Kerala
തിരുവനന്തപുരത്ത് വി വി രാജേഷോ ആര്‍ ശ്രീലേഖയോ?; മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കി ബി ജെ പി
മേയര്‍ സ്ഥാനാര്‍ഥിയായി വിവി രാജേഷിനെയാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്. അതേ സമയം മുന്‍ ഡിജിപിയെന്ന ആര്‍ ശ്രീലേഖയുടെ ഇമേജും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത് .
തിരുവനന്തപുരം | കേരള ചരിത്രത്തില്‍ ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണത്തിലേറാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്
മേയര്‍ സ്ഥാനാര്‍ഥിയായി വിവി രാജേഷിനെയാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്. സംസ്ഥാന നേതൃത്വവും വി വി രാജേഷിന് അനുകുലമാണെന്നാണ് അറിയുന്നത്. അതേ സമയം മുന്‍ ഡിജിപിയെന്ന ആര്‍ ശ്രീലേഖയുടെ ഇമേജും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത് . സ്ത്രീയെന്ന പരിഗണനയും ആര്‍ ശ്രീലേഖക്ക് ലഭിക്കുമെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ പരിചയക്കുറവുണ്ടെന്നുള്ളത് തിരിച്ചടിയാകും. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ വി വി രാജേഷ് ഇവിടെ ബിജെപിയുടെ മുഖംകൂടിയാണെന്നത് അദ്ദേഹത്തിന്റെ പേര് ഒന്നാമതായി പരിഗണിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. അതേ സമയം കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്. വി വി രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ ശ്രീലേഖക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കാനുമുള്ള സാധ്യതയുമുണ്ട്. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിജയം നേടിയത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. 3 സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടിയിട്ടുണ്ട്. സ്വതന്ത്രരെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണ് ബിജെപി നീക്കം.



