Articles
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: എന്ത് പാഠങ്ങള്‍?
യു ഡി എഫ് വിജയിക്കുമ്പോള്‍ പോലും താഴെ തട്ടില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തന മികവ് അവരെ രക്ഷിക്കാറുണ്ട്. കോണ്‍ഗ്രസ്സില്‍ എപ്പോഴുമുണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും ഇടതുപക്ഷത്തെ സഹായിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതൊക്കെ മറികടന്നുകൊണ്ട് യു ഡി എഫ് വിജയിച്ചിരിക്കുന്നു. ഇതിനുള്ള കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇടതുപക്ഷത്തിന് ഇനി വളരെ കുറച്ച് സമയം മാത്രമേയുള്ളൂ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും വിശേഷിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫലം ഒരു പരിധി വരെ വിജയികളെപ്പോലും ഞെട്ടിപ്പിക്കുന്നതാണ്. സാധാരണ പ്രാദേശിക വിഷയങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കമെങ്കിലും സംസ്ഥാന, ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാകാറുണ്ട്. പക്ഷേ, ഇത്തവണത്തെ ഫലത്തില്‍ പ്രാദേശിക വിഷയങ്ങള്‍ക്കപ്പുറം ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുണ്ടായി എന്നാണ് ഫലം കാണിക്കുന്നത്. യു ഡി എഫിന് ഏറെ കാലത്തിനു ശേഷം ഒരു വിജയം കിട്ടുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാകും സാധാരണ മേല്‍ക്കൈ. യു ഡി എഫ് വിജയിക്കുമ്പോള്‍ പോലും താഴെ തട്ടില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തന മികവ് അവരെ രക്ഷിക്കാറുണ്ട്. കോണ്‍ഗ്രസ്സില്‍ എപ്പോഴുമുണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും ഇടതുപക്ഷത്തെ സഹായിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതൊക്കെ മറികടന്നുകൊണ്ട് യു ഡി എഫ് വിജയിച്ചിരിക്കുന്നു. ഇതിനുള്ള കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇടതുപക്ഷത്തിന് ഇനി വളരെ കുറച്ച് സമയം മാത്രമേയുള്ളൂ.
മൊത്തത്തില്‍ യു ഡി എഫ് വിജയിച്ചു എന്ന് പറയുമ്പോഴും ചില മേഖലകളില്‍ ബി ജെ പി – എന്‍ ഡി എ നടത്തിയ മുന്നേറ്റങ്ങള്‍ കാണാതിരുന്നു കൂടാ. വിശേഷിച്ചും തിരുവനന്തപുരം നഗരസഭയില്‍. അവിടെ അവര്‍ അധികാരത്തിലെത്തി എന്നത് ഭീഷണിയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് തലസ്ഥാനത്ത് ഇത്ര വലിയ വിജയം അവര്‍ക്കുണ്ടായത്? ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലയില്‍ ഇതില്‍ അത്ര വലിയ അത്ഭുതമുണ്ടെന്ന് പറയാന്‍ കഴിയില്ല. ഏറെക്കാലമായി ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയില്‍ ശക്തമായ പ്രതിപക്ഷമായി കഴിഞ്ഞ പത്ത് വര്‍ഷമായി ബി ജെ പിയുണ്ട്. യു ഡി എഫ് അവിടെ വളരെ പിന്നിലാണ്. നഗര ഭരണത്തിനെതിരായി ശക്തമായ വികാരം ഉണ്ടായിരുന്നു എന്ന് വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. ഇടതുപക്ഷത്തിന്റെ സീറ്റില്‍ കാര്യമായ ഇടിവുണ്ടായി. യു ഡി എഫ് അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാലും ഭരണവിരുദ്ധ വികാരത്തിന്റെ ആദ്യ ഗുണഭോക്താവ് പ്രധാന പ്രതിപക്ഷമായ ബി ജെ പി ആയിരിക്കും എന്ന് മുമ്പേ തന്നെ കണക്കു കൂട്ടിയിരുന്നു.
