Connect with us

Kerala

വി സി നിയമന സമവായം; മുഖ്യമന്ത്രിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ വിമര്‍ശനം

എല്ലാം മുഖ്യമന്ത്രി ഒറ്റക്കു തീരുമാനിക്കുകയാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടതെന്നു നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി

Published

|

Last Updated

തിരുവനന്തപുരം | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മുന്നണി ഘടക കക്ഷികളെ അറിയിക്കാതെ പി എം ശ്രീഒപ്പിട്ടതിനു സമാനമായ ആക്ഷേപം വി സി നിയമന സമവായത്തിലും ഉയരുമെന്നും എല്ലാം മുഖ്യമന്ത്രി ഒറ്റക്കു തീരുമാനിക്കുകയാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടതെന്നും നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഗവര്‍ണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചപ്പോഴാണ് വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ എതിര്‍ത്തു. യോഗത്തില്‍ ഒരാള്‍ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. വി സി നിയമനത്തിലെ സമവായം പാര്‍ട്ടി അറിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.

ഗവര്‍ണറുമായി സമവായത്തിന് മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാര്‍ട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോള്‍ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. യോഗത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടും സര്‍ക്കാര്‍ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വന്‍പോരിനൊടുവിലുണ്ടായ സമവായത്തിന് പിന്നില്‍ അന്തര്‍ധാരയെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.

 

Latest