Connect with us

International

കൊല്ലപ്പെട്ട ബംഗ്ലാദേശ് ജെന്‍സി പ്രക്ഷോഭ നേതാവിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32 കാരനായ ഉസ്മാന്‍ ഹാദി

Published

|

Last Updated

ധാക്ക | വെടിയേറ്റതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട ബംഗ്ലാദേശ് ജെന്‍സി പ്രക്ഷോഭനേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹം സിങ്കപ്പൂരില്‍ നിന്ന് ധാക്കയിലെത്തിച്ചു. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു ഈ 32 കാരന്‍.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ധാക്കയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നില്‍ക്കെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഡിസംബര്‍ 12-ന് ധാക്കയിലെ പള്‍ട്ടാന്‍ പ്രദേശത്ത് വെച്ചാണ് ഉസ്മാന്‍ ഹാദിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ സിങ്കപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് മൃതദേഹം ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. ഹാദിയുടെ മൃതദേഹം ഇന്ന് രാത്രി നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിക്കും. നാളെ മണിക് മിയ അവന്യൂവില്‍ മയ്യത്ത് പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് സംസ്‌കാരം നടക്കുക. ധാക്ക യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ പള്ളിക്ക് സമീപം, ദേശീയ കവി കാസി നസ്രുള്‍ ഇസ്ലാമിന്റെ ശവകുടീരത്തിന് അടുത്ത് ഷെരീഫ് ഉസ്മാന്‍ ഹാദിയെ ഖബറടക്കും.

ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഹാദിയുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചു.

 

Latest