Connect with us

articles

രൂപയുടെ വീഴ്ച; വേണ്ടത് ശാശ്വത പരിഹാരം

കറന്‍സിയുടെ മൂല്യത്തകര്‍ച്ച കയറ്റുമതിയുടെ മൂല്യം വര്‍ധിപ്പിച്ചേക്കാം, എന്നാല്‍ അത് കയറ്റുമതിയുടെ അളവ് വര്‍ധിപ്പിക്കണമെന്നില്ല. നിലവിലെ ആഗോള രാഷ്ട്രീയ-വ്യാപാര അനിശ്ചിതത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മറ്റ് അടിസ്ഥാന മാറ്റങ്ങളില്ലാതെ രൂപയുടെ വീഴ്ച കൊണ്ട് മാത്രം ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയരുമെന്ന് കരുതുന്നത് അസ്ഥാനത്താണ്. റാശിദ് കൊല്ലം

Published

|

Last Updated

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സമീപ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ വലിയ തകര്‍ച്ചയാണ്. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സികളിലൊന്നായി രൂപ മാറിയിരിക്കുകയാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കൊപ്പം, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും കയറ്റുമതി മേഖലയിലെ മാന്ദ്യവുമാണ് രൂപയുടെ നടുവൊടിച്ചത്. വര്‍ധിച്ചുവരുന്ന വ്യാപാര കമ്മിയും റഷ്യന്‍ ഉപരോധത്തെ തുടര്‍ന്നുള്ള എണ്ണവില വര്‍ധനയും പ്രതിസന്ധി രൂക്ഷമാക്കി. രൂപയുടെ മൂല്യത്തിലുണ്ടായ ഈ വന്‍ ഇടിവില്‍ ധനമന്ത്രാലയത്തിലെ സാമ്പത്തിക വിദഗ്ധരോ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയോ വലിയ ആശങ്കകളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ആഭ്യന്തര പണപ്പെരുപ്പം രണ്ട് മുതല്‍ ആറ് ശതമാനം വരെ എന്ന സുരക്ഷിത പരിധിക്കുള്ളില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. രണ്ട്, രാജ്യം എട്ട് ശതമാനം എന്ന മികച്ച നിരക്കില്‍ ജി ഡി പി വളര്‍ച്ച കൈവരിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക, ഉത്പാദന, സേവന മേഖലകളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഉപഭോക്തൃ വില സൂചികയില്‍ ഇറക്കുമതി ഉത്പന്നങ്ങളുടെ വിലയ്ക്കുള്ള സ്വാധീനം കുറവായതിനാല്‍, രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൂടാതെ, ജി എസ് ടി നിരക്കുകളിലെ ഇളവുകളും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന വന്‍തോതിലുള്ള പൊതുനിക്ഷേപവും ആഭ്യന്തര വിപണിക്ക് ഉണര്‍വേകുമെന്നും സാമ്പത്തിക വളര്‍ച്ചയുടെ വേഗം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചില സാമ്പത്തിക വിദഗ്ധര്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ സ്വാഗതം ചെയ്യുന്നുമുണ്ട്. രൂപയുടെ മൂല്യം കുറയുമ്പോള്‍ നമ്മുടെ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണിയില്‍ വില കുറയുകയും അത് വിദേശികള്‍ക്ക് ആകര്‍ഷകമാകുകയും ചെയ്യുമെന്നാണ് വിശ്വാസം. അതേസമയം, ഇറക്കുമതി ചെലവേറിയതാകുകയും ആഭ്യന്തര ഉപഭോഗം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍, രൂപയുടെ മൂല്യം കുറയുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ യഥാര്‍ഥത്തില്‍ സഹായിക്കുമോ? സാമ്പത്തിക ശാസ്ത്രം എന്താണ് പറയുന്നതെന്ന് വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. ഈ ആശയം ലളിതമാക്കാന്‍ ഇന്ത്യയും യു എസും രണ്ട് ഉത്പന്നങ്ങളും (ഗോതമ്പും തുണിയും) ഉള്‍പ്പെടുന്ന ഒരു ഉദാഹരണം പരിശോധിക്കാം.

