Connect with us

Articles

അരക്ഷിതമാകരുത് കുടിയേറ്റം

ആത്മാഭിമാനം, സുരക്ഷ, സമാധാനം എന്നീ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുടിയേറ്റം രൂപപ്പെടുന്നത് എങ്കിലും ഇത് മൂന്നും ഇല്ലാതാകുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്. കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര സംഘടനയുടെ 2024ലെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം ലോകത്ത് 30 കോടി പത്ത് ലക്ഷം കുടിയേറ്റക്കാര്‍ ഉണ്ട്. ലോക ജനസംഖ്യയുടെ 3.6 ശതമാനവും കുടിയേറ്റക്കാരാണ്. 1970ല്‍ 8.5 കോടി മാത്രം ഉണ്ടായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോള്‍ മൂന്ന് ഇരട്ടിയായാണ് വര്‍ധിച്ചത്.

Published

|

Last Updated

കുടിയേറ്റക്കാരായ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് 1990ല്‍ ചേര്‍ന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഓര്‍മക്കായാണ് ഐക്യരാഷ്ട്ര സഭ 2000 മുതല്‍ ഡിസംബര്‍ 18 ലോക കുടിയേറ്റ ദിനമായി ആചരിക്കുന്നത്. മനുഷ്യന്‍ എപ്പോഴും ചലനത്തിലാണ്. കുടിയേറ്റം ഒരു യാത്ര മാത്രമല്ല അത് വ്യക്തിയുടെ സ്വത്വത്തിലുള്ള മാറ്റമാണ്. എല്ലാ മനുഷ്യ കഥകളും കുടിയേറ്റ കഥകളാണ്. പ്രതീക്ഷയും സ്വപ്‌നവുമായി കുടിയേറ്റക്കാര്‍ എപ്പോഴും രണ്ട് ലോകങ്ങളിലാണ് ജീവിക്കുന്നത്. ഒന്ന്, ജനിച്ച നാടും വീടും ഉള്ള ഒരു പ്രദേശമാണെങ്കില്‍ രണ്ടാമത്തേത് അപരിചിതത്വത്തിന്റെ ലോകമാണ്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മികച്ച സൗകര്യങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുക, സുരക്ഷിത കുടിയേറ്റം ഊട്ടിയുറപ്പിക്കുക തുടങ്ങിയവക്ക് വേണ്ടിയാണ് ഡിസംബര്‍ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ആചരിക്കുന്നത്.

കുടിയേറ്റത്തിന്റെ ചരിത്രം
മനുഷ്യ ജീവിതം ആരംഭിച്ചത് മുതല്‍ കുടിയേറ്റവും തുടങ്ങിയിട്ടുണ്ട്. നല്ല ജീവിത വിജയത്തിനും സുരക്ഷിതത്വത്തിനും പുതിയ തൊഴിലവസരങ്ങള്‍ക്കും വേണ്ടിയുള്ള കുടിയേറ്റ യാത്ര ഇന്ന് പല രീതിയിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ചരിത്രപരമായി കുടിയേറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. മനുഷ്യന്റെ ഭൂമിയിലെ ആവിര്‍ഭാവം മുതല്‍ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. നവീന ശിലായുഗത്തില്‍ എത്തിയതോടെ കുടിയേറ്റത്തോടൊപ്പം കൃഷിയും ആരംഭിച്ചു. 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ സാമ്രാജ്യങ്ങളുടെ കുടിയേറ്റം ഉണ്ടായി. 16 മുതല്‍ 20 വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ കോളനികള്‍ സ്ഥാപിച്ച് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1970 കാലഘട്ടത്തില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം, കുടിയേറ്റത്തിന് പുതിയ മാനമാണ് സൃഷ്ടിച്ചത്.

