Connect with us

Kerala

പത്തനംതിട്ടയില്‍ യു ഡി എഫിന് മിന്നും ജയം; എല്‍ ഡി എഫിനേറ്റത് ശക്തമായ തിരിച്ചടി

17 അംഗ ജില്ലാ പഞ്ചായത്തില്‍ 12 ഡിവിഷനുകളില്‍ യു ഡി എഫ് വിജയം നേടി. എല്‍ ഡി എഫ് അഞ്ചിടങ്ങളിലൊതുങ്ങി.

Published

|

Last Updated

പത്തനംതിട്ട നഗരസഭയില്‍ വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥികളുടെ സ്വീകരണ പരിപാടി ഗാന്ധി ജങ്ഷനില്‍ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ യു ഡി എഫിന് മിന്നും ജയം. 17 അംഗ ജില്ലാ പഞ്ചായത്തില്‍ 12 ഡിവിഷനുകളില്‍ യു ഡി എഫ് വിജയം നേടി. എല്‍ ഡി എഫ് അഞ്ചിടങ്ങളിലൊതുങ്ങി. നാല് നഗരസഭകളില്‍ മൂന്നിടത്ത് യു ഡി എഫും ഒരിടത്ത് എല്‍ ഡി എഫും മുന്നിലെത്തി. പത്തനംതിട്ട, തിരുവല്ല, അടൂര്‍ നഗരസഭകളില്‍ യു ഡി എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പന്തളത്ത് എല്‍ ഡി എഫ് മുന്നിലെത്തി. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്തും യു ഡി എഫ് വിജയിച്ചു. ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. 53 ഗ്രാമപഞ്ചായത്തുകളില്‍ 34 ഗ്രാമപഞ്ചായത്തുകളുടെ ഭരണം യു ഡി എഫിന് ലഭിച്ചു. 11 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫിനും മുന്‍തൂക്കമുണ്ട്. നാലിടത്ത് എന്‍ ഡി എ മുന്നേറ്റമാണ്. നാലിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. പത്തനംതിട്ട നഗരസഭയില്‍ എ ഡി പി ഐ മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ടതും ശ്രദ്ധേയമായി.

2020ല്‍ ജില്ലാ പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ മാത്രമേ യു ഡി എഫിന് ഉണ്ടായിരുന്നുള്ളൂ. എല്‍ ഡി എഫിന്റെ ശക്തമായ കോട്ടയെന്നു കരുതിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ പോലും വിള്ളല്‍ വീഴ്ത്തി അധികാരത്തിലെത്താന്‍ യു ഡി എഫിനു കഴിഞ്ഞിട്ടുണ്ട്. എന്‍ ഡി എക്കും നില മെച്ചപ്പെടുത്താനായി. കഴിഞ്ഞ തവണ ഒരു നഗരസഭയും മൂന്ന് ഗ്രാമപഞ്ചായത്തുകളുമാണ് എന്‍ ഡി എ ഭരിച്ചത്. ഇത്തവണ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തതിനൊപ്പം തുല്യനിലയിലുള്ള രണ്ടിടത്ത് നിര്‍ണായക ശക്തിയുമായി. പന്തളം നഗരസഭയില്‍ കഴിഞ്ഞ തവണ അധികാരത്തിലെത്തിയ എന്‍ ഡി എ ഇത്തവണ ഒമ്പത് സീറ്റില്‍ തൃപ്തിയടഞ്ഞു. പന്തളത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണിയ്ക്കാണ് അംഗബലം കൂടുതല്‍. അടൂര്‍, പത്തനംതിട്ട നഗരസഭകളിലും എന്‍ ഡി എക്ക് കൗണ്‍സിലര്‍മാരെ ലഭിച്ചു. തിരുവല്ലയിലെ അംഗബലവും അതേപടി നിലനിര്‍ത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ ബി ജെ പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. ജില്ലയില്‍ എസ് ഡി പി ഐ മുന്നിലെത്തിയ വാര്‍ഡുകളില്‍ എല്‍ ഡി എഫിലെ വോട്ട് ചോര്‍ച്ചയും പ്രകടമാണ്. ബി ജെ പി ജയിച്ച വാര്‍ഡുകളില്‍ യു ഡി എഫ് മൂന്നാമതുമായി. 2020ലെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യു ഡി എഫ് ശക്തമായ തിരിച്ചുവരവാണ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത്. ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിനൊപ്പം മൂന്ന് നഗരസഭകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും യു ഡി എഫ് അധികാരത്തിലെത്തും. 2020ല്‍ ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 13 ഗ്രാമപഞ്ചായത്തുകളിലുമായിരുന്നു യു ഡി എഫിന് ഭരണം ലഭിച്ചത്. വിവാദ വിഷയങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്ന പത്തനംതിട്ടയില്‍ ശബരിമല സ്വര്‍ണക്കൊള്ള, കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണം തുടങ്ങിയ വിഷയങ്ങളുമായി പ്രചാരണരംഗത്തിറങ്ങിയ യു ഡി എഫിനെ വെട്ടിലാക്കാന്‍ ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തി എല്‍ ഡി എഫ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

