From the print
കാസര്‍കോട്ട് ഇടതിന് മേല്‍ക്കൈ
എല്‍ ഡി എഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ
കാസര്‍കോട് | സംസ്ഥാനത്ത് ആഞ്ഞുവീശിയ യു ഡി എഫ് തരംഗത്തിനിടയിലും കൈ കൊടുക്കാതെ കാസര്‍കോട്. ജില്ലയില്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ഇടതിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും മിക്ക ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളും ഇടതുമുന്നണി നിലനിര്‍ത്തി. കാസര്‍കോട് നഗരസഭയില്‍ പതിവ് പോലെ യു ഡി എഫിന് തന്നെയാണ് സമഗ്രാധിപത്യം. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 18 ഡിവിഷനുകളില്‍ ഒമ്പതെണ്ണം നേടിയാണ് ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയത്. യു ഡി എഫിന് എട്ട് സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫിന് സാധിച്ചത്. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്ന ബി ജെ പിക്ക് ഒരു സീറ്റ് നഷ്ടമായി. കൈവശമുണ്ടായിരുന്ന പുത്തിഗെയും എടനീരും നഷ്ടമായ ബി ജെ പിക്ക് ബദിയഡുക്കയില്‍ മാത്രമാണ് ജയിക്കാനായത്. നേരത്തേ 17 ഡിവിഷനുകളുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഒരു ഡിവിഷന്‍ വര്‍ധിച്ച് 18ആയിരുന്നു. പുതുതായി രൂപവത്കരിച്ച ബേക്കല്‍ ഡിവിഷന്‍ എല്‍ ഡി എഫിനൊപ്പം നിന്നു. നിലവില്‍ എല്‍ ഡി എഫിന് സ്വതന്ത്രന്‍ ഉള്‍പ്പെടെ എട്ടും യു ഡി എഫിന് ഏഴും ബി ജെ പിക്ക് രണ്ടും അംഗങ്ങളാണുള്ളത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ ആകെയുള്ള 47 സീറ്റുകളില്‍ എല്‍ ഡി എഫിന് 22ഉം യു ഡി എഫിന് 21ഉം ബി ജെ പിക്ക് നാലും സീറ്റുകള്‍ ലഭിച്ചു. നീലേശ്വരം നഗര ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി. ആകെയുള്ള 34 സീറ്റുകളില്‍ എല്‍ ഡി എഫിന് 21ഉം യു ഡി എഫിന് 13ഉം സീറ്റുകള്‍ ലഭിച്ചു. മുസ്‌ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭ മാത്രമാണ് ഇത്തവണയും യു ഡി എഫിനൊപ്പം നിന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കാഞ്ഞങ്ങാട് നഗരസഭ ഭരിച്ച എല്‍ ഡി എഫിന് വീണ്ടും അധികാരത്തിലെത്താന്‍ സാധിച്ചു. എല്‍ ഡി എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ വി വി രമേശന്‍ ഏഴാം വാര്‍ഡായ അതിയാമ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
രമേശനെ എല്‍ ഡി എഫ് വീണ്ടും ഗോദയില്‍ ഇറക്കിയത് തന്നെ നഗരഭരണം നിലനിര്‍ത്താനായിരുന്നു. 2015ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് കാഞ്ഞങ്ങാട് നഗരസഭ പിടിച്ചെടുക്കുകയും വി വി രമേശന്‍ നഗരസഭാ ചെയര്‍മാനാകുകയും ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ വീട് നിര്‍മിച്ചുകൊടുത്ത നഗരസഭ എന്ന ഖ്യാതി കാഞ്ഞങ്ങാട് നഗരസഭക്ക് നേടിക്കൊടുത്തത് വി വി രമേശന്റെ ഭരണകാലത്താണ്. ഇതിന്റെ ഫലമായി 2020ലെ തിരഞ്ഞെടുപ്പിലും ഇവിടെ എല്‍ ഡി എഫ് അധികാരത്തിലെത്തി. കെ വി സുജാതയാണ് ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടത്.
2020ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ 43 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ നാല് വാര്‍ഡുകള്‍ കൂടി 47ആയി. 2020ലെ തിരഞ്ഞെടുപ്പിലും 21 സീറ്റുകളിലായിരുന്നു ഇടതുമുന്നണി ജയിച്ചത്. അന്ന് ഒമ്പത് ഇടത്ത് യു ഡി എഫും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ്സ് വിമതയും ഒരു സീറ്റില്‍ എസ് ഡി പി ഐയുമാണ് ജയിച്ചിരുന്നത്. നീലേശ്വരം നഗരസഭ രൂപവത്കരിച്ചത് മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച ചരിത്രമാണ് നീലേശ്വരത്തിന്റേത്. പൊതുപ്രവര്‍ത്തന രംഗത്ത് സുപരിചിതരായവരെയും യുവാക്കളെയും ഗോദയിലിറക്കിയായിരുന്നു നീലേശ്വരം നഗരസഭയില്‍ ഭരണത്തുടര്‍ച്ചക്കുള്ള എല്‍ ഡി എഫിന്റെ പടയോട്ടം. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭയില്‍ നടപ്പാക്കിയ വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നഗരസഭയിലെ കൂടുതല്‍ വാര്‍ഡുകളില്‍ ജയിക്കാന്‍ കഴിയുമെന്ന് എല്‍ ഡി എഫ് കണക്കുകൂട്ടിയിരുന്നെങ്കിലും അതുണ്ടായില്ല. നീലേശ്വരം പഞ്ചായത്ത് 2010ലാണ് നഗരസഭയായി ഉയര്‍ത്തിയത്. രൂപവത്കരണം മുതല്‍ നഗരഭരണത്തിന്റെ കുത്തക നിലനിര്‍ത്തിയത് ഇടതുമുന്നണിയായിരുന്നു. സി പി എം ശക്തികേന്ദ്രമായ കാര്യങ്കോട്ട് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റിയംഗം എം വി വാസന്തി പരാജയപ്പെട്ടു. സി പി എമ്മിലെ പി കെ ഷിജിതയാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത്.
39 സീറ്റുകളില്‍ 24 സീറ്റുകള്‍ നേടിയാണ് കാസര്‍കോട് നഗരസഭയില്‍ യു ഡി എഫ് അജയ്യ ശക്തിയായത്. ഇതില്‍ 22 സീറ്റുകളും ലീഗിന്റേതാണ്. എന്‍ ഡി എയുടെ സീറ്റുകള്‍ 14ല്‍ നിന്നും 12 ആയി കുറഞ്ഞു. എല്‍ ഡി എഫ് രണ്ട് സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. ഇടതുപക്ഷത്തിന് വേരോട്ടം കുറഞ്ഞ നഗരസഭയില്‍ 25 സീറ്റുകളില്‍ മുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തി കരുത്ത് തെളിയിക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് നടത്തിയത്.
മൂന്ന് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി സാന്നിധ്യമറിയിക്കാന്‍ എസ് ഡി പി ഐയും രംഗത്തെത്തിയിരുന്നു. ഒന്ന്, 13, 30 വാര്‍ഡുകളിലാണ് ഇവര്‍ ജനവിധി തേടിയത്. നഗരഭരണം പിടിക്കാന്‍ യു ഡി എഫും കരുത്തരെയാണ് രംഗത്ത് ഇറക്കിയത്. ആകെ 37 സ്ഥാനാർഥികൾ. ഇതില്‍ 24 സ്ഥാനാര്‍ഥികള്‍ ലീഗിന്റേതായിരുന്നു. ഇത്തവണ അധ്യക്ഷ പദവി സ്ത്രീ സംവരണമാണ്.


