articles
നമ്മുടെ ജനപ്രതിനിധികള്‍ പ്രാപ്തരാണോ?
വികസനമല്ല ഇപ്പോള്‍ ആരുടെയും ലക്ഷ്യം. കക്ഷിരാഷ്ട്രീയ വളര്‍ച്ചയിലാണ് ശ്രദ്ധ. നമ്മുടെ പ്രദേശങ്ങളിലെ വികസന സ്വപ്‌നങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ശക്തമായ ഒരു പൗരബോധം ഇനിയും ഉണര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. വികസന കാഴ്ചപ്പാടുള്ള, പ്രാദേശിക പ്രശ്‌നങ്ങളില്‍ ജ്ഞാനമുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പൗരസമൂഹം തയ്യാറാകാത്ത കാലത്തോളം ഈ പ്രതിസന്ധി തുടരും.
മുഹമ്മദ് ശാക്കിർ ഇ
തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിയിരിക്കുന്നു. വീട്ടുവാതില്‍ക്കല്‍ വരെ വ്യാപിച്ച ജനാധിപത്യ പ്രചാരണത്തിന്റെ അസുലഭ സന്ദര്‍ഭം അവസാനിച്ച ഈ വേളയില്‍, തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ കാത്തിരിക്കുകയാണ് സമൂഹം. ആരെയാണ് നാം തിരഞ്ഞെടുത്തത്? അവരെ തിരഞ്ഞെടുക്കാന്‍ നമ്മെ നയിച്ച മാനദണ്ഡങ്ങള്‍ എന്തായിരുന്നു? ഈ ചോദ്യങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ചില ഉത്തരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ നാടിനെ സേവിക്കാന്‍ പ്രാപ്തരായ പ്രതിനിധികളും അതിനുതകുന്ന രാഷ്ട്രീയ നേതൃത്വവുമാണ് ഉയര്‍ന്നു വരേണ്ടത്. എന്നാല്‍, കക്ഷിരാഷ്ട്രീയത്തിന്റെ “അപ്പക്കഷണങ്ങള്‍ വിഴുങ്ങി’ വയര്‍ നിറക്കുന്നവരല്ല താന്‍ തിരഞ്ഞെടുത്ത പ്രതിനിധികളെന്ന് പറയാന്‍ ഏത് പൗരനാണ് ആര്‍ജവമുള്ളത്? നാടിന്റെ മികവുകളെ അറിഞ്ഞ് വികസന വഴികളില്‍ നവോത്ഥാനം തീര്‍ക്കാന്‍ കരുത്തും ചിന്തയുമുള്ള ഒരു കൂട്ടത്തെ സൃഷ്ടിക്കുക എന്ന പൗരധര്‍മം എത്രത്തോളം ഫലവത്തായി എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയേറെയാണ്.
ഫണ്ട് വിനിയോഗവും ഭരണപരമായ മുരടിപ്പും
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക വിഹിത വിനിയോഗവും ഫണ്ട് വിനിയോഗവും എത്രത്തോളം ഓട്ടപ്പാച്ചിലുകളില്ലാതെ നിര്‍വഹിച്ചു എന്ന അവലോകനത്തില്‍ നിന്ന് തന്നെ തുടങ്ങാം. പൊതുപ്രവര്‍ത്തനത്തിന്റെ ഗുണകരവും ഉചിതവുമായ രൂപം അതിന്റെ ഈടും മേന്മയും കണ്ടാണ് നാം വിലയിരുത്തുന്നത്. ഇത് സാധ്യമാകണമെങ്കില്‍ കൃത്യമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും ആവശ്യമാണ്. എന്നാല്‍, പലപ്പോഴും ഭരണ സമിതികള്‍ ഈടും നിലവാരവും ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, റോഡുകളുടെ നീളം കുറക്കേണ്ടി വരികയോ പദ്ധതിയുടെ വലിപ്പം ചുരുങ്ങുകയോ വാഗ്ദത്ത കൂലി കുറയുകയോ ചെയ്‌തേക്കാം. അതിന് ഒരു “എളുപ്പവഴി’ കണ്ടെത്തും, ഏറ്റവും വേഗത്തില്‍, പ്രാദേശികരുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുന്ന കോണ്‍ട്രാക്ടര്‍മാരെ ആശ്രയിക്കുക. ഇങ്ങനെ, സാമ്പത്തിക വര്‍ഷാവസാനത്തിന്റെ അവസാന ദിവസങ്ങളിലെ തിരക്കിട്ട നീക്കങ്ങളില്‍ വിഹിതം ചെലവഴിച്ചു തീര്‍ക്കുമ്പോള്‍, ദയനീയമായ വികസന കാഴ്ചകളാണ് നമ്മുടെ മുന്നില്‍ തെളിയുന്നത്. ജനപ്രതിനിധികളുടെ അലസത മാത്രമല്ല പ്രശ്‌നം. പദ്ധതികള്‍ വൈകുന്നതിന്റെ പിന്നില്‍ ഭരണപരമായ കാര്യക്ഷമതയില്ലായ്മയും ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്കും പ്രധാന ഘടകമാണ്. കൃത്യസമയത്തുള്ള ഭരണാനുമതി, ടെന്‍ഡര്‍ നടപടികള്‍, ബില്ലുകള്‍ പാസ്സാക്കല്‍ എന്നിവയിലെ കാലതാമസം ഫണ്ടുകള്‍ ലാപ്സാകാന്‍ വഴിയൊരുക്കുന്നു. ജനപ്രതിനിധിയുടെ ഫലപ്രദമായ ഇടപെടലും സമ്മര്‍ദവും ഉദ്യോഗസ്ഥരില്‍ ചെലുത്താന്‍ സാധിക്കുമ്പോഴാണ് പദ്ധതികളുടെ വേഗം കൂടുന്നത്. കൃത്യമായ ആസൂത്രണമില്ലായ്മ കൊണ്ടും ഭരണപരമായ മുരടിപ്പിനാലും പാഴായിപ്പോകുന്നത് ലക്ഷക്കണക്കിന് രൂപയാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഗ്രാമാന്തരങ്ങള്‍ വികസന മുരടിപ്പിന്റെ കാഴ്ചകളായി മാറുന്നു.
പ്രാദേശിക ആവശ്യങ്ങള്‍ തിരിച്ചറിയുന്ന പ്രതിനിധി
ഓരോ പ്രതിനിധിയുടെയും ചിന്തകള്‍ സമഗ്രമാകണം. സമ്മതിദായകരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ അവര്‍ക്ക് കഴിയണം. ഓരോ നാടിന്റെയും ആവശ്യങ്ങള്‍ അദ്വിതീയമാണ്. മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളോ അന്യരാജ്യത്തെ മാതൃകകളോ അതേപടി പകര്‍ത്തുന്നതിലല്ല കാര്യം. മറിച്ച്, ഒരു നാടിന്റെ ആവശ്യം നിര്‍ണയിക്കുന്നതും ഉന്നയിക്കുന്നതും അവിടെയുള്ളവരും അവരെ കണ്ടറിയുന്ന വാര്‍ഡ് മെമ്പറുമാകണം. ഇതറിയുന്ന, ഈ കാഴ്ചപ്പാടുള്ള എത്ര പ്രതിനിധികളെയാണ് നാം തിരഞ്ഞെടുത്തത്?
തദ്ദേശ സ്ഥാപനങ്ങള്‍ പലപ്പോഴും അടിയന്തര ശ്രദ്ധ ആവശ്യമുള്ളതും പെട്ടെന്ന് വോട്ട് നേടാന്‍ സഹായിക്കുന്നതുമായ (ഉദാഹരണത്തിന്, കോണ്‍ക്രീറ്റ് റോഡുകള്‍) പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്നു. ദീര്‍ഘകാല ഫലങ്ങളുള്ള പദ്ധതികളായ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും നിലവാരം ഉയര്‍ത്തല്‍ തുടങ്ങിയവ പലപ്പോഴും അവഗണിക്കപ്പെടുന്നു. കക്ഷിരാഷ്ട്രീയ വിജയത്തിന് മാത്രം ഊന്നല്‍ നല്‍കുന്നതിനാല്‍ ഭാവി തലമുറയെയും നാടിന്റെ സുസ്ഥിരതയെയും ലക്ഷ്യമാക്കിയുള്ള വികസന കാഴ്ചപ്പാട് ഇല്ലാതാകുന്നു.
ഒരു പ്രദേശത്തിന്റെ സമ്പദ് സമൃദ്ധി എന്നാല്‍ ആ ഗ്രാമത്തിന് ആവശ്യമായതെല്ലാം ഒരുക്കിയെടുക്കുക എന്നതാണ്. അതിന്, തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി കഴിവുകളെ പരിപോഷിപ്പിക്കണം, ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും ചേര്‍ത്തുപിടിക്കണം, തളര്‍ന്നുപോയവരുടെ ആശ്രയവും നിരാലംബരുടെ അത്താണിയുമാകണം, കിടപ്പുരോഗികള്‍ക്കും മറ്റ് അസുഖമുള്ളവര്‍ക്കും സാന്ത്വനം നല്‍കണം, ഇവകള്‍ക്കെല്ലാം പുറമെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണം, ഉപയോഗപ്രദമായ നടപ്പാതകളും വാഹന ഗതാഗത യോഗ്യമായ റോഡുകളും സജ്ജമാക്കണം, തന്റെ രാഷ്ട്രീയം പങ്കുവെക്കുന്നവരോടും അല്ലാത്തവരോടും ഒരുപോലെ സമീപനം സ്വീകരിച്ച് മുന്നേറണം. ഇങ്ങനെ മുന്നേറുന്ന പ്രവര്‍ത്തനങ്ങളും പ്രതിനിധിയുമാണ് ഓരോ നാടിന്റെയും സ്വപ്‌നവും വളര്‍ച്ചയും വികസനവും.
