Connect with us

articles

ഹിന്ദുത്വയുടെ തൊഴില്‍ കോഡുകള്‍

രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഏത് തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാലും അതില്‍ മാറ്റമില്ലാതെ തുടരേണ്ട ഒരു കാര്യം, രാജ്യത്തെ തൊഴില്‍ സേനയുടെ 90 ശതമാനം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് പുതിയ നിയമങ്ങള്‍ ഗുണകരമാകണം എന്നതാണ്.

Published

|

Last Updated

2019ല്‍ പ്രസിഡന്റ് അംഗീകരിച്ച നാല് തൊഴില്‍ കോഡുകള്‍ നവംബര്‍ 21, 2025 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. തൊഴിലാളിയും തൊഴില്‍ദാതാക്കളും ഭരണകൂടവും തമ്മിലുള്ള എല്ലാവിധ വിനിമയങ്ങളിലും സമ്പൂര്‍ണവും കാലോചിതവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. ഉത്പാദനഘടനയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുക, അവയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വഴക്കം കൊണ്ടുവരിക, തൊഴിലാളി- മുതലാളി ബന്ധങ്ങള്‍ സുതാര്യവും തൊഴിലാളി സൗഹൃദവുമാക്കുക, തൊഴിലാളിയുടെ ജോലിക്ക് കൂടുതല്‍ സ്ഥിരത നല്‍കുക, നിയമ വ്യവസ്ഥക്കുള്ളില്‍ അവരുടെ തൊഴിലും തൊഴില്‍ സാഹചര്യങ്ങളും കൂടുതല്‍ സുരക്ഷിതത്വമുള്ളതാക്കുക, അതുവഴി തൊഴിലാളി- മുതലാളി തര്‍ക്കങ്ങള്‍ ഇല്ലാതാക്കുക, തങ്ങളുടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മുതലാളിക്ക് കഴിയുന്ന തൊഴിലാളിയെ സൃഷ്ടിക്കുക തുടങ്ങി മുതലാളിയും തൊഴിലാളിയും ഒരുപോലെ വിജയിക്കുന്ന ഇടമായി രാജ്യത്തിന്റെ തൊഴില്‍ മേഖലയെ മാറ്റുന്ന പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളത് എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ സെക്രട്ടറി പറയുന്നത്. ആദ്യം പുതിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്റെ പ്രാഥമിക യുക്തി എന്താണെന്ന് നോക്കാം.

നിലവില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ദോഷമാണ് എന്നാണ് ഭരണകൂടവാദം. നിലവിലുള്ളത് 29 തൊഴില്‍ നിയമങ്ങളാണ്. അതുമായി ബന്ധപ്പെട്ട 1,436 റൂളുകള്‍ ഒരു കമ്പനി അനുസരിക്കേണ്ടതുണ്ട്. ഒരു വര്‍ഷം പലതലത്തിലായി 31 റിട്ടേണുകള്‍ ഒരു കമ്പനി സമര്‍പ്പിക്കണം. 181 ഫോമുകള്‍ ഒരു വര്‍ഷം പൂരിപ്പിക്കണം. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു കമ്പനി 84 രജിസ്റ്ററുകള്‍ സൂക്ഷിക്കണം. ഇത്രയും സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളെയും അവയുടെ നടത്തിപ്പിനെയും നാല് ലളിതമായ പൊതു തൊഴില്‍ നിയമങ്ങളിലേക്ക് ചുരുക്കുകവഴി ഒരു കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇന്റര്‍നെറ്റ് മാധ്യമത്തിലേക്ക് മാറ്റാനും അതുവഴി നിലവില്‍ കമ്പനികള്‍ നേരിടുന്ന നിയമം പാലിക്കാനുള്ള ബാധ്യതയുടെ ഭാരം വളരെയധികം കുറക്കാനും കഴിയും എന്നതാണ് തൊഴില്‍ നിയമ പരിഷ്‌കരണത്തിന്റെ ഏറ്റവും പ്രാഥമികമായ ഭരണകൂട യുക്തി.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും മുഖ്യമായ സവിശേഷതയെന്നത് നാനാത്വത്തില്‍ ഏകത്വമാണ്. വൈവിധ്യങ്ങളിലുള്ള സങ്കീര്‍ണത നമ്മുടെ തൊഴിലിടങ്ങളിലും കാണാം. ചിലര്‍ ഫാക്ടറികളില്‍ ജോലി ചെയ്യുമ്പോള്‍ ചിലര്‍ പാടത്തായിരിക്കും ജോലി ചെയ്യുക. ചിലര്‍ മരത്തിന്റെ മുകളിലായിരിക്കും. ചിലര്‍ കടലിലും കരയിലുമായിരിക്കും ജോലി ചെയ്യുക. ചിലര്‍ തേയില, കാപ്പി, റബര്‍ പോലുള്ള നാണ്യവിള തോട്ടങ്ങളിലായിരിക്കും. ചിലര്‍ ചെറു കുടില്‍ വ്യവസായങ്ങളിലായിരിക്കും. പറഞ്ഞുവന്നത് ഇന്ത്യ മുഴുവന്‍ ഒരുപോലെ ബാധകമായ നാല് തൊഴില്‍ നിയമങ്ങള്‍കൊണ്ട് അഭിസംബോധന ചെയ്യാന്‍ കഴിയുന്നത്ര ലഘുവും ലളിതവുമല്ല ഇന്ത്യയിലെ വിവിധ തൊഴിലിടങ്ങളും അവിടുത്തെ പ്രശ്‌നങ്ങളും എന്നാണ്. ഇവിടെയാണ് തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഗുണകരമാകുന്ന തൊഴില്‍ നിയമങ്ങള്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നത്. കടലില്‍ പോകുന്നവന്റെ പ്രശ്‌നമല്ല ആകാശത്തില്‍ ജോലി ചെയ്യുന്നവരുടേത്. തൊഴിലിടങ്ങളിലുള്ള അടിസ്ഥാനപരമായ ഈ വൈവിധ്യത്തെ കാണാതെ എല്ലാ കാലിലേക്കും പറ്റുന്ന ഒരു സാങ്കല്‍പ്പിക ചെരുപ്പ് ഉണ്ടാക്കുന്നത് പോലെ നാല് തൊഴില്‍ കോഡുകള്‍ ഉണ്ടാക്കുന്നത് നീതിപൂര്‍വമാണെന്ന് സാമാന്യബോധമുള്ള ആരും പറയാന്‍ ഇടയില്ല. രാഷ്ട്രത്തിന് ഒരു ഭരണകൂടം, ഒരു തിരഞ്ഞെടുപ്പ്, ഒരു നികുതി വ്യവസ്ഥ, ഒരു മതം, ഒരു സംസ്‌കാരം മാത്രം മതിയെന്ന ഹിന്ദുത്വ ഭാവനയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഒരു മുദ്രാവാക്യം കൂടി “ഒറ്റത്തൊഴില്‍ നിയമം’. അങ്ങനെ മാത്രമേ യുക്തിബോധമുള്ളവര്‍ക്ക് പുതിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ കാണാന്‍ കഴിയൂ.