നിലവിലെ അവസ്ഥ
ആത്മാഭിമാനം, സുരക്ഷ, സമാധാനം എന്നീ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുടിയേറ്റം രൂപപ്പെടുന്നത് എങ്കിലും ഇത് മൂന്നും ഇല്ലാതാകുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്. ജോലിക്ക് കൂടാതെ വിദ്യാഭ്യാസത്തിനും കുടുംബത്തോടൊപ്പം താമസിക്കുന്നതിനും കുടിയേറ്റം രൂപപ്പെടുന്നതായി കാണുന്നു. കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര സംഘടനയുടെ 2024ലെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം ലോകത്ത് 30 കോടി പത്ത് ലക്ഷം കുടിയേറ്റക്കാര്‍ ഉണ്ട്. ലോക ജനസംഖ്യയുടെ 3.6 ശതമാനവും കുടിയേറ്റക്കാരാണ്. 1970ല്‍ 8.5 കോടി മാത്രം ഉണ്ടായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോള്‍ മൂന്ന് ഇരട്ടിയായാണ് വര്‍ധിച്ചത്. കുടിയേറ്റക്കാരില്‍ 13.5 കോടി സ്ത്രീകളും 28 ലക്ഷം കുട്ടികളും ഉണ്ടെന്ന് കണക്കാക്കുന്നു. സ്ത്രീകളുടെ കുടിയേറ്റം കൂടിവരുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ വാര്‍ഷിക റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 25 വര്‍ഷത്തെ കുടിയേറ്റം പരിശോധിച്ചാല്‍ സ്ഥിരമായി കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലേക്ക് പല കാരണങ്ങളാല്‍ കുടിയേറ്റം കുറഞ്ഞു വരികയും മേച്ചില്‍ പുറങ്ങളായി പുതിയ രാജ്യങ്ങള്‍ കടന്നു വരികയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ജനസംഖ്യയിലെ 15 ശതമാനവും, ഏതാണ്ട് 5.06 കോടി ജനങ്ങള്‍, വിദേശത്ത് ജനിച്ചവരാണ്. അതില്‍ 25 ശതമാനവും മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. ഇന്ത്യ, റഷ്യ, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം വര്‍ധിക്കുന്നു. 2022ലെ റഷ്യ- യുക്രൈന്‍ യുദ്ധവും, ഇസ്‌റാഈലിന്റെ ഗസ്സ അക്രമവും, എത്യോപ്യ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളും കുടിയേറ്റത്തിന് പുതിയ അര്‍ഥതലമാണ് നല്‍ക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ചൈന, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉയരുകയാണ്. മികച്ച സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളായ അമേരിക്ക, യു എ ഇ, സഊദി അറേബ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമാണ് നിലവില്‍. ലോകത്ത് കുടിയേറ്റത്തിനായി ഇടനാഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കും സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും യു എ ഇയിലേക്കും കുടിയേറ്റത്തിന് പ്രത്യേക ഇടനാഴികള്‍ തന്നെ നിലവിലുണ്ട്.

മികച്ച സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ മരണത്തിലേക്കോ സ്ഥിരമായ നിഷ്‌കാസനത്തിലേക്കോ എത്തിപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ലോകത്ത് പ്രതിവര്‍ഷം 8,500 പേര്‍ക്ക് ഇങ്ങനെ ജീവഹാനി സംഭവിക്കുന്നുണ്ട് എന്നാണ് കണക്ക്.

കുടിയേറ്റത്തിലെ ആശങ്കകള്‍
സാമ്പത്തിക വിനിമയം, വംശീയ വൈവിധ്യം, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ അധിഷ്ഠിതമായിരുന്ന മുന്‍കാലങ്ങളിലെ കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ സാഹചര്യങ്ങളിലൂടെയാണ് കുടിയേറ്റം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം കുടിയേറ്റത്തിന് വലിയ വിപത്താണ് ഉണ്ടാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ അഭിപ്രായം കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. ലോകത്ത് 257 ദശലക്ഷം പേര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. കൃത്യമായി ഭക്ഷണം ലഭിക്കാത്തവരുടെ പട്ടികയില്‍ കുടിയേറ്റക്കാരും ഉണ്ട്. വിവിധ രാജ്യങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള നിയമങ്ങളും പരിഷ്‌കാരങ്ങളും കുടിയേറ്റത്തിന് വിലങ്ങ് തടിയായിട്ടുണ്ട്. തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഒരു വശത്തും അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ശ്രമം മറുവശത്തും നടക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് വര്‍ധിച്ച ഡിമാന്‍ഡ് ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നും ഭാവിയില്‍ അവരെ പുറത്താക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയതാണ്. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം 90,000 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത് കുടിയേറ്റ മേഖലയില്‍ വലിയ ഭീഷണിയാണ് ഉണ്ടാക്കിയത്. വിദേശികളെ ശത്രുവായി കാണുന്ന സമീപനം ലോകത്ത് വളര്‍ന്നുവരുന്നുണ്ട്.

