articles
സംസ്‌കാരങ്ങളെ ബന്ധിപ്പിച്ച ക്ലാസ്സിക്കല്‍ ഭാഷ
നാലായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അറബി, തലമുറകള്‍ പിന്നിട്ടിട്ടും ബലക്ഷയമില്ലാതെ ക്ലാസ്സിക്കല്‍ ഭാഷകളിലും വിനിമയ സാഹിത്യങ്ങളിലും അതുല്യ സ്ഥാനമലങ്കരിക്കുന്നു.
മാനവ രാശിയുടെ വൈജ്ഞാനിക, സാംസ്‌കാരിക പൈതൃകത്തെ ദീപ്തമാക്കിയ അമൂല്യ രത്‌നമാണ് അറബി ഭാഷ. വ്യക്തമായി ലിഖിതപ്പെടുത്താനും സുതാര്യമായി ആഖ്യാനം ചെയ്യാനും കഴിയുന്നത് എന്ന അര്‍ഥം കുറിക്കുന്ന “അറബ്’ എന്ന പദം തന്നെ, ഈ ഭാഷയുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ലോകാവസാനം വരെയുള്ള മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനായി അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയില്‍ ആയത്. അല്ലാഹു പറയുന്നു: “സ്പഷ്ടമായ അറബി ഭാഷയിലാണ് അത് (ഖുര്‍ആന്‍) അവതിരിപ്പിച്ചത്’. (അശ്ശുഅറാഅ്:195)
അറബി ഭാഷ കേവലം ആശയവിനിമയത്തിന്റെ ഉപകരണമല്ല; അത് ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്ന ഭാഷയാണ്. ഭയം, സങ്കടം, ദേഷ്യം, സന്തോഷം, ആശ്ചര്യം തുടങ്ങിയ വികാരങ്ങളുടെ ഭാവങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കാനും ലോകസാഹിത്യത്തെ അതുല്യമായ ആകര്‍ഷണത്തോടെ അവതരിപ്പിക്കാനും അതിലെ ഓരോ പദത്തിനും കഴിവുണ്ട്.
അതുകൊണ്ടുതന്നെ അറബിയെ “ഭാഷകളിലെ രാജകുമാരി’ എന്ന് വിശേഷിപ്പിക്കുന്നു.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രൂപംകൊണ്ട സെമിറ്റിക് ആര്യന്‍ ഭാഷാ കുടുംബങ്ങള്‍ ലോകഭാഷകളുടെ ആദിമ ഉറവിടങ്ങളായി അറിയപ്പെടുന്നു. സെമിറ്റിക് വംശത്തില്‍ നിന്ന് ഹീബ്രു, അറബി, സുരിയാനി ഭാഷകള്‍ ഉടലെടുത്തപ്പോള്‍, ആര്യന്‍ കുടുംബത്തില്‍ നിന്ന് ലാറ്റിന്‍, ഗ്രീക്ക്, സംസ്‌കൃതം, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് എന്നിവ പിറവിയെടുത്തു. സാംസ്‌കാരിക പൈതൃകവും സാഹിത്യ തനിമയും ജ്വലിച്ചുനില്‍ക്കുന്ന സെമിറ്റിക് ഭാഷകളില്‍ അറബി ഇന്ന് 28 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും ലോകമെമ്പാടുമായി 422 മില്യണ്‍ ജനങ്ങളുടെ സമ്പര്‍ക്കഭാഷയും 162 മില്യണിലധികം മുസ്‌ലിംകളുടെ ആത്മീയ ശബ്ദവുമാണ്. അറബിയെ മാതൃഭാഷയായി സ്വീകരിച്ച മുസ്‌ലിം, അമുസ്‌ലിം സമൂഹങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നായി അറബിയും നിലകൊള്ളുന്നു. ലോകത്തിലെ മറ്റു ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി “ളാദ്’ എന്ന ശബ്ദത്തെ കലാത്മകതയും ഗാംഭീര്യവും ചേര്‍ത്ത് ഉച്ചരിക്കാന്‍ കഴിയുന്ന ഏക ഭാഷയായതിനാല്‍ അറബിയെ ആദരപൂര്‍വം “ലുഗത്തു ളാദ്’- ളാദിന്റെ ഭാഷ എന്ന് വിളിക്കുന്നു.