“Ease of doing business’ എന്നതാണ് നവലിബറല്‍ കാലത്തെ ഭരണകൂട മുദ്രാവാക്യം. രാജ്യത്തുണ്ടാകുന്ന സമ്പത്തിന്റെ മുഴുവനും ഏതാനും ചിലരുടെ കൈകളിലേക്ക് എത്തിക്കുന്നതിനെയാണ് നവലിബറല്‍ ഭരണകൂടങ്ങള്‍ “Ease of doing business’ എന്ന് പറയുന്നത് എന്നാണ് കഴിഞ്ഞ 35 വര്‍ഷത്തെ ഇന്ത്യയുടെ നവലിബറല്‍ വികസനം പഠിപ്പിക്കുന്നത്. ആ നിലക്ക്, പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്കും മുതലാളിക്കും ഭരണകൂടത്തിനുമിടയില്‍ കാര്യങ്ങള്‍ എളുപ്പമുള്ളതും വഴക്കമുള്ളതും ആക്കുമെന്ന ഭരണകൂട വാദത്തെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

ലോക സമ്പദ് വ്യവസ്ഥയുമായി ഇന്ത്യന്‍ ഉത്പാദന മേഖലകളെ കണ്ണിചേര്‍ക്കുക എന്നത് നമ്മുടെ വ്യാപാര നയങ്ങളുടെയും തൊഴില്‍ നയങ്ങളുടെയും മുഖ്യ അജന്‍ഡയാണ്. നാളിതുവരെയില്ലാത്ത രീതിയില്‍ നമ്മുടെ തൊഴിലിടങ്ങള്‍ മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ വ്യാപനം, ഡിജിറ്റല്‍ ഇക്കോണമിയുടെ വളര്‍ച്ച, ജ്ഞാന സമ്പദ് വ്യവസ്ഥയുടെ വികാസം, വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ തൊഴില്‍ സങ്കല്‍പ്പം, ഗിഗ് ഇക്കോണമിയുടെ വികാസം, ഒരാള്‍ തന്നെ ഒരേ സമയം പല കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ഥിതി, സ്ഥിര ജോലിയുള്ളവര്‍ തന്നെ തങ്ങളുടെ ജോലി സമയത്തിന് ശേഷം ഡിജിറ്റലോ അല്ലാത്തതോ ആയ മറ്റു ജോലികള്‍ ചെയ്യുന്നതൊക്കെ പരമ്പരാഗത മുതലാളി- തൊഴിലാളി ബന്ധത്തെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ആ നിലക്ക് രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഏത് തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാലും അതില്‍ മാറ്റമില്ലാതെ തുടരേണ്ട ഒരു കാര്യം, രാജ്യത്തെ തൊഴില്‍ സേനയുടെ 90 ശതമാനം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് പുതിയ നിയമങ്ങള്‍ ഗുണകരമാകണം എന്നതാണ്. മുതലാളിമാര്‍ക്ക് സുഖം കിട്ടുന്നുണ്ടോ എന്നത് മാത്രമാകരുത് തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍.

