ഒരു പൗരൻ്റെ പോക്കറ്റിലെ സ്മാർട്ട്‌ഫോണിലേക്ക് അവന്റെ അനുവാമദില്ലാതെ ഒരു സർക്കാർ ആപ്ലിക്കേഷൻ കുത്തിക്കയറ്റാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് വിപണിയിലെത്തുന്ന പുതിയ മൊബൈൽ ഫോണുകളിൽ കേന്ദ്ര സർക്കാർ വികസിപ്പിച്ച ‘സഞ്ചാർ സാഥി’ എന്ന സൈബർ സുരക്ഷാ ആപ്പ് നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള ടെലികോം മന്ത്രാലയത്തിൻ്റെ ഉത്തരവാണ് വിവാദങ്ങൾക്ക് വഴിതുറക്കുന്നത്. ഇത് വെറുമൊരു സാങ്കേതിക നീക്കമല്ല, മറിച്ച് ‘പുതിയ പെഗാസസ്’ എന്ന ഭയം ജനമനസ്സുകളിൽ സൃഷ്ടിക്കുന്ന, പൗരൻ്റെ സ്വകാര്യ ഇടങ്ങളിലേക്കുള്ള നിരീക്ഷണത്തിൻ്റെ ആദ്യപടിയാണോ എന്ന സംശയം ബലപ്പെടുത്തുന്ന നടപടിയാണ്. നിർദേശമനുസരിച്ച് 90 ദിവസത്തിനുള്ളിൽ മൊബൈൽ നിർമ്മാതാക്കളും ഇറക്കുമതിക്കാരും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ നിലവിലെ ഫോണുകളിൽ അപ്ഡേറ്റ് വഴി ഇത് എത്തിക്കുകയും വേണം. മോഷണം പോയ ഫോണുകൾ കണ്ടെത്താനും തട്ടിപ്പുകൾ തടയാനും വേണ്ടിയുള്ള ‘പൗരകേന്ദ്രീകൃത’ സംവിധാനമെന്നാണ് സർക്കാർ ഇതിനെ ന്യായീകരിക്കുന്നതെങ്കിലും, ഇത് ഡിലീറ്റ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ ഉപയോക്താവിന് കഴിയരുത് എന്ന കർശന നിർദേശം, സുതാര്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു. സർക്കാർ ആവശ്യപ്പെടുന്ന ഡാറ്റാ ശേഖരണവും ആപ്പിന് വേണ്ട അനുമതികളും സൂചിപ്പിക്കുന്നത് നിസ്സാരമായ ഒരു ‘ഫോൺ ഫൈൻഡർ’ ടൂളിനപ്പുറം ഇതിന് വലിയ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം എന്നാണ്. ജനാധിപത്യ മര്യാദകളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ നടപടി. സഞ്ചാർ സാഥി പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കാനുള്ള ചാര സോഫ്റ്റ് വെയർ ആണാ?
# #SancharSaathi #mobileapps



