Kerala
ഇടത് മുന്നണിയുടെ അടിത്തറ തകര്‍ന്നിട്ടില്ല; തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകും: എം വി ഗോവിന്ദന്‍
വര്‍ഗീയശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കാണ് യു ഡി എഫ് ഉണ്ടാക്കിയത്.
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇടത് മുന്നണിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തോല്‍വി അപ്രതീക്ഷിതമാണ്. തിരിച്ചടിക്കുള്ള കാരണങ്ങള്‍ വിലയിരുത്തി തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. എല്‍ ഡി എഫ് വിരുദ്ധ വികാരമുണ്ടെന്ന് കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ ഏഴ് ജില്ലാ പഞ്ചായത്തില്‍ വിജയിക്കില്ലായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.
2010 ല്‍ ഇതിനേക്കാള്‍ വലിയ പരാജയമാണ് മുന്നണി നേരിട്ടത്. എന്നാല്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിന്നീട് എല്‍ ഡി എഫ് മുന്നേറ്റം നടത്തിയെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത്തവണ 77 ബ്ലോക്ക് പഞ്ചായത്തും 343 ഗ്രാമപഞ്ചായത്ത് എന്നിവയും പകുതിയോളം ജില്ലാ പഞ്ചായത്തുകളും 28 മുന്‍സിപ്പാലിറ്റികളും സി പി എമ്മിന് നേടാന്‍ സാധിച്ചിട്ടുണ്ട്.
വര്‍ഗീയശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കാണ് യു ഡി എഫ് ഉണ്ടാക്കിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയം മാറ്റിനിര്‍ത്തിയാല്‍ ബി ജെ പിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. പന്തളം മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടെ എല്‍ ഡി എഫാണ് ജയിച്ചത്. ശബരിമല ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ ബി ജെ പി പരാജയപ്പെടുകയാണുണ്ടായത്. പാലക്കാട് നഗരസഭയിലും അവര്‍ക്ക് ഭൂരിപക്ഷം നേടാനായില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.