സമ്പുഷ്ടതയുടെ സമുദ്രം
അറബി ഭാഷയിലെ ഓരോ പദത്തിനും അതിന്റേതായ സംഗീതമുണ്ട്. ഉച്ചരിക്കാത്ത അക്ഷരങ്ങളോ മങ്ങിയ ശബ്ദങ്ങളോ അതിലില്ല. പദ സമ്പത്ത് അത്യന്തം വിപുലമായതിനാല്‍ ഒരു വാക്കിന് തന്നെ അനേകം അര്‍ഥങ്ങള്‍ ഉണ്ടായിരിക്കും. നൂറിലധികം അര്‍ഥങ്ങളുള്ള പദങ്ങള്‍ വരെ അറബിയില്‍ കാണാം. “അയ്ന്‍’ എന്ന അറബി പദം കണ്ണ്, ഉറവ, സ്വര്‍ണം, ചാരന്‍, വസ്തു, മേധാവി, സത്യം, കേന്ദ്രം, വിശിഷ്ടവ്യക്തി എന്നിങ്ങനെ ദശക്കണക്കിന് അര്‍ഥങ്ങള്‍ വഹിക്കുന്നു. “നഫ്‌സ്’ എന്ന പദം ആത്മാവ്, ജീവന്‍, വ്യക്തി, അതേവസ്തു, മനസ്സ്, ആഗ്രഹം എന്നിങ്ങനെ വ്യത്യസ്ത അര്‍ഥലോകങ്ങള്‍ തുറക്കുന്നു. ശബ്ദശാസ്ത്രത്തിലെ നിര്‍മലതയും വാക്യങ്ങളുടെ കവിതാ താളവും അറബിയെ ശബ്ദസംഗീതത്തിന്റെ സവിശേഷ ലോകമാക്കി മാറ്റുന്നു.
വിശുദ്ധ ഖുര്‍ആന്‍: അറബിയുടെ അനശ്വര ഹൃദയം
ദൈവിക വചനമായ വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷക്ക് ആത്മീയവും സാഹിത്യപരവുമായ അനശ്വരത സമ്മാനിച്ചു. അല്ലാഹു പറയുന്നു: “നാമാണ് ഖുര്‍ആനിനെ അവതരിച്ചിട്ടുള്ളത്. നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യും’ (ഖുര്‍ആന്‍/15: 9). ഗദ്യത്തിന്റെയും പദ്യത്തിന്റെയും അതിരുകള്‍ അലിഞ്ഞുമാറുന്ന ഖുര്‍ആനിന്റെ സജ്അ് ശൈലിയിലെ ലയവും റിതവും താളവും അറബിയുടെ പ്രൗഢിയെ ലോകത്തിനു മുന്നില്‍ തെളിയിച്ചു. ഖുര്‍ആന്‍ മുഖേനയാണ് പാരായണ ശാസ്ത്രം, ബലാഗ, വാഗ്മിത്വശാസ്ത്രം, ശബ്ദശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകള്‍ സവിശേഷ രൂപംകൊണ്ടത്.
ജാഹിലിയ്യാ കാവ്യത്തിന്റെ പ്രകാശിത പാരമ്പര്യം
ഇസ്‌ലാമിന്റെ ഉദയത്തിന് മുമ്പ് തന്നെ അറബി ഭാഷയില്‍ കവിതക്ക് സമൃദ്ധമായ ലോകം ഉണ്ടായിരുന്നു. “മുഅല്ലഖാത്ത്’ എന്ന പേരില്‍ കഅ്ബയുടെ ഭിത്തിയില്‍ സ്വര്‍ണാക്ഷരങ്ങളില്‍ തൂക്കിയിരുന്ന ഏഴ് ഖണ്ഡ കാവ്യങ്ങള്‍ അറബി ഭാഷയുടെ ആദിമ സാഹിത്യത്തെ സാക്ഷ്യപ്പെടുത്തുന്നു. ഇംറുല്‍ഖൈസ്, ത്വറഫ, സുഹൈര്‍ എന്നിവര്‍ മനുഷ്യഹൃദയത്തിന്റെ സ്പന്ദനങ്ങളെ കവിതയുടെ താളത്തിലാക്കി, അറബി സാഹിത്യത്തെ കൂടുതല്‍ ദീപ്തമാക്കി.
