From the print
അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ് സമാപിച്ചു; മർകസ് സംഘം തിരിച്ചെത്തി
ജ്യങ്ങളുടെ അതിരുകളോ ദേശ,ഭാഷ, വേഷ വൈജാത്യങ്ങളോ വിലങ്ങു തടിയാകാതെയുള്ള മാനവിക ഐകൃത്തിന് ലോക ജനത തയ്യാറാകണമെന്ന് കൈറോയിൽ സമാപിച്ച അൽ അസ്ഹർ അന്താരാഷ്ട്ര അക്കാദമിക് വർക്്ഷോപ്പ് ആഹ്വാനം ചെയ്തു
കോഴിക്കോട് | രാജ്യങ്ങളുടെ അതിരുകളോ ദേശ,ഭാഷ, വേഷ വൈജാത്യങ്ങളോ വിലങ്ങു തടിയാകാതെയുള്ള മാനവിക ഐകൃത്തിന് ലോക ജനത തയ്യാറാകണമെന്ന് കൈറോയിൽ സമാപിച്ച അൽ അസ്ഹർ അന്താരാഷ്ട്ര അക്കാദമിക് വർക്്ഷോപ്പ് ആഹ്വാനം ചെയ്തു. ഇതിനാവശ്യമായ വിദ്യാഭ്യാസ കരിക്കുലങ്ങളാണ് ഭാവി ലോകത്തെ സൃഷ്ടിക്കേണ്ടത്. മതനേതാക്കൾ ഈ നിലയിൽ ചിന്തിക്കണം. മതങ്ങളും വേദങ്ങളും ധർമത്തിന്റെയും സമാധാനത്തിന്റെയും മാത്രം സന്ദേശം വിഭാവനം ചെയ്യുമ്പോൾ ഈ സന്ദേശമുൾക്കൊള്ളാതെ ചിലർ തീവ്രവാദ പ്രവർത്തനങ്ങളും നരഹത്യകളും നടത്തുന്നത് ക്രൂരതയാണ്. ഇതിനെതിരെയുള്ള ശക്തമായ ഇടപെടലുകളാണ് അന്താരാഷ്ട്ര അക്കാദമിക് വർക് ഷോപ്പ് കൊണ്ട് അൽ അസ്ഹർ ലക്ഷ്യമാക്കുന്നതെന്ന് അക്കാദമിക് ചെയർമാനും സീനിയർ ഉലമാ ഓർഗനൈഷേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. ശൈഖ് ഹസൻ സ്വലാഹ് അൽ സഗീർ പറഞ്ഞു.
മതങ്ങളുടെ സാഹോദര്യ- സൗഹൃദ സന്ദേശങ്ങളായ മിതത്വം, നിഷ്പക്ഷത, ബഹുസ്വരത, മാനവിക സമത്വം എന്നിവയാണ് അൽ അസ്ഹറിന്റെ വീക്ഷണവും നിലപാടുമെന്നത് ലോകത്ത് പ്രചരിപ്പിക്കാനും തദ്വാരാ വിഘടന ചിന്തകൾ ദൂരീകരിക്കാനുമാണ് അൽ അസ്ഹർ ഇത്തരം വർക് ഷോപ്പുകളും ഉച്ചകോടികളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽ അസ്ഹർ ചാൻസലർ ശൈഖ് അഹ്്മദ് ത്വയ്യിബും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും നടത്തുന്ന ലോക മത നേതാക്കളുടെ സമ്മേളനത്തിൽ എല്ലാ മത മേധാവികളും പങ്കെടുക്കുന്നത് ഇതിന് ഉദാഹരണമാണ്. ഒറ്റപ്പെട്ട വികല വാദങ്ങളും വക്ര ചിന്തകളും നൂതന വാദികളുടെ സൃഷ്ടിയാണെന്നും അവർ സമൂഹത്തെ ലിബറലിസത്തിലേക്കും നിരീശ്വര ചിന്തകളിലേക്കുമാണ് നയിക്കുന്നതെന്നും ഈ ചിന്തകളെ ചെറുക്കാൻ നാല് മദ്ഹബുകളിലധിഷ്ഠിതമായ കർമശാസ്ത്രവും അശ്അരീ- മാതുരീദി വിശ്വാസ ധാരകളും കൂടുതൽ പ്രചരിപ്പിക്കാൻ മത നേതാക്കൾ മുന്നോട്ടു വരണമെന്നുമായിരുന്നു സമാപന സമ്മേളന പ്രമേയം.
മർകസ് വൈസ് പ്രസിഡന്റും ഇന്ത്യൻ പ്രതിനിധി സംഘം തലവനുമായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, അൽ അസ്ഹർ നടത്തുന്ന ഈ മുന്നേറ്റത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ പിന്തുണയും ആശംസയും അറിയിച്ചു. മർകസ് പി ആർ ഒയും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലറുമായ തറയിട്ടാൽ ഹസൻ സഖാഫി കീർത്തന കാവ്യം അവതരിപ്പിച്ചു.
മറ്റു രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് ശൈഖ് ഹിശാം മുസാറക് (അൾജീരിയ), ശൈഖ് അബ്ദുൽ കരീം (ഗിനിയ), ശൈഖ് ഇബ്്റാഹീം ഹനഫീ (നൈജീരിയ), ശൈഖ് അബ്ദുല്ലാ ഫൂലീ കീത്താ (കെനിയ), ശൈഖ് ജാൻ തൂസ് അബ്ദുല്ല (കസാകിസ്താൻ) സംസാരിച്ചു.
പ്രതിനിധി രാജ്യങ്ങളുടെ അംബാസഡർമാർ സമാപന സംഗമത്തിന് ആശംസകൾ അറിയിച്ചു. ലോകത്ത് സമാനതകളില്ലാത്ത കർമ പദ്ധതിയാണ് അൽ അസ്ഹറിന്റെതെന്ന് അവർ പറഞ്ഞു.
രണ്ട് മാസത്തെ വർക്്ഷോപ്പിൽ പങ്കെടുത്ത പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന് കൈറോ ശരീഅ ആൻഡ് ലോ കോളജ് മുൻ മേധാവി ഡോ. അബ്ദുൽ ഫത്താഹ് അൽ അവാരി നേതൃത്വം നൽകി.
അൽ അസ്ഹറിന്റെ തൻത്വാ വിഭാഗം മേധാവിയും അൽ അസ്ഹർ വേൾഡ് അക്കാദമിക് വിഭാഗം ഡയറക്ടറുമായ ഡോ. സാമീ ഹിലാൽ വിഷയമവതരിപ്പിച്ചു.
മർകസ് മുദർരിസ് കൊട്ടുക്കര മുഹ്്യിദ്ദീൻ സഅദി നേതൃത്വം നൽകുന്ന അടുത്ത മർകസ് സംഘം കൈറോയിലെത്തിയിട്ടുണ്ട്.


