Kerala
മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്നു; സി പി ഐ നേതൃയോഗത്തില്‍ വിമര്‍ശനം
പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ ഡി എഫില്‍ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി
തിരുവനന്തപുരം | മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണെന്നും മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സി പി ഐ നേതൃയോഗത്തില്‍ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.
പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ ഡി എഫില്‍ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി. മുന്നണിയെ വിശ്വാസത്തില്‍ എടുക്കാത്തതിന്റെ ഉദാഹരണമായി പി എം ശ്രീ ഒപ്പിട്ടത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് കാരണമായി. അടിത്തട്ടില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ ഡി എഫ് സര്‍ക്കാരിനെ സിപി ഐ മുഖപത്രമായ ജനയുഗവും വിമര്‍ശിച്ചിരുന്നു. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്നായിരുന്നു മുഖപ്രസംഗം.