അവിടെ ഉണ്ടായ പ്രധാന പ്രശ്‌നം മേയര്‍ തന്നെയായിരുന്നു എന്ന് കാണാം. ഏറെ വിവാദങ്ങള്‍ ഉണ്ടായി. അഴിമതി ആരോപണങ്ങള്‍ വന്നു. ഓഡിറ്റ് റിപോര്‍ട്ടിലെ വിഷയങ്ങള്‍ ചര്‍ച്ചയായി. മേയറുടെ അപക്വമായ പെരുമാറ്റങ്ങളും പാര്‍ട്ടി സെക്രട്ടറിക്ക് ജോലിക്കാരെ ആവശ്യപ്പെട്ടു കൊണ്ട് നല്‍കിയ കത്തും മറ്റും വളരെയേറെ എതിര്‍പ്പുകള്‍ ഉണ്ടാക്കി. എല്ലാത്തിനും പുറമേ തിരഞ്ഞെടുപ്പ് കാലത്ത് അഞ്ച് കൊല്ലം ഭരിച്ച മേയര്‍ അപ്രത്യക്ഷയായി എന്നതും പ്രതിപക്ഷത്തിന് ആയുധമായി. പൊതുവെ വര്‍ഗീയതക്ക് വളക്കൂറുള്ള ആ മണ്ണില്‍ ഈ ഘടകങ്ങളെല്ലാം അവര്‍ക്കനുകൂലമായി. തന്നെയുമല്ല സര്‍ക്കാറിനെ നേരിട്ട് കാണുന്ന ജനങ്ങള്‍ അതിനെതിരായ വോട്ടുകളും നല്‍കിയിട്ടുണ്ടാകും. എല്‍ ഡി എഫ് ഉന്നയിച്ച ചില മുദ്രാവാക്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിച്ചു എന്ന് കരുതുന്നവരും ഉണ്ട്. യു ഡി എഫിനെ വിമര്‍ശിക്കുന്നത്ര ശക്തിയോടെ പലപ്പോഴും ബി ജെ പിയെ വിമര്‍ശിക്കാന്‍ ഇടതു നേതാക്കള്‍ താത്പര്യം കാണിച്ചില്ല എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ശബരിമല പോലുള്ള വിഷയങ്ങള്‍ എന്നും സര്‍ക്കാറിനെ ബാധിക്കാറുണ്ട്. എന്തായാലും ബി ജെ പിയുടെ ഈ വിജയം നല്‍കുന്ന സൂചനകള്‍ എല്ലാവരും പഠിക്കേണ്ടതുണ്ട്.
ബി ജെ പിയുടെ മുന്നേറ്റം തലസ്ഥാന നഗരസഭയില്‍ മാത്രമല്ല ഉണ്ടായിട്ടുള്ളത്. പന്തളം പോലുള്ള ചില നഗരസഭകള്‍ അവര്‍ക്ക് നഷ്ടമായെങ്കിലും മറ്റു പലയിടങ്ങളിലും അവര്‍ക്ക് നേട്ടമുണ്ടായതായി കാണാം. അതില്‍ ഏറ്റവും പ്രധാനമായത് കോഴിക്കോട്ടെ നഗരസഭയിലെതാണ്. അവര്‍ തങ്ങളുടെ അംഗസംഖ്യ അവിടെ ഇരട്ടിയാക്കി. കോഴിക്കോട് പോലെ ഉറച്ച മതനിരപേക്ഷ നഗരത്തിലെ ഈ മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കൊല്ലം നഗരസഭയിലും അവരുടെ ബലം വര്‍ധിപ്പിച്ചിട്ടുണ്ട്.
ശ്രദ്ധേയമായ മറ്റൊരു നഗരസഭ തൃശൂരിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതകരമായി താമര വിരിഞ്ഞ തൃശൂര്‍. പക്ഷേ അവിടെ അവര്‍ക്ക് കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ട് എന്നും പഠിക്കേണ്ടതുണ്ട്. സുരേഷ് ഗോപിക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന തൃശൂര്‍ നഗരസഭയില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. ബി ജെ പിയിലേക്ക് ചായുന്നു എന്ന് പലരും ചൂണ്ടിക്കാട്ടിയ മതവിഭാഗങ്ങള്‍ കൃത്യമായി തങ്ങളുടെ നിലപാട് തെളിയിച്ചു. ബി ജെ പിയുടെ സ്വപ്‌നം പൊലിഞ്ഞുപോയി. അവസാനമായി മതനിരപേക്ഷ കക്ഷികള്‍ എടുക്കുന്ന ചില നിലപാടുകള്‍ വര്‍ഗീയ കക്ഷികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് തീര്‍ച്ച. അത് തിരുത്താന്‍ അവര്‍ തയ്യാറായാല്‍ കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാം.




