Kerala
വിജയക്കൊടി പാറിച്ച് യു ഡി എഫ്; അപ്രതീക്ഷിത തിരിച്ചടിയില്‍ വിറങ്ങലിച്ച് എല്‍ ഡി എഫ്
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. അതേസമയം, സംസ്ഥാനത്തെ എല്‍ ഡി എഫ് ഭരണത്തിനെതിരായ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും യു ഡി എഫിന് അനുകൂലമാവുകയും ചെയ്തു.
തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടകൊത്തളങ്ങള്‍ പലതിനെയും തകര്‍ത്തെറിഞ്ഞ് യു ഡി എഫ് തേരോട്ടം. ഇടതിന്റെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയ മികവുറ്റ വിജയമാണ് യു ഡി എഫ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. അതേസമയം, സംസ്ഥാനത്തെ എല്‍ ഡി എഫ് ഭരണത്തിനെതിരായ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും യു ഡി എഫിന് അനുകൂലമാവുകയും ചെയ്തു. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ പോലുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ പക്ഷെ, തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞില്ല. എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ, ഭരണത്തിനെതിരായി വന്ന കാര്യങ്ങള്‍ പ്രതികൂലമായി തിരിയുകയും ചെയ്തു.
അട്ടിമറി വിജയം തന്നെയാണ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയിരിക്കുന്നത്. 30 വര്‍ഷത്തിന്റെ ദീര്‍ഘമായ ചരിത്രമാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. ഇത്രയും നീണ്ട കാലയളവില്‍ യു ഡി എഫ് സ്വന്തമാക്കുന്ന മികച്ച വിജയങ്ങളിലൊന്നാണിതെന്ന് കാര്യത്തില്‍ സംശയമില്ല.
എറണാകുളം, മലപ്പുറം ജില്ലകളില്‍ ഗംഭീര വിജയമാണ് യു ഡി എഫ് നേടിയത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലും മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാനായി. കോഴിക്കോട് കോര്‍പറേഷനിലും ഉജ്ജ്വല മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനുമായി.
ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ നാലും യു ഡി എഫിന്റെ കൈയിലായി. മുന്‍സിപ്പാലിറ്റി- 54, ജില്ലാ പഞ്ചായത്ത്- ഏഴ്, ബ്ലോക്ക് പഞ്ചായത്ത്- 80, ഗ്രാമപഞ്ചായത്തുകളില്‍- 500 എന്നിങ്ങനെയും നേടി. സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്‍ (തിരുവനന്തപുരം) പിടിച്ചെടുക്കാന്‍ എന്‍ ഡി എക്ക് കഴിഞ്ഞുവെന്നതും എല്‍ ഡി എഫിന് കനത്ത തിരിച്ചടിയായി. പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കാനും (24) അവര്‍ക്കായി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി ഇത്തവണത്തെ ഫലം ചേര്‍ത്തുവെച്ച് പരിശോധിക്കാം-
കൊല്ലത്ത് കഴിഞ്ഞ തവണത്തെക്കാള്‍ 13 സീറ്റുകള്‍ കൂടുതല്‍ പിടിച്ചാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചത്. കൊച്ചിയില്‍ 15, തൃശൂരില്‍ ഒമ്പത് എന്നിങ്ങനെയും അധിക സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. കണ്ണൂരിലും സീറ്റുകളുടെ എണ്ണം കൂട്ടാനായി.
തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണ 34 ഡിവിഷനുകള്‍ നേടി രണ്ടാം സ്ഥാനത്തായിരുന്ന എന്‍ ഡി എ ഇക്കുറി 50 ഡിവിഷനുകള്‍ പിടിച്ചെടുത്തു. 29 ല്‍ എല്‍ ഡി എഫും 19 ല്‍ യു ഡി എഫും വിജയിച്ചു. കഴിഞ്ഞ തവണ 54 സീറ്റുകളുമായാണ് എല്‍ ഡി എഫ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിച്ചത്. രണ്ടുമുതല്‍ 16 വരെ സീറ്റുകളാണ് വിവിധ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ എന്‍ ഡി എ കഴിഞ്ഞ തവണത്തേക്കാള്‍ അധികമായി പിടിച്ചത്.
2020-ല്‍ നേടിയ എറണാകുളം, വയനാട്, മലപ്പുറം ജില്ലാപഞ്ചായത്തുകള്‍ക്കു പുറമെ, ഇത്തവണ കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകള്‍ കൂടി യു ഡി എഫ് പിടിച്ചെടുത്തു. എല്‍ ഡി എഫ് 11-ല്‍ നിന്ന് ഏഴിലേക്ക് പതിച്ചു.
2020-ല്‍ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 111 ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് ഭരിച്ചതെങ്കില്‍ ഇക്കുറി മുന്നണിക്ക് 48 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി. 39 സീറ്റ് അധികം നേടിയതുള്‍പ്പെടെ യു ഡി എഫിന് 79 ബ്ലോക്ക് പഞ്ചായത്തുകള്‍ ലഭിച്ചു.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 504 ഇടത്ത് യു ഡി എഫ് ഭരണം പിടിച്ചു. 2020-ല്‍ ലഭിച്ച 351 പഞ്ചായത്തുകളില്‍ നിന്നാണ് യു ഡി എഫിന്റെ മുന്നേറ്റം. കഴിഞ്ഞതവണ 517 പഞ്ചായത്തുകള്‍ നേടിയ എല്‍ ഡി എഫ് 341 സീറ്റുകളിലേക്ക് വീണു.