ഇരുരാജ്യങ്ങളും ഈ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് കരുതുക. ഉത്പാദനക്ഷമതയില്‍ ഇന്ത്യയേക്കാള്‍ യു എസ് മുന്നിലായതിനാല്‍ വേതന നിരക്കിലും വ്യത്യാസമുണ്ടാകും. അമേരിക്കയില്‍ മണിക്കൂറിന് ആറ് ഡോളര്‍ വേതനം വാങ്ങുന്ന ഒരു തൊഴിലാളി ആറ് ബുഷല്‍ ഗോതമ്പും നാല് യാര്‍ഡ് തുണിയും ഉത്പാദിപ്പിക്കുന്നുവെന്നിരിക്കട്ടെ. മറുവശത്ത് ഇന്ത്യയിലാകട്ടെ, 100 രൂപ വേതനത്തിന് ഒരു ബുഷല്‍ ഗോതമ്പും രണ്ട് യാര്‍ഡ് തുണിയും മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് തൊഴില്‍ ചെലവ് എന്ന ഒരൊറ്റ ഘടകത്തെ അടിസ്ഥാനമാക്കിയാണെന്നും നമുക്ക് സങ്കല്‍പ്പിക്കാം. ആദ്യമായി, ഒരു ഡോളറിന് 20 രൂപയാണ് വിനിമയ നിരക്ക് എന്ന് കരുതുക. ഈ നിരക്കില്‍, അമേരിക്കയില്‍ ഒരു ബുഷല്‍ ഗോതമ്പിന്റെ ഉത്പാദനച്ചെലവ് ഒരു ഡോളറും, ഒരു യാര്‍ഡ് തുണിയുടേത് 1.5 ഡോളറുമായിരിക്കും.

എന്നാല്‍, ഇന്ത്യയിലെ 100 രൂപ എന്ന വേതനം ഡോളറിലേക്ക് മാറ്റുമ്പോള്‍ അഞ്ച് ഡോളറാകും. ഇതോടെ ഇന്ത്യയില്‍ ഒരു ബുഷല്‍ ഗോതമ്പിന് അഞ്ച് ഡോളറും തുണിക്ക് 2.5 ഡോളറുമായി വില ഉയരും. ചുരുക്കത്തില്‍, 20 രൂപ എന്ന വിനിമയ നിരക്കില്‍ രണ്ട് ഉത്പന്നങ്ങളും അമേരിക്കയേക്കാള്‍ കൂടിയ വിലയ്‌ക്കേ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാകൂ. സ്വാഭാവികമായും, ഇന്ത്യക്ക് അനുകൂലമായ വ്യാപാരം ഈ സാഹചര്യത്തില്‍ അസാധ്യമാണ്. എന്നാല്‍, രൂപയുടെ മൂല്യം ഇടിഞ്ഞ് വിനിമയ നിരക്ക് 40 രൂപയായി (1 ഡോളര്‍ = 40 രൂപ) മാറിയെന്നിരിക്കട്ടെ. അമേരിക്കയിലെ ഉത്പാദനച്ചെലവില്‍ മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ വേതനം ഡോളറില്‍ കണക്കാക്കുമ്പോള്‍ 2.5 ഡോളറായി കുറയും. ഇതോടെ കണക്കുകള്‍ മാറും.

ഇന്ത്യയില്‍ ഒരു ബുഷല്‍ ഗോതമ്പിന് 2.5 ഡോളറും, ഒരു യാര്‍ഡ് തുണിക്ക് 1.25 ഡോളറുമാകും പുതിയ വില. ഇവിടെയാണ് മാറ്റം സംഭവിക്കുന്നത്. ഗോതമ്പ് ഉത്പാദിപ്പിക്കാന്‍ ഇപ്പോഴും അമേരിക്കക്കാണ് ചെലവ് കുറവ്. എന്നാല്‍ തുണിയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലെത്തി. തുണി ഉത്പാദിപ്പിക്കാന്‍ അമേരിക്കയേക്കാള്‍ ലാഭം ഇപ്പോള്‍ ഇന്ത്യക്കാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സാധ്യമാകുന്നു. അമേരിക്ക ഗോതമ്പിലും ഇന്ത്യ തുണി ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇരുവര്‍ക്കും നേട്ടമുണ്ടാക്കും. ലാഭകരമാകും. ഈ ഉദാഹരണത്തില്‍, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയതായി കാണാം. വിനിമയ നിരക്ക് ഇനിയും ഇടിഞ്ഞ് 60 രൂപയായാല്‍, ഇന്ത്യയുടെ വ്യാപാര നേട്ടം കൂടുതല്‍ ശക്തമാകുകയും ചെയ്യും.

