുരസ്‌കാരത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ചോലനായ്ക്കരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ മലയാള ചിത്രം ‘തന്തപ്പേര്’ നേടി. ഉണ്ണികൃഷ്ണന്‍ ആവളയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അര്‍ജന്റീനിയന്‍ ചിത്രം ‘ബിഫോര്‍ ദ ബോഡി’യുടെ സംവിധായകരായ കരീന പിയാസക്കും ലൂസിയ ബ്രാസെലിസിനുമാണ് മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം.
സുവര്‍ണ ചകോര പുരസ്‌കാരമായ 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ‘ടു സീസണ്‍സ് ടു സ്‌ട്രേഞ്ചേഴ്‌സ്’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും മുഖ്യമന്ത്രി സമര്‍പ്പിച്ചു. ‘തന്തപ്പേരി’ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം നല്‍കി. രജത ചകോര പുരസ്‌കാരമായ നാലു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ‘ബിഫോര്‍ ദ ബോഡി’യുടെ സംവിധായകര്‍ ഏറ്റുവാങ്ങി.