ജ്ഞാന പൈതൃകം
കവിതയിലും ഗദ്യത്തിലും മാത്രമല്ല, വൈദ്യം, രസതന്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ സകല മേഖലകളിലും അറബി ഭാഷയില്‍ പണ്ഡിതര്‍ അമൂല്യ സംഭാവനകള്‍ നല്‍കി. ഇബ്‌നുസീനയുടെ വൈദ്യശാസ്ത്രം, ഇബ്‌നു ഹൈസത്തിന്റെ പ്രകാശശാസ്ത്രം, ഇബ്‌നു ഖല്‍ദൂന്റെ സാമൂഹികചിന്ത, ഇബ്‌നു റുശ്ദിന്റെ തത്ത്വചിന്ത ഇവയെല്ലാം അറബി ഭാഷയിലൂടെയാണ് ലോകത്തെ ആദ്യം സ്പര്‍ശിച്ചത്. ഗ്രീക്ക് വിജ്ഞാനത്തെ സംരക്ഷിച്ച് പാശ്ചാത്യ ലോകത്തേക്ക് കൈമാറിയതിലും അറബി പണ്ഡിതര്‍ക്ക് പങ്കുണ്ട്.
ആധുനികതയിലേക്ക്
പൗരാണികതയോടൊപ്പം ആധുനിക ലോകത്തിന്റെ സാങ്കേതികതകളെയും അറബി ഭാഷ അതിവേഗം ഉള്‍ക്കൊണ്ടു. ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍, എ ഐ പ്രയോഗങ്ങളില്‍, അന്തര്‍ദേശീയ മാധ്യമങ്ങളില്‍, ആഗോള തൊഴില്‍ രംഗങ്ങളില്‍ അറബി ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു.
സംസ്‌കാരങ്ങളില്‍ അറബി ഭാഷയുടെ സ്പന്ദനം
അറബി-മലയാള സാംസ്‌കാരിക ബന്ധങ്ങള്‍ നൂറ്റാണ്ടുകളായി കേരളത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. 14ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്‌നു ബത്തൂത്ത, രിഹ്‌ല എന്ന കൃതിയില്‍ കേരളത്തിലെ അറബി ഭാഷയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. ഭാഷയുടെ പ്രചാരണത്തിന് കോഴിക്കോട്ടെ ഖാസിമാരുടെയും മഖ്ദൂമുമാരുടെയും സാന്നിധ്യം സ്മരണീയമാണ്. വ്യാപാരത്തിനായി അറേബ്യയില്‍ നിന്നെത്തിയ യാത്രികര്‍ കൊണ്ടുവന്ന ഈ ഭാഷ, ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ, തൊഴില്‍, വിദേശ വിനിമയ മേഖലകളില്‍ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. അറബിയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് വാര്‍ത്താ മാധ്യമങ്ങള്‍ മുതല്‍ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ വരെ അനവധി അവസരങ്ങള്‍ തുറക്കുന്നു.
ബഹുഭാഷാത്വത്തെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും ആദരിച്ച്, യുനെസ്‌കോ 2010 മുതല്‍ ഡിസംബര്‍ 18നെ ലോക അറബി ഭാഷാ ദിനമായി ആചരിക്കുന്നു. നാലായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അറബി, തലമുറകള്‍ പിന്നിട്ടിട്ടും ബലക്ഷയമില്ലാതെ ക്ലാസ്സിക്കല്‍ ഭാഷകളിലും വിനിമയ സാഹിത്യങ്ങളിലും അതുല്യ സ്ഥാനമലങ്കരിക്കുന്നു. സ്ഫുടതയും മാധുര്യവും ഒരുപോലെ പകരുന്ന ഈ ഭാഷ, എഴുത്തിലെ സൗന്ദര്യത്താലും ഉച്ചാരണത്തിലെ വശ്യതയാലും ആശയഗ്രാഹ്യതയിലെ വേഗതയാലും ലോകഭാഷകളില്‍ എന്നും ശ്രദ്ധേയമാണ്.
സംസ്‌കാരങ്ങളുടെ പാലമായും ഭാഷകളുടെ ഹൃദയനാദമായും ആശയങ്ങളുടെ അറ്റമില്ലാത്ത സാഗരമായും അറബി ഭാഷ ഇന്നും ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കലും വറ്റാത്ത ജ്ഞാനത്തിന്റെ അനശ്വരപ്രവാഹമായി, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന ദിവ്യഭാഷയായി അറബി ഭാഷ നിലകൊള്ളുന്നു.
(അസ്സഖാഫ പത്രാധിപരാണ് ലേഖകന്‍)