പുതുക്കിയ തൊഴില്‍ നിയമത്തിലെ ഏറ്റവും മൂര്‍ത്തമായ രണ്ട് വകുപ്പുകളാണ്, 300 വരെയുള്ള തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ താത്കാലികമായോ സ്ഥിരമായോ പിരിച്ചുവിടാന്‍ മുന്‍കൂട്ടിയുള്ള സര്‍ക്കാര്‍ അനുവാദമൊന്നും വേണ്ടെന്നുള്ളതും മിന്നല്‍ പണിമുടക്ക് നിരോധിച്ചതും. ഇനി മുതല്‍ കമ്പനികള്‍ക്ക് ഇഷ്ടാനുസരണം അവരുടെ തൊഴിലാളികളുടെ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാം. കമ്പോളത്തിലെ നിരന്തരം മാറുന്ന ചോദനാ സാഹചര്യങ്ങള്‍ക്കനുസരിച്ച് കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ ഇനി മുതല്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വകുപ്പും മിന്നല്‍ പണിമുടക്ക് പാടില്ല എന്ന വകുപ്പും ചേര്‍ന്ന് വരുമ്പോള്‍ ഫലത്തില്‍ ഇന്ത്യയിലെ തൊഴിലാളി യൂനിയനുകള്‍ക്ക് ഫലപ്രദമായി മുതലാളിമാരോട് വിലപേശാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാക്കും. കരാര്‍ തൊഴിലുകള്‍ കൂടുകയും അതില്‍ പോലും മുതലാളിയുടെ ഇഷ്ടത്തിനനുസരിച്ച് ജോലികള്‍ ചെയ്യേണ്ട ദുഃസ്ഥിതിയിലേക്ക് തൊഴിലാളികള്‍ നയിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ തന്നെ ദുര്‍ബലരും ക്രയശേഷി കുറഞ്ഞവരും വിലപേശല്‍ ശേഷി ഒട്ടുമേ ഇല്ലാത്തവരുമായ അസംഘടിത തൊഴിലാളികളെ അടിമത്തൊഴിലാളികള്‍ ആക്കാനേ പുതിയ തൊഴില്‍ പരിഷ്‌കാരം ഇടയാക്കൂ. ഇത്തരമൊരു സാധ്യത നിലനില്‍ക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് “ലിഖിതമായ ഒരു നിയമന ഉത്തരവ്’ തൊഴില്‍ ദാതാവ് കൊടുക്കും എന്ന് പറയുന്നു. അസംബന്ധം മാത്രമാണത്. ഈ നിയമന ഉത്തരവ് കൊണ്ടുപോയി കാണിച്ചാല്‍ ഇന്ത്യയിലെ ബേങ്കുകള്‍ അവര്‍ക്ക് വായ്പകള്‍ കൊടുക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

പുതിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളില്‍ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിലേക്ക് കമ്പനികള്‍ പ്രതിമാസം പണമടക്കണം, തൊഴിലാളികള്‍ക്ക് കമ്പനികള്‍ ഗ്രാറ്റുവിറ്റി കൊടുക്കണം, ശമ്പളം കൃത്യമായി കൊടുക്കണം, തൊഴിലാളിക്ക് മിനിമം കൂലി കൊടുക്കണം, 40 കഴിഞ്ഞ തൊഴിലാളികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് നല്‍കണം, വനിതാ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ പ്രസവാവധി കൊടുക്കാനും വകുപ്പുകളുണ്ട്. ഇവയൊക്കെ തന്നെ കമ്പനികളുടെ വാര്‍ഷിക സാമ്പത്തിക ബാധ്യതയുയര്‍ത്തും. ഇതിനോട് കമ്പനികള്‍ എങ്ങനെ പ്രതികരിക്കും എന്നത് കണ്ടുതന്നെ അറിയണം. നാളിതുവരെയില്ലാത്ത നിര്‍ദേശങ്ങളാണെങ്കിലും സ്വന്തം തടികേടാകാതിരിക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ചെറുകിട, ഇടത്തരം സംരംഭകര്‍ തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ കുറക്കാന്‍ മീഡിയം കമ്പനികളെ രണ്ടോ മൂന്നോ ചെറുകിട കമ്പനികളാക്കി മാറ്റാം. അതുവഴി തങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കുന്ന തൊഴിലാളി സൗഹൃദ ബാധ്യതകളെ അവര്‍ മറികടന്നേക്കാം. ജീവനക്കാരുടെ എണ്ണം പത്തില്‍ താഴെ നിര്‍ത്തുക, തൊഴിലാളികളെ എടുക്കുന്നത് 11 മാസത്തേക്ക് ആക്കുക തുടങ്ങിയ കൗശലങ്ങള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ തൊഴില്‍ നിയമത്തിനകത്തുള്ള തൊഴിലാളി സൗഹൃദ വകുപ്പുകളെ മുതലാളിമാര്‍ മറികടന്നേക്കാം. തൊഴിലാളികള്‍ക്ക് മിനിമം കൂലി കൊടുക്കണം എന്നത് മിക്ക ചെറിയ സംരംഭകരെയും സംബന്ധിച്ച് സാധ്യമായ കാര്യമല്ല. പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍ സീസണല്‍ ആയി പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ച്.