എന്നിരുന്നാലും, നാണയത്തിന്റെ മൂല്യത്തകര്‍ച്ച ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഇന്ത്യയെപ്പോലെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഒരു രാജ്യത്ത്, രൂപയുടെ വിലയിടിവ് ഇറക്കുമതി ചെലവേറിയതാക്കും. ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) വര്‍ധിക്കാന്‍ കാരണമാകും. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റം ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും. ഇറക്കുമതി സാധനങ്ങളുടെ വില കൂടുന്നത് പണപ്പെരുപ്പം ഉയര്‍ത്തും. ഇത് നിയന്ത്രിക്കാന്‍ റിസര്‍വ് ബേങ്കിന് പലിശനിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടതായി വരും. സ്വാഭാവികമായും, ഇത് വിപണിയിലെ നിക്ഷേപങ്ങളെയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും മന്ദീഭവിപ്പിക്കും. മാത്രമല്ല, കറന്റ്അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും ഉയരുന്നത് വിദേശ നിക്ഷേപകരെ അകറ്റാനും ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് കുറയാനും ഇടയാക്കും. ഇത് രൂപയെ വീണ്ടും ദുര്‍ബലപ്പെടുത്തുന്ന ഒരു വിഷമവൃത്തത്തിലേക്ക് നയിച്ചേക്കാം. ചുരുക്കത്തില്‍, രൂപയുടെ മൂല്യത്തകര്‍ച്ച കയറ്റുമതിയെ സഹായിക്കുമെങ്കിലും, സമ്പദ് വ്യവസ്ഥയ്ക്ക് അത് ഗുണകരമാകുന്നതിന് വ്യക്തമായ പരിധികളുണ്ടെന്നത് വ്യക്തമാണ്.

ഇനി മറ്റൊരു സാഹചര്യം പരിശോധിക്കാം. അനുയോജ്യമായ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തി ഇന്ത്യ കാര്‍ഷിക, തൊഴില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു എന്നിരിക്കട്ടെ. അമേരിക്കയിലെ സാഹചര്യങ്ങളില്‍ മാറ്റമില്ല. ഇന്ത്യയിലെ തൊഴിലാളികള്‍ ഇപ്പോള്‍ മണിക്കൂറില്‍ നാല് ബുഷല്‍ ഗോതമ്പും 3.5 യാര്‍ഡ് തുണിയും ഉത്പാദിപ്പിക്കുന്നു. അമേരിക്കന്‍ തൊഴിലാളികളുടെ ഉത്പാദനത്തിലും ഇരുരാജ്യങ്ങളിലെയും വേതന നിരക്കിലും മാറ്റമില്ല. നേരത്തേ നാം സൂചിപ്പിച്ച 20 രൂപ = 1 ഡോളര്‍ എന്ന പഴയ വിനിമയ നിരക്കില്‍ പോലും ഇപ്പോള്‍ വ്യാപാരം ലാഭകരമാകും. ഉത്പാദനക്ഷമത കൂടിയതോടെ, ഇന്ത്യയില്‍ ഒരു ബുഷല്‍ ഗോതമ്പിന്റെ ഉത്പാദനച്ചെലവ് 1.25 ഡോളറായും തുണിയുടേത് 1.43 ഡോളറായും കുറയും. അമേരിക്കയില്‍ തുണി ഉത്പാദിപ്പിക്കാന്‍ 1.5 ഡോളര്‍ ചെലവാകുമ്പോള്‍ ഇന്ത്യക്ക് അത് 1.43 ഡോളറിന് സാധിക്കുന്നു.

അതായത്, തുണി കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്ക് അവസരമൊരുങ്ങുന്നു. രൂപക്ക് താരതമ്യേന മൂല്യം കൂടുതലാണെങ്കില്‍ പോലും, അന്താരാഷ്ട്ര വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഗവേഷണം, ഗതാഗതം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ശരിയായ നിക്ഷേപം നടത്തി ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതിനുള്ള വഴി. ഇത്തരത്തില്‍ ഉത്പാദനക്ഷമതയിലെ തടസ്സങ്ങള്‍ നീക്കിയാല്‍, കയറ്റുമതി മെച്ചപ്പെടുത്താന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയെ മാത്രം ആശ്രയിക്കേണ്ടി വരില്ല. രൂപയുടെ മൂല്യത്തകര്‍ച്ച വ്യാപാര കമ്മി നികത്താനുള്ള ഒരു താത്കാലിക മാര്‍ഗം മാത്രമാണ്. സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ഇതിനുള്ള ശാശ്വതമായ പരിഹാരം.

ചുരുക്കത്തില്‍, കറന്‍സിയുടെ മൂല്യത്തകര്‍ച്ച കയറ്റുമതിയുടെ മൂല്യം വര്‍ധിപ്പിച്ചേക്കാം, എന്നാല്‍ അത് കയറ്റുമതിയുടെ അളവ് വര്‍ധിപ്പിക്കണമെന്നില്ല. നിലവിലെ ആഗോള രാഷ്ട്രീയ-വ്യാപാര അനിശ്ചിതത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മറ്റ് അടിസ്ഥാന മാറ്റങ്ങളില്ലാതെ രൂപയുടെ വീഴ്ച കൊണ്ട് മാത്രം ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയരുമെന്ന് കരുതുന്നത് അസ്ഥാനത്താണ്.

Latest