International
ബലൂചിസ്ഥാനില്‍ ചാവേറാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ബി എല്‍ എ; വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ടു
ചാവേറുകളുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കാന്‍ വിഘടനവാദി ഗ്രൂപ്പ് തയ്യാറായിട്ടില്ല.
ഇസ്‌ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ചാവേറാക്രമണം നടത്തിയതായി ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ)യുടെ സ്ഥിരീകരണം. രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ ബി എല്‍ എ ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍, ചാവേറുകളുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കാന്‍ വിഘടനവാദി ഗ്രൂപ്പ് തയ്യാറായിട്ടില്ല.
അന്വേഷണത്തില്‍ ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായാണ് വിവരം. ബലൂചിസ്ഥാനിലെ നുഷ്‌കി സ്വദേശി ആസിഫ മെംഗാള്‍ (24) നെയാണ് തിരിച്ചറിഞ്ഞത്. 21-ാം വയസ്സില്‍ സ്വന്തം താത്പര്യത്തിലാണ് ഇവര്‍ ബി എല്‍ എയുടെ ചാവേറായതെന്നാണ് വിവരം. ശനിയാഴ്ച നുഷ്‌കിയിലെ ഐ എസ് ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബി എല്‍ എ പുറത്തുവിട്ട ചിത്രത്തിലെ രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
‘ഓപ്പറേഷന്‍ ഹെറോഫ് 2 ‘ എന്ന പേരില്‍ സുരക്ഷാ സേനക്കെതിരെ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ 50 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയായി പാക് സുരക്ഷാ സേന 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാന്‍ അധികൃതര്‍ പറയുന്നു.


