articles
കേരളത്തെ വീണ്ടെടുക്കാന്‍ യു ഡി എഫ്
ദീര്‍ഘവീക്ഷണത്തോടെയുള്ള ബദല്‍ പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തിയുള്ള പ്രകടന പത്രിക പുറത്തിറക്കിയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ ഭരണത്തില്‍ സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ന്നു തരിപ്പണമായി. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലാണ് കേരളം. ഈ ജനവിരുദ്ധ സര്‍ക്കാറിന്റെ തെറ്റുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്ന കുറ്റപത്രവും അധികാരത്തില്‍ എത്തിയാല്‍ പ്രതിസന്ധി മറികടക്കാന്‍ യു ഡി എഫ് എന്ത് ചെയ്യുമെന്ന് വ്യക്തമാക്കുന്ന, ദീര്‍ഘവീക്ഷണത്തോടെയുള്ള ബദല്‍ പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തിയുള്ള പ്രകടന പത്രികയും പുറത്തിറക്കിയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുള്ള പ്രകടനപത്രികയാണ് അവതരിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റം മുതല്‍ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും സമത്വത്തിലേക്കുമുള്ള ചുവടുവെപ്പ് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികളെല്ലാം.
പൊതുജനാരോഗ്യം, തെരുവുനായ ശല്യം, മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെ പ്രധാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മാനിഫെസ്റ്റോയിലുണ്ട്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പത്തിന് അനുസൃതമായി യഥാര്‍ഥ അധികാര വികേന്ദ്രീകരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും ഫണ്ടും ലഭ്യമാക്കുകയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വികേന്ദ്രീകരണത്തിന് പകരം പുനര്‍കേന്ദ്രീകരണമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതായതോടെ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും പൂര്‍ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. 2025-26 സാമ്പത്തിക വര്‍ഷം പദ്ധതി അടങ്കലില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 8,452 കോടി വകയിരുത്തിയതില്‍ 2,500 കോടി മാത്രമാണ് അനുവദിച്ചത്. അധികാരം ഏറ്റവും താഴെത്തട്ടില്‍ എത്തണമെങ്കില്‍ നിശ്ചിത ശതമാനം ഉപാധിരഹിത ഫണ്ട് എല്ലാ വാര്‍ഡുകളിലും എത്തണമെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
അതിദരിദ്രര്‍ ഇല്ലാത്ത കേരളം എന്ന പി ആര്‍ പരിപാടിയല്ല സംസ്ഥാനത്തിന് ആവശ്യം. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് യു ഡി എഫ് സര്‍ക്കാര്‍ 2002ല്‍ നടപ്പാക്കിയ ആശ്രയ പദ്ധതി പുനരാരംഭിക്കും. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയെന്ന പ്രഖ്യാപനത്തില്‍ ഈ സര്‍ക്കാര്‍ പരിഗണിച്ചത് 64,000ത്തോളം പേരെ മാത്രമാണ്. എന്നാല്‍ മഞ്ഞ റേഷന്‍ കാര്‍ഡുകളുടെ ഗുണഭോക്താക്കള്‍ മാത്രം സംസ്ഥാനത്ത് 5.91 ലക്ഷം പേരുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാകും ആശ്രയ പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. പൊതുജനാരോഗ്യരംഗത്ത് കാതലായ മാറ്റം അനിവാര്യമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അവസ്ഥ അതിദയനീയം. ചികിത്സക്ക് എത്തുന്നവര്‍ മരുന്നും സൂചിയും എന്തിന് പഞ്ഞി പോലും വാങ്ങിക്കൊണ്ട് ചെല്ലേണ്ട അവസ്ഥ. 2024ല്‍ മാത്രം സംസ്ഥാനത്ത് 3.16 ലക്ഷം പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
നഗരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തിരുവനന്തപുരം നഗരത്തില്‍ വിജയകരമായി നടപ്പാക്കിയ ഓപറേഷന്‍ അനന്ത മോഡല്‍ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഗുണമേന്മയുള്ള കുടിവെള്ളം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. ഭവനരഹിതര്‍ക്കായി അഞ്ച് വര്‍ഷം കൊണ്ട് നാലര ലക്ഷം വീടുകള്‍ നിര്‍മിച്ച സര്‍ക്കാറായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. കേരള സമൂഹത്തിലെ ഏറ്റവും വലിയ ആപത്തായി നിലനില്‍ക്കുന്ന മയക്കുമരുന്ന് ഇല്ലാതാക്കാനും നിരവധി പദ്ധതികളുണ്ട്. വയോജന ക്ഷേമത്തിനും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പുതിയ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി നിര്‍ദേശങ്ങളും മാനിഫെസ്റ്റോയിലുണ്ട്.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണ ജനങ്ങളാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇനത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്‌സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്.
ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തേ 1,000 ലിറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മേയ് മുതല്‍ നാല് തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. എട്ട് മാസമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്.
തകര്‍ന്നടിഞ്ഞ കേരളത്തെ വീണ്ടെടുക്കുക എന്നതാണ് യു ഡി എഫിന്റെ ലക്ഷ്യം. അഴിമതിയുടെ പടുകുഴിയില്‍ വീണ സംസ്ഥാന സര്‍ക്കാറിനും വര്‍ഗീയ രാഷ്ട്രീയം പറയുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും എതിരായ ജനവിധിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.