2020ല്‍ പാലക്കാടിന് പുറമേ, കേരളത്തില്‍ എന്‍ ഡി എ ഭരിച്ചിരുന്ന പന്തളം നഗരസഭ ഇത്തവണ ബി ജെ പിക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. 34 വാര്‍ഡുകളില്‍ 14 ഇടത്ത് വിജയിച്ച എല്‍ ഡി എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. യു ഡി എഫ് 11 വാര്‍ഡുകളിലും എന്‍ ഡി എ ഒമ്പത് വാര്‍ഡുകളിലും വിജയം കണ്ടു. 2020ല്‍ 18 സീറ്റുകളില്‍ വിജയിച്ചാണ് ബി ജെ പി പന്തളം നഗരസഭ പിടിച്ചെടുത്തത്. എല്‍ ഡി എഫിന് ഒമ്പത് സീറ്റിലും യു ഡി എഫിന് അഞ്ച് സീറ്റിലുമാണ് 2020ല്‍ വിജയം കണ്ടെത്താനായത്. ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ചര്‍ച്ചകളിലൊന്നായ തിരഞ്ഞെടുപ്പില്‍ പന്തളത്തെ തോല്‍വി ബി ജെ പിക്ക് ജില്ലയില്‍ വന്‍ തിരിച്ചടിയാണ്.

മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ആറന്മുള മുന്‍ എം എല്‍ എ സി പി എമ്മിലെ കെ സി രാജഗോപാല്‍ വിജയിച്ചു. എട്ടാം വാര്‍ഡില്‍ നിന്നാണ് വിജയം. 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയുടെ രാധാ ചന്ദ്രനെ പരാജയപ്പെടുത്തിയത്.

ശബരിമല വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിന്
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ശബരിമല വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി എസ് ഉത്തമന്‍ വിജയിച്ചു. നറുക്കെടുപ്പിലൂടെയാണ് ജയം നേടിയത്. 268 വോട്ടുകളാണ് ഉത്തമന് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥി അമ്പിളി സുജസിനും 268 വോട്ടുകളാണ് ലഭിച്ചത്. ബി ജെ പി സ്ഥാനാര്‍ഥിയായ രാജേഷ് 232 വോട്ടും നേടി.

അടൂര്‍ നഗരസഭയില്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ് തോറ്റു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ച ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വാര്‍ഡില്‍ ബി ജെ പി വിജയിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാര്‍ഡ് കരിയോയില്‍ ആക്രമണം നേരിട്ട യു ഡി എഫ് സ്ഥാനാര്‍ഥി ബിജോ വര്‍ഗീസ് വിജയിച്ചു. 11-ാം വാര്‍ഡില്‍ പാമ്പുകടിയേറ്റ കാലുമായി പ്രചാരണം നടത്തിയ യു ഡി എഫ് സ്ഥാനാര്‍ഥി സുനില്‍കുമാര്‍ തോറ്റു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പരസ്പരം മത്സരിച്ച അമ്മായിയമ്മയും (സ്വതന്ത്ര), യു ഡി എഫ് സ്ഥാനാര്‍ഥിയായ മരുമകളും തോറ്റു.

അടൂരില്‍ നഗരസഭയില്‍ നിന്നും മത്സരിച്ച മുന്‍ എം എല്‍ എ. സി പി എമ്മിലെ ആര്‍ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ പൊന്‍താരമ തോറ്റു. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു. കുളനട ഗ്രാമപഞ്ചായത്ത് ബി ജെ പിയില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു. 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിനാണ് അവസാനമായത്. ചെറുകോല്‍, കവിയൂര്‍ ഗ്രാമപഞ്ചായത്തുകളും ബി ജെ പിയില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു.

സി പി ഐയില്‍ നിന്ന് കോണ്‍ഗ്രസ്സിലെത്തി മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. ഇവിടെ 196 വോട്ടിന് സി പി ഐയിലെ ശ്രീലത രമേശ് പരാജയപ്പെട്ടു. സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി എ പി ജയനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന രേഷ്മ റോയി ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ പരാജയപ്പെട്ടു. ഇവിടെ യു ഡി എഫിലെ അമ്പിളി ടീച്ചര്‍ 1,052 വോട്ടുകള്‍ക്ക് വിജയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥനായ ഫെനി നൈനാന്‍ പരാജയപ്പെട്ടു. അടൂര്‍ നഗരസഭയില്‍ മുന്നാം വാര്‍ഡില്‍ ബി ജെ പി സീറ്റ് നിലനിര്‍ത്തി.

 

---- facebook comment plugin here -----

Latest