ജീവിത ചുറ്റുപാടറിയാത്ത പ്രതിനിധികള്‍
കുടുംബമഹിമ കൊണ്ടോ സാമ്പത്തിക സ്വാധീനം കൊണ്ടോ മറ്റ് സാമൂഹിക സ്വീകാര്യതകള്‍ കൊണ്ടോ തിരഞ്ഞെടുക്കപ്പെട്ട് അയക്കപ്പെടുന്ന പ്രതിനിധികള്‍ പലപ്പോഴും ജീവിത ചുറ്റുപാടുകളിലെ പ്രതിസന്ധികളെ അറിയാനും അത് പരിഹരിക്കാനും കഴിവില്ലാത്തവരായി മാറുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഈയൊരു ഭയം അവരെ തിരഞ്ഞെടുത്തയച്ച സംഘത്തോട് പങ്കുവെക്കുമ്പോള്‍, “ഞങ്ങള്‍ കൂടെയുണ്ട്’ എന്ന ഉറപ്പ് നല്‍കി ധൈര്യം കൊടുക്കുന്നു. എന്നാല്‍, കണ്‍മുമ്പില്‍ ഒരത്യാഹിതം സംഭവിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്തവര്‍, തളര്‍ന്നുപോകുന്നവര്‍ എങ്ങനെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കും? ഈ ആശങ്ക ഒരു പരിധി വരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ട പല പ്രതിനിധികളെയും പിടികൂടിയിട്ടുണ്ടാകാം.
ഗ്രാമസഭ വികസനങ്ങളുടെ ചര്‍ച്ചയിടം
വികസന പദ്ധതികളുടെ അടിസ്ഥാന ശിലയാണ് ഗ്രാമസഭകള്‍. ഇവിടെ വെച്ചാണ് ആവശ്യങ്ങള്‍ തിരിച്ചറിയുകയും മുന്‍ഗണന നിശ്ചയിക്കുകയും ചെയ്യുന്നത്. എന്നാല്‍, പലപ്പോഴും ഈ ജനാധിപത്യ വേദികള്‍ നോക്കുകുത്തികളായി മാറുന്നു. ജനപ്രതിനിധികള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് പദ്ധതികള്‍ നല്‍കാനായി ഗ്രാമസഭകളെ നോക്കുകുത്തിയാക്കുന്നു. ജനങ്ങളുടെ പങ്കാളിത്തം കുറവായതിനാല്‍, വിഹിതങ്ങള്‍ എളുപ്പത്തില്‍ പാസ്സാക്കിയെടുക്കാന്‍ സാധിക്കുന്നു. പൗരധര്‍മം എന്നത് വോട്ട് ചെയ്യുന്നതില്‍ മാത്രം ഒതുങ്ങരുത്. ഗ്രാമസഭകളില്‍ സജീവമായി പങ്കെടുത്ത് പദ്ധതികള്‍ പരിശോധിക്കാനുള്ള ബാധ്യത ആ ഗ്രാമത്തിലെ എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ജനകീയ പങ്കാളിത്തമില്ലാത്തത്, ജനപ്രതിനിധികള്‍ക്ക് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവസരം നല്‍കുന്നു.
കക്ഷിരാഷ്ട്രീയം വിഴുങ്ങുന്ന വികസനവും പൗരബോധവും
വികസനമല്ല ഇപ്പോള്‍ ആരുടെയും ലക്ഷ്യം. കക്ഷിരാഷ്ട്രീയ വളര്‍ച്ചയിലാണ് ശ്രദ്ധ. നമ്മുടെ പ്രദേശങ്ങളിലെ വികസന സ്വപ്‌നങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ശക്തമായ ഒരു പൗരബോധം ഇനിയും ഉണര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. വികസന കാഴ്ചപ്പാടുള്ള, പ്രാദേശിക പ്രശ്‌നങ്ങളില്‍ ജ്ഞാനമുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പൗരസമൂഹം തയ്യാറാകാത്ത കാലത്തോളം ഈ പ്രതിസന്ധി തുടരും. മുകളിലുന്നയിച്ച ചോദ്യം ഇനിയും ബാക്കിയായി തുടരുന്നു. നമ്മുടെ പ്രതിനിധികള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പ്രാപ്തരായവരാണോ?


