Kerala
അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ അറസ്റ്റുചെയ്ത് വയനാട് എക്സൈസ് സംഘം
രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു
കല്പറ്റ| അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് റഹീമാനെ പിടികൂടിയത്. കേരളം ബംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട വ്യക്തിയാണ് മുഹമ്മദ് ജാമിയു അബ്ദു റഹീം.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിഎസ് സുഷാദ്, സിഎം ബേസില്‍, പിഎന്‍ ശ്രീജമോള്‍, പിഎം സിനി എന്നിവരടങ്ങുന്ന വയനാട് എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഏതാനും ലഹരിക്കേസുകളിലെ പ്രതികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തേ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയിരുന്നേങ്കിലും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് പ്രതിയെ തന്ത്രപൂര്‍ണം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.

