Articles
ഇത് ജനങ്ങളുടെ പിന്തുണ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നിലനില്‍ക്കെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാന്‍ പോലും കോണ്‍ഗ്രസ്സിനാകുമായിരുന്നില്ല
കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലൊക്കെയും സി പി എമ്മിന്റെ പ്രകടമായ മേല്‍ക്കോയ്മയാണ് കാണാറുള്ളത്. പ്രാദേശികതലത്തില്‍ പാര്‍ട്ടിക്കുള്ള ജനസ്വാധീനം, ജനപ്രിയരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ കാണിക്കുന്ന ജാഗ്രത, നാട്ടിലെ വിവിധങ്ങളായ വിഷയങ്ങളില്‍ ഇടപെടുന്നതിലുള്ള താത്പര്യം എന്നിങ്ങനെ കാരണങ്ങള്‍ പലത്. പക്ഷേ, ഇത്തവണ ഇതൊന്നും സി പി എമ്മിനെ തുണച്ചില്ല. ഭൂരിപക്ഷ പഞ്ചായത്തുകളിലും ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ്സ് വലിയ മുന്നേറ്റം കുറിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ പാതിയും നേടി. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും കോര്‍പറേഷനുകളിലും വ്യക്തവും ആധികാരികവുമായ വിജയം കൈവരിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ ചേര്‍ത്തുപിടിച്ചു.
കോണ്‍ഗ്രസ്സിന് ഏറെ ആവശ്യം വേണ്ടതായിരുന്നു ഇങ്ങനെയൊരു വിജയം. 2016ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റ് അധികാരത്തിന്റെ തണലൊന്നുമില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്സും മുന്നണി ഘടക കക്ഷികളും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നിലനില്‍ക്കെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാന്‍ പോലും കോണ്‍ഗ്രസ്സിനാകുമായിരുന്നില്ല. നേതാക്കളൊക്കെ ഒന്നിച്ചു തന്നെ നിന്നുവെന്ന് പറയാം. പ്രശ്‌നങ്ങളും പിണക്കങ്ങളും പരമാവധി പരിഹരിക്കാനും കഴിഞ്ഞു. എന്നാലും എല്ലാം ശരിയായിരുന്നോ എന്ന് ചോദിച്ചാല്‍ അത്രക്കങ്ങ് സമ്മതിച്ചു കൊടുക്കാനുമാകില്ല.
സി പി എമ്മിനെ പോലെ സംഘടിതമായി ഒരു കേഡര്‍ പാര്‍ട്ടിയൊന്നുമല്ല കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്ക് ഒരു മുഖം മാത്രമേയുള്ളൂ, ഒരു ശബ്ദം മാത്രമേയുള്ളൂ എന്നൊന്നും അവകാശപ്പെടാനാകില്ല തന്നെ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ പാര്‍ട്ടി നിയമസഭാംഗമായൊരാള്‍ നാണം കെട്ട ലൈംഗികാപവാദ കേസില്‍ പ്രതിയായ സമയത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ അതിശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ പൂര്‍ണ മനസ്സോടെ ഒപ്പം നില്‍ക്കാന്‍ മുഴുവന്‍ നേതാക്കളും ആദ്യം തയ്യാറായില്ലെന്ന കാര്യം ഓര്‍ക്കണം. പി വി അന്‍വറിനെ അകറ്റി നിര്‍ത്തുന്ന കാര്യത്തിലും സതീശന്‍ ഉറച്ചുനിന്നു. ഇവിടെയൊക്കെയും സതീശന്‍ തന്നെയാണ് ശരിയെന്ന് സമയം തെളിയിച്ചു.
കോണ്‍ഗ്രസ്സിലെ വലിയ പ്രശ്‌നം മുതിര്‍ന്ന നേതാക്കളുടെ ആധിക്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് ധാരാളമുണ്ട്. ഇവരൊക്കെയും സംഘടനക്കുള്ളില്‍ അവരവരുടേതായ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പക്ഷേ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇത്തരം അകല്‍ച്ചകളൊന്നും കോണ്‍ഗ്രസ്സിനെ ദോഷകരമായി ബാധിച്ചില്ല. കോണ്‍ഗ്രസ്സുകാരല്ല, സാധാരണ ജനങ്ങളാണ് വോട്ട് ചെയ്തത് എന്നതാണ് കാരണം. എപ്പോഴും കോണ്‍ഗ്രസ്സിന് കേരളത്തില്‍ പിന്‍ബലം നല്‍കിപ്പോന്നത് ഇവിടുത്തെ സാധാരണക്കാരാണെന്നതാണ് സത്യം.
1967 തന്നെ ഉദാഹരണം. 1967ല്‍ സപ്ത മുന്നണിയുണ്ടാക്കി ഇ എം എസ് നമ്പൂതിരിപ്പാട് കോണ്‍ഗ്രസ്സിനെ അട്ടിമറിച്ചു. ആ വര്‍ഷം തന്നെയാണ് തമിഴ്‌നാട്ടിലും കോണ്‍ഗ്രസ്സിന് ഭരണം നഷ്ടമായത്. പഞ്ചാബിലും ഒഡിഷയിലും പശ്ചിമ ബംഗാളിലുമൊക്കെ ആ വര്‍ഷം കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞു. അവിടെയൊന്നും കോണ്‍ഗ്രസ്സ് പിന്നീട് തിരിച്ചുവന്നില്ല. 1967ല്‍ കെ കരുണാകരന്‍ ഒമ്പത് അംഗങ്ങളുടെ നേതാവായി നിയമസഭയിലെത്തി സന്നാഹം തുടങ്ങി. സി പി എം മുന്നണിക്കെതിരെ അദ്ദേഹം പടനയിച്ചു. 1969ല്‍ ഇ എം എസിനെ താഴെയിറക്കി. പിന്നെ ഐക്യജനാധിപത്യ മുന്നണിയുടെ തേരോട്ടം. അതാണ് കേരളം. കേരളത്തിന്റെ ജനാധിപത്യ ബോധം. കൃത്യമായ ഇടവേളകളില്‍ യു ഡി എഫിനെയും എല്‍ ഡി എഫിനെയും അധികാരത്തിലേറ്റിയ കേരളം. അതിനൊരു മാറ്റം കുറിച്ചത് തുടര്‍ ഭരണം നേടിയെടുത്ത പിണറായി വിജയനാണ്.
ഇനി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ്. കൂടുതല്‍ ശക്തിയോടെ ഗോദയിലിറങ്ങാന്‍ കോണ്‍ഗ്രസ്സിന് മതിയായ ഊര്‍ജം ലഭിച്ചിരിക്കുന്നു. ഏറെ ആത്മവിശ്വാസവും. നേതാക്കള്‍ ഒന്നിച്ചു നിന്നാല്‍ ജനങ്ങള്‍ പിന്നാലെയുണ്ടാകും.




