Kerala
സി പി ഐയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍; ജയിച്ചു കയറി ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് 196 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.സി പി ഐയിലെ ശ്രീലത രമേശിനെയാണ് പരാജയപ്പെടുത്തിയത്.
പത്തനംതിട്ട | സി പി ഐയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ ശ്രീനാദേവി കുഞ്ഞമ്മക്ക് മികച്ച വിജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനില്‍ നിന്നാണ് അവര്‍ ജയം നേടിയയത്. 196 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി പി ഐയിലെ ശ്രീലത രമേശിനെയാണ് പരാജയപ്പെടുത്തിയത്. ശ്രീനാദേവിക്ക് 15,962 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് 15,766 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ഥിയായ എസ് ചന്ദ്രലേഖക്ക് 7,318 വോട്ടുകളാണ് കിട്ടിയത്.
സി പി ഐയുടെയും എ ഐ വൈ ഫിന്റെയും യുവനേതാവായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തവണ പള്ളിക്കല്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി പി ഐ നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതകള്‍ക്ക് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ശ്രീനാദേവി കുഞ്ഞമ്മ പാര്‍ട്ടി യില്‍ നിന്ന് രാജിവച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവെച്ച അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് യു ഡി എഫ് അവരെ പള്ളിക്കലില്‍ സ്ഥാനാര്‍ഥിയാക്കി.
പത്തു വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പില്‍ പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ജയിച്ചയാളാണ് ശ്രീനാദേവിക്കെതിരെ മത്സരിച്ച ശ്രീലതാ രമേശ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലും ഇത്തവണ യുഡിഎഫിനാണ് ഭരണം.



