Kerala
പരീക്ഷാ പേടിയില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷിച്ചു
വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തില്‍ നിന്നു ചാടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആണ് പാലത്തിലൂടെ സഞ്ചരിച്ചവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്
തിരുവനന്തപുരം | പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷിച്ചു. വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തില്‍ നിന്നു ചാടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആണ് പാലത്തിലൂടെ സഞ്ചരിച്ചവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഇന്ന് രാവിലെ മണ്ഡപത്തിന്‍ കടവ് പാലത്തിലെ കൈവരിയുടെ മുകളില്‍ നിന്ന് കയറി ചാടിയത്. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
ആഴം കൂടിയ ഭാഗത്തു ചാടിയിറങ്ങി കുട്ടിയെ രക്ഷിച്ചു കരക്കെക്കെത്തിക്കുമ്പോള്‍ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യങ്കോടില്‍ നിന്ന് ബസ് കയറിയ കുട്ടി സ്‌കൂളിനടുത്ത് ഇറങ്ങാതെ മണ്ഡപത്തിന്‍കടവ് ജങ്ഷനില്‍ എത്തിയാണ് നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗമായ പുഴയിലേക്ക് ചാടിയത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സമയമായത് കൊണ്ടും യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടും നാട്ടുകാര്‍ വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

