Kerala
കാഞ്ഞിരപ്പള്ളിയില്‍ വിജയാഹ്ലാദ പ്രകടനത്തിനു നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരുക്ക്
കോണ്‍ഗ്രസ്സ് നേതാവും യു ഡി എഫ് കൗണ്ടിങ് ഏജന്റുമായ ടി എസ് നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി ടീച്ചര്‍ എന്നിവര്‍ക്കാണ് പരുക്ക്.
കാഞ്ഞിരപ്പള്ളി | തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു ഡി എഫ് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ പ്രകടനത്തിനു നേരെ ആക്രമണം. കോണ്‍ഗ്രസ്സ് നേതാവും യു ഡി എഫ് കൗണ്ടിങ് ഏജന്റുമായ ടി എസ് നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി ടീച്ചര്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. നിസുവിന്റെ നെറ്റിക്കേറ്റ പരുക്ക് ഗുരുതരമാണ്.
വിജയാഹ്ലാദ പ്രകടനത്തിനിടെ കാഞ്ഞിരപ്പള്ളി കെ എം എ ഹാള്‍ ജങ്ഷന് സമീപത്തായിരുന്നു സംഘര്‍ഷം. സംഘം ചേര്‍ന്നെത്തിയ സി പി എം പ്രവര്‍ത്തകര്‍ പ്രകടനത്തിനിടയില്‍ കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യു ഡി എഫ് ആരോപണം. തദ്ദേശ തിരഞ്ഞടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മികച്ച തിരിച്ചുവരവാണ് യു ഡി എഫ് നടത്തിയത്. 24 സീറ്റില്‍ 13 എണ്ണത്തിലാണ് വിജയം നേടിയത്.
ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥി ബി ആര്‍ അന്‍ഷാദിനെ കോണ്‍ഗ്രസ്സിലെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പൂതക്കുഴി വാര്‍ഡില്‍ യു ഡി എഫ് സ്വതന്ത്ര കെ എ സുറുമി 150ലധികം വോട്ടിന് വിജയിച്ചു. യു ഡി എഫിന്റെ സിറ്റിങ് സീറ്റിലാണ് സുറുമി എല്‍ ഡി എഫ് സ്വതന്ത്രയെ പരാജയപ്പെടുത്തിയത്.




