Ongoing News
സൗദിയില്‍ വാടക നിയമ ലംഘകര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു
തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് 12 മാസം വരെ വാടക പിഴയീടാക്കും
റിയാദ് | സൗദി അറേബ്യയില്‍ ഭൂവുടമ-കുടിയാന്‍ ബന്ധത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളുടെ ലംഘനങ്ങളെ തരംതിരിക്കുന്ന തൊഴില്‍ നിയമത്തിന്റെ ഒരു ഷെഡ്യൂള്‍ ഭേദഗതി ചെയ്തു. ചട്ടങ്ങള്‍ ലംഘിക്കുന്ന ഭൂവുടമകള്‍ക്ക് പിഴ വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.
റെസിഡന്‍ഷ്യല്‍, വാണിജ്യ, അല്ലെങ്കില്‍ ഒഴിച്ചിട്ട വസ്തുക്കളുടെ മൊത്തം വാടക നിയമങ്ങള്‍ ലംഘിച്ച് വര്‍ധിപ്പിക്കുന്നത് പ്രധാന നിയമ ലംഘനങ്ങളില്‍ ഒന്നാണ്. ആദ്യ നിയമലംഘനത്തിന് രണ്ട് മാസത്തെ വാടകയ്ക്ക് തുല്യമായ പിഴയാണ് ചുമത്തുക. ഇത് ആവര്‍ത്തിച്ചാല്‍ ആറ് മാസത്തെ വാടകയായും ആവര്‍ത്തിച്ചാല്‍ 12 മാസത്തെ വാടകയായും വര്‍ധിക്കും. കൂടാതെ, നിയമലംഘനങ്ങള്‍ തിരുത്താന്‍ ഭൂവുടമ ബാധ്യസ്ഥനാണ്. ഇ-റെന്റല്‍ സര്‍വീസസ് നെറ്റ്വര്‍ക്കായ ‘ഈജാര്‍’-ല്‍ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നതിനുള്ള പിഴകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ ലംഘനത്തിന് മുന്നറിയിപ്പും തിരുത്താനുള്ള ആവശ്യവുമാണ്. ഇത് ആവര്‍ത്തിച്ചാല്‍ മൂന്ന് മാസത്തെ വാടക വരെയും മൂന്നാം തവണ ആവര്‍ത്തിച്ചാല്‍ ആറ് മാസത്തെ വാടക വരെയും പിഴ ചുമത്തും. നിയമപരമായ ന്യായീകരണമില്ലാതെ റിയാദില്‍ വാടക കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുകയോ വാടകക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന ഭൂവുടമകള്‍ക്കും സമാനമായ പിഴകള്‍ ബാധകമാകും. ഈ പിഴകള്‍ ബാധിക്കപ്പെട്ട കക്ഷികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


