From the print
മൂന്നാം തുടർഭരണ മോഹത്തിന് ചെക്ക്
നില മെച്ചപ്പെടുത്തി ബി ജെ പി
തിരുവനന്തപുരം | എൽ ഡി എഫിന്റെ മൂന്നാം തുടർഭരണ മോഹങ്ങൾക്ക് ചെക്ക് വെച്ച് യു ഡി എഫിന്റെ മികച്ച മുന്നേറ്റം. ഭരണവിരുദ്ധ വികാരമെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്ക് ചെവികൊടുത്ത ജനങ്ങൾ ശബരിമല സ്വർണക്കൊള്ളയിലും പി എം ശ്രീയിലും തങ്ങൾക്കുള്ള പ്രതിഷേധവും ബാലറ്റിലൂടെ പ്രകടിപ്പിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യു ഡി എഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻ ഡി എ നില മെച്ചപ്പെടുത്തുകയും ചെയ്തതോടെ ജില്ലാ പഞ്ചായത്തിലെ വോട്ടിംഗ് പാറ്റേണും ഏഴ് ജില്ലകളിലെ മുന്നേറ്റവും ചൂണ്ടിക്കാട്ടി പ്രതിരോധമുയർത്താനാണ് സി പി എം ശ്രമം. അതേസമയം, അപ്രതീക്ഷിത തിരിച്ചടി നേരിട്ട എൽ ഡി എഫ് പതിറ്റാണ്ടുണ്ടുകളായി കൈവശം വെച്ചിരുന്ന പഞ്ചായത്തുകളിലടക്കം വൻ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ മേധാവിത്വം നിലനിർത്താൻ സഹായിക്കുെമന്ന് കരുതിയിരുന്ന വാർഡ് വിഭജനവും എൽ ഡി എഫിനെ തുണച്ചില്ല. തിരുവനന്തപുരം നഗരസഭയിലുൾപ്പെടെ വാർഡ് വിഭജനത്തിലൂടെ നിരവധി സീറ്റുകൾ നഷ്ടമായി.
മൂന്നാം സർക്കാർ വരുമെന്ന് നേരത്തേ പ്രഖ്യാപിച്ച് ഭരണനേട്ടങ്ങളിൽ ഊന്നിയായിരുന്നു എൽ ഡി എഫ് പ്രചാരണം. പ്രധാന കേന്ദ്രങ്ങളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇതിന് നേതൃത്വം നൽകിയിരുന്നു. ഇതിനായി പെൻഷൻ വർധിപ്പിച്ചതും സ്ത്രീ സുരക്ഷാ പെൻഷൻ പ്രഖ്യാപിച്ചതും പ്രചാരണായുധമായി ഉപയോഗിച്ചു. പുറമേ, യു ഡി എഫിലെ രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തുടങ്ങിയവയും നേട്ടമാകുമെന്ന് കരുതി. എന്നാൽ, ശബരിമല സ്വർണക്കടത്തും ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ പടലപ്പിണക്കങ്ങളും തിരുവനന്തപുരത്തുൾപ്പെടെ തിരിച്ചടിയായെന്നാണ് പാർട്ടിയിലെ പ്രാഥമിക വിലയിരുത്തൽ.
കോട്ടകൾ ഇളകി
ഉരുക്ക് കോട്ടയായ കോഴിക്കോട്, കൊല്ലം ജില്ലകളിലെ തോൽവിയെ പാർട്ടി ഗുരുതരമായാണ് കാണുന്നത്. കോഴിക്കോട് ആശ്വാസ വിജയമുണ്ടായെങ്കിലും പതിറ്റാണ്ടുകളായി ഭരണത്തിലുണ്ടായിരുന്ന കൊല്ലത്തെ പരാജയം പാർട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടിയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ പലയിടത്തും പിന്നാക്കം പോയതും വയനാട്ടിൽ തുരങ്കപാതയും ടൗൺഷിപ്പുമടക്കം പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമ്പോഴും നേട്ടമുണ്ടാക്കാൻ കഴിയാതിരുന്നതും ചർച്ചയായിട്ടുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടും കൊച്ചി കോർപറേഷനിൽ മുന്നണി അടിപതറിയതും ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്
ഈ തോൽവി പ്രതീക്ഷിച്ചത്
തിരുവനന്തപുരത്തെ തോൽ വി പാർട്ടി പ്രതീക്ഷിച്ചിരുന്നതാണെന്ന് ഫലം വന്നതിന് പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ നിന്ന് വ്യക്തമാണ്. മേയറായിരുന്ന ആര്യാ രാജേന്ദ്രനെതിരെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു ആദ്യവെടി പൊട്ടിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആര്യക്കെതിരെ ആഞ്ഞടിച്ച ഗായത്രി, പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിരുന്നു.
സർക്കാറിനെ ജനങ്ങൾ വെറുത്തതാണ് എൽ ഡി എഫ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് യു ഡി എഫ്, ബി ജെ പി നേതാക്കൾ ആരോപിക്കുന്നു. തിരുവനന്തപുരം ഉൾപ്പെടെ ബി ജെ പിയുടെ നേട്ടത്തിന് കാരണം സി പി എമ്മിന്റെ വർഗീയ പ്രീണനമാണെന്ന പ്രധാന വിമർശമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളടക്കം കഴിഞ്ഞ തവണ എൽ ഡി എഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യു ഡി എഫ് തിരിച്ചുവന്നു. ശബരിമല, ഭരണ പരാജയം എന്നിവ മുൻനിർത്തിയായിരുന്നു യു ഡി എഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവയും യു ഡി എഫ് പ്രചാരണായുധമാക്കി.
തിരുവനന്തപുരം കോർപറേഷനിൽ ഭരണത്തിലേറാനൊരുങ്ങുന്നതിനൊപ്പം എൻ ഡി എ, തൃപ്പൂണിത്തുറ പിടിച്ചെടുക്കുകയും കേവല ഭൂരിപക്ഷമില്ലെങ്കിലും പാലക്കാട് നഗരസഭയിൽ മുന്നിലെത്തിയതും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്തു. 26 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും എൻ ഡി എ മുന്നിട്ട് നിൽക്കുന്നതും ബി ജെ പിക്ക് നേട്ടമാണ്. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ എത്തിക്കാനൊരുങ്ങുകയാണ് ബി ജെ പി.