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ എത്രത്തോളം ഈ പുതിയ തൊഴില്‍ നിയമത്തെ സ്വീകരിക്കും എന്നറിയില്ല. അടുത്ത് തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഉടനടി തൊഴില്‍ പരിഷ്‌കരണം ഉണ്ടാകാന്‍ ഇടയില്ല. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ നിയമം പാസ്സാക്കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടപ്പാകാന്‍ തുടങ്ങൂ. കാരണം തൊഴില്‍ നിയമങ്ങള്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട കാര്യമാണല്ലോ. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ഉണ്ടായിരുന്ന രജിസ്‌ട്രേഷന്‍ ബാഹുല്യവും മറ്റിതര ഉദ്യോഗസ്ഥ മേധാവിത്തവും കുറക്കാനും വ്യവസായങ്ങള്‍ക്ക് അനുകൂലമായ, നവലിബറല്‍ സമ്പദ് വ്യവസ്ഥക്ക് അനുരൂപമായ ഒരു ലേബര്‍ ഫ്രെയിംവര്‍ക്കിലേക്ക് മാറാനുള്ള ശ്രമമാണ് ഇപ്പോഴത്തെ പുതിയ ലേബര്‍ കോഡിന് പിറകിലുള്ളത്.

സൂക്ഷിച്ചു നോക്കിയാല്‍ പുതിയ നിയമത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായതെന്ന് തോന്നുന്ന ഒന്ന് പോലും അവര്‍ക്ക് ഫലപ്രദമായി ലഭിക്കാന്‍ ഇടയില്ല. എന്നാല്‍ ഇഷ്ടാനുസരണം തൊഴിലാളികളെ പിരിച്ചുവിടാം എന്നതും മിന്നല്‍ പണിമുടക്ക് പറ്റില്ലെന്നുള്ളതും പ്രത്യക്ഷമായിത്തന്നെ മുതലാളിമാരെ സഹായിക്കുന്ന കാര്യമാണ്. നിലവിലുള്ള ലേബര്‍ കോഡിനകത്ത് ഹിന്ദുത്വയുടെ ജാതി മൂല്യങ്ങള്‍ അവര്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. തൊഴില്‍ എന്നത് വെറുമൊരു ജീവനോപാധി മാത്രമല്ലെന്നും അത് നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ സേവിക്കാനുള്ളതാണെന്നും അതിന്റെ സമാധാനപൂര്‍ണമായ നിലനില്‍പ്പിന് നമ്മളെല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമുള്ള ഒരാഹ്വാനം ലേബര്‍ കോഡിനകത്തുണ്ട്. ഓരോ ജാതിക്കാരും അവരവരുടെ ജാതികള്‍ക്ക് പറഞ്ഞിട്ടുള്ള കര്‍ത്തവ്യങ്ങള്‍ യാതൊരു മടിയോ മുറുമുറുപ്പോ കൂടാതെ ചെയ്തുകൊള്ളണം എന്ന മനുസ്മൃതി യുക്തി തന്നെയാണ് ലേബര്‍ കോഡിനകത്തുള്ളത്. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍ പെട്ടവരായതിനാല്‍ ലേബര്‍ കോഡ് കൃത്യമായി നടപ്പാക്കിയാല്‍ അതിന്റെ ഗുണം അത്തരം സമൂഹങ്ങള്‍ക്ക് കിട്ടും. എന്നാല്‍ മുതലാളിമാര്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കിയ ചരിത്രം പരിശോധിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ കിട്ടുകയുള്ളൂ എന്നുറപ്പിച്ചു പറയാന്‍ കഴിയും.

(ലേഖകന്‍ കൊടുങ്ങല്ലൂര്‍ ഗവ. കോളജിലെ ഇക്കോണമിക്‌സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറാണ്)

Latest