Ongoing News
ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ വര്‍ധിപ്പിച്ച് യു എ ഇ
18 വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും
ദുബൈ | 18 വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും അടക്കം ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ വര്‍ധിപ്പിച്ച് യു എ ഇ.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിലെ കുറ്റകൃത്യം കണ്ടെത്താനുള്ള പരിശോധനാ അധികാരങ്ങളും വിപുലീകരിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യു എ ഇ. സമ്മതപ്രകാരമോ അല്ലാതെയോ ആയാലും പ്രായപൂര്‍ത്തിയാകാത്ത ഏതൊരാള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ ശിക്ഷ കടുപ്പിച്ചു.
18 വയസ്സിന് താഴെയുള്ളവര്‍ പരസ്പരം സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇത് ജുവനൈല്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍, വശീകരിക്കല്‍, നിര്‍ബന്ധിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് രണ്ടു വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ലഭിച്ചേക്കും. ഇരയാക്കപ്പെട്ടത് 18 വയസ്സിന് താഴെയുള്ള ആളാണെങ്കില്‍ ശിക്ഷ കടുക്കും.
കുറ്റവാളികളുടെ ശിക്ഷാ കാലയളവ് കഴിഞ്ഞാലും അധിക നടപടിക്ക് വേണമെങ്കില്‍ പ്രോസിക്യൂഷന് ആവശ്യപ്പെടാം. തുടര്‍ന്നും ഇയാളില്‍ നിന്ന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് ബോധ്യമായാല്‍ ഇലക്ട്രോണിക് നിരീക്ഷണം, പുനരധിവാസ, ചികിത്സ പരിഹാര മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് നിര്‍ദേശിക്കാം. ഇത്തരം കുറ്റവാളികളില്‍ നിന്ന് സമൂഹത്തിനുള്ള ഭീഷണി വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പരിശോധിച്ചറിയാന്‍ കോടതികള്‍ക്കുള്ള സൗകര്യം വിപുലമാക്കിയിട്ടുണ്ട്.


