Kerala
നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം വീതം കഠിന തടവ്
50,000 രൂപ പിഴയൊടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രതികളുടെ പ്രായം കോടതി പരിഗണിച്ചു.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്കും സമാന ശിക്ഷ വിധിച്ച് കോടതി. 20 വര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ഉത്തരവ്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
കൂട്ട ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കുമാണ് ശിക്ഷ. പ്രതികളുടെ പ്രായം കോടതി പരിഗണിച്ചു. 40 വയസ്സിന് താഴെയുള്ളവരാണ് പ്രതികള്‍ എല്ലാവരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം (വടിവാള്‍ സലിം), ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണം. ഇരയുടെ സ്വകാര്യതയെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തില്‍ ഇവ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

