Connect with us

Kerala

ചങ്ങരോത്ത് ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച സംഭവം; പോലീസ് കേസെടുത്തു

പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയില്‍ 10 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്

Published

|

Last Updated

കോഴിക്കോട് | ദലിത് വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ചങ്ങരോത്ത് പഞ്ചായത്തില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എസ് സി-എസ് ടി വകുപ്പ് പ്രകാരമാണ് കേസ്. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വിജയാഹ്‌ളാദ പ്രകടനത്തിനിടെയാണ് ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിക്കുന്നതായിരുന്നു മുസ്്‌ലിം ലീഗിന്റെ നടപടിയെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പ്രതികരിച്ചിരുന്നു.

എന്നാല്‍, അഴിമതി ഭരണം തുടച്ചുനീക്കിയതിന്റെ പ്രതീകാത്മകമായാണ് ശുദ്ധികലശം നടത്തിയതെന്നാണ് ലീഗ് വിശദീകരണം. കഴിഞ്ഞ തവണ നഷ്ടപെട്ട ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചതിനു പിന്നാലെ നടന്ന വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്. ചാണക വെള്ളം തളിച്ച് പഞ്ചായത്ത് ശുദ്ധീകരിച്ചെന്ന അടിക്കുറിപ്പോടെ ഇത് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു മുസ്ലിം ലീഗ് എന്ന ആരോപണവുമായി സി പി എം രംഗത്തെത്തി.

സംഭവത്തില്‍ മനോവിഷമമുണ്ടെന്നും ദളിത് സമൂഹത്തെയാണ് ലീഗ് ആക്ഷേപിച്ചതെന്നും ഉണ്ണി വെങ്ങേരി പറഞ്ഞു. ലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പട്ടികജാതി ക്ഷേമ സമിതിയും പ്രതിഷേധം സംഘടിപ്പിച്ചു. 20സീറ്റുകളുള്ള പഞ്ചായത്തില്‍ ഇത്തവണ ഒറ്റ സീറ്റില്‍ മാത്രമാണ് എല്‍ ഡി എഫ് വിജയിച്ചത്.

 

Latest