കുടിയേറ്റത്തിലെ സാമ്പത്തികം
ലോകത്തെ കുടിയേറ്റക്കാര്‍ എല്ലാവരും കൂടി അവരുടെ നാടുകളിലേക്ക് 2000ത്തില്‍ 128 ബില്യണ്‍ യു എസ് ഡോളറാണ് അയച്ചതെങ്കില്‍ 2024ല്‍ അത് 831 ബില്യണ്‍ യു എസ് ഡോളറായി വര്‍ധിച്ചു. ഇന്ത്യക്ക് 2024ല്‍ 10.84 ലക്ഷം കോടി രൂപ വിദേശ നാണ്യമായി ലഭിച്ചിട്ടുണ്ട്. 2022 വരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ വിദേശ നാണ്യം ലഭിച്ചിരുന്നതെങ്കില്‍ 2024 മുതല്‍ മെക്‌സിക്കോ, ചൈന, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ വിദേശ പണം കുടിയേറ്റക്കാരിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളത്തിലേക്കായിരിന്നു ഏറ്റവും കൂടുതല്‍ വിദേശത്ത് നിന്ന് പണം ഒഴുകിയത്. അമേരിക്ക, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പണം കുടിയേറ്റക്കാരിലൂടെ എത്തിയത്. കുടിയേറ്റ ജനത അയക്കുന്ന പണം കൊണ്ട് സമ്പദ് വ്യവസ്ഥ തകരാതെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന രാജ്യങ്ങളുമുണ്ട്. താജികിസ്താന്‍, ടോംഗോ, ലബനാന്‍, നേപ്പാള്‍, ജമൈക്ക, എല്‍സല്‍വഡോര്‍ എന്നീ രാജ്യങ്ങളാണ് അവ.

കുടിയേറ്റത്തിന്റെ ഭാവിസാധ്യതകള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന കാനഡയില്‍ എക്‌സ്പ്രസ്സ് എന്‍ട്രി വിസ പദ്ധതി ആവിഷ്‌കരിച്ചതും, നോര്‍വെ, ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നീ നോര്‍ഡിക്ക് രാജ്യങ്ങളില്‍ സ്ഥിരം വിസ നല്‍കുന്ന പദ്ധതി തുടങ്ങിയതും, അമേരിക്കയില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് വിസ ലഭിക്കുന്നുണ്ട് എന്ന കാര്യവും കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്. നികുതിരഹിത വരുമാനം ലഭിക്കുന്നതിന് യു എ ഇയില്‍ ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ എന്നിവ ലഭിക്കുന്നതും കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാണ്. അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്ന സിംഗപ്പൂരിലേക്കും കുടിയേറ്റക്കാര്‍ക്ക് നല്ല ഭാവിയാണ് ഉള്ളത്. അയര്‍ലാന്‍ഡില്‍ സാങ്കേതിക മേഖലയിലും ഫാര്‍മ മേഖലയിലും വലിയ സാധ്യതകള്‍ ഉണ്ടാകുന്നതും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ നിലവില്‍ വന്നതും കുടിയേറ്റക്കാരുടെ ഭാവി തിളക്കമുള്ളതാക്കും. വികസിത രാജ്യങ്ങളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ വര്‍ധിക്കുന്നതും, വിദേശ വിദ്യാഭ്യാസം കഴിഞ്ഞാല്‍ അവിടെ ജോലി ലഭിക്കുന്നതും വലിയ രീതിയില്‍ കുടിയേറ്റത്തിന് പ്രോത്സാഹനം നല്‍കുന്ന കാര്യങ്ങളാണ്. സ്വന്തം രാജ്യത്തിരുന്ന് മറ്റു രാജ്യങ്ങളിലെ കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ കഴിയുന്ന റിമോര്‍ട്ട് വര്‍ക്ക് വിസകളും വ്യാപകമാകുന്നുണ്ട്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്‌സ് എന്നീ മേഖലയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി, ബ്രിട്ടന്‍, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നു. നൂറ്റാണ്ടിന്റെ പ്രത്യേകതയായ നിര്‍മിത ബുദ്ധിയും അതിനോടനുബന്ധിച്ചുള്ള മേഖലകളിലും വന്‍ സാധ്യതകളാണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം
അമേരിക്ക 45 ലക്ഷം, യു എ എ 35 ലക്ഷം, മലേഷ്യ 29 ലക്ഷം, സഊദി അറേബ്യ 26 ലക്ഷം, മ്യാന്‍മര്‍ 20 ലക്ഷം, കാനഡ 17.7 ലക്ഷം, ബ്രിട്ടന്‍ 17.5 ലക്ഷം, ശ്രീലങ്ക 16 ലക്ഷം, ദക്ഷിണാഫ്രിക്ക 15 ലക്ഷം, കുവൈത്ത് 11 ലക്ഷം, ഒമാന്‍ 7.79 ലക്ഷം, ഖത്വര്‍ 7.45 ലക്ഷം, ബഹ്‌റൈന്‍ 3.23 ലക്ഷം.

Latest