Kerala
മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാം.
ന്യൂഡല്‍ഹി | മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തത്സ്ഥിതി തുടരാം. മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും പരമോന്നത കോടതി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസില്‍ ജനുവരി 27ന് വിശദമായ വാദം കേള്‍ക്കും.
വഖ്ഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാത്തതെന്നും ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. മുനമ്പത്തെ ഭൂമി വഖ്ഫ് ആണോ അല്ലയോ എന്നത് കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹരജിയിലെ വിഷയമായിരുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരിഗണനാ വിഷയം മറികടന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് പറഞ്ഞു